
മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം അമിതമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നതാണ്. മേൽപ്പാലങ്ങൾ ജംഗ്ഷനിലെ കുരുക്ക് ഒഴിവാക്കുമെങ്കിലും വേണ്ടത്ര ആലോചനയില്ലാതെ ചെയ്തിടത്തെല്ലാം മേൽപ്പാലം വന്നു ചേരുന്ന ഇടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇതുതന്നെ ഇരുവശത്തുനിന്നും റോഡുകൾ വന്ന് ചേരുന്നിടത്താണ് മേൽപ്പാലം അവസാനിക്കുന്നതെങ്കിൽ ജംഗ്ഷനിൽ ഒഴിവായ കുരുക്ക് ഇത്തരം സ്ഥലങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതിന് തുല്യമാകും. അതിനാൽ മേൽപ്പാലം തുടങ്ങുന്നിടവും അവസാനിക്കുന്ന പോയിന്റും ഏറെ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ നിശ്ചയിക്കാവൂ. ദേശീയപാതാ നിർമ്മാണം പൂർത്തിയായ തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിൽ തുടക്കത്തിലേ മേൽപ്പാലം വേണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പ്രാദേശികമായ താത്പര്യങ്ങൾക്ക് വഴങ്ങി അതൊഴിവാക്കുകയായിരുന്നു. അരമണിക്കൂറോളം വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്ന സ്ഥിതി വന്നപ്പോഴാണ് വീണ്ടും മേൽപ്പാലം നിർമ്മിക്കാൻ ആരംഭിച്ചത്.
വർഷങ്ങൾക്ക് മുൻപേ വരേണ്ടിയിരുന്ന പദ്ധതിയാണ് ഇനിയും ഈഞ്ചയ്ക്കലിൽ പൂർത്തിയാകാനുള്ളത്. ഇത്തരം ഒരു അനുഭവം മുന്നിലുള്ളപ്പോൾ പേരൂർക്കട മേൽപ്പാലത്തിന്റെ നീളം കൂട്ടണമെന്ന ആവശ്യത്തിന് ഏറെ പ്രസക്തിയാണുള്ളത്.
നിരത്തിൽ വാഹനങ്ങളുടെ എണ്ണം ഇത്രയധികം വർദ്ധിക്കുന്നതിന് മുമ്പു തന്നെ നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള ജംഗ്ഷനായിരുന്നു പേരൂർക്കട. കളക്ടറേറ്റ് കുടപ്പനക്കുന്നിലേക്ക് മാറ്റിയതോടെ ഈ ജംഗ്ഷനിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പല മടങ്ങായി വർദ്ധിക്കുകയുണ്ടായി. നെടുമങ്ങാട്, വട്ടിയൂർക്കാവ്, കവടിയാർ, കുടപ്പനക്കുന്ന് എന്നിവിടങ്ങളിൽ നിന്നുവരുന്ന നാല് റോഡുകളാണ് പേരൂർക്കട ജംഗ്ഷനിൽ സംഗമിക്കുന്നത്. മലയോര മേഖലയിൽ നിന്ന് നഗരത്തിൽ ജോലിക്കായും മറ്റും എത്തുന്ന നിർമ്മാണ തൊഴിലാളികളുടെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് രാവിലെയും വൈകിട്ടും ഇതിലേ കടന്നുപോകുന്നത്.
അതിനാൽ ഇവിടെ ഒരു മേൽപ്പാലം അനിവാര്യമായിരുന്നു. ഇപ്പോൾ രൂപകൽപ്പന ചെയ്ത മേൽപ്പാലം വഴയില സെന്റ് ജൂഡ് പള്ളിക്കു സമീപത്തു നിന്ന് തുടങ്ങി അമ്പലമുക്ക് ലൂഥറൻ ചർച്ചിന് സമീപം അവസാനിക്കുന്ന തരത്തിലാണ്. ഏതാണ്ട് പേരൂർക്കട ജംഗ്ഷന് സമാനമായ ഗതാഗതക്കുരുക്ക് ഇപ്പോൾ തന്നെ നിലവിലുള്ള ജംഗ്ഷനാണ് അമ്പലമുക്ക്. അതിനാൽ മേൽപ്പാലം അമ്പലമുക്ക് ജംഗ്ഷന് മുമ്പ് അവസാനിച്ചാൽ ഈ മേൽപ്പാലം കൊണ്ട് ഗുണത്തേക്കാളേറെ ദോഷമാവും ഉണ്ടാവുക. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസിലാക്കാവുന്ന കാര്യമാണിത്. അതിനാൽ മേൽപ്പാലം നീട്ടണമെന്ന വട്ടിയൂർക്കാവ് എം.എൽ.എയും മന്ത്രിയും കൂടിയായ കെ.മുരളീധരന്റെ നിർദ്ദേശം പേരൂർക്കട- അമ്പലമുക്ക്- കവടിയാർ പാതയിലെ ഗതാഗതക്കുരുക്കിന് ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം ഒരുക്കുന്നതാണ്.
മേൽപ്പാലം നീളം കൂട്ടി കവടിയാർ ആദായനികുതി ഓഫീസിന് മുന്നിൽ അവസാനിക്കുന്ന തരത്തിൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ്.
മേൽപ്പാലത്തിലൂടെ ഓടിയെത്തുന്ന വാഹനങ്ങൾ ഒരുമിച്ച് താഴേക്കെത്തുമ്പോൾ ഇരുവശങ്ങളിൽ നിന്നും മറ്റ് റോഡുകൾ വന്നുചേരാത്ത കവടിയാർ ആദായനികുതി ഓഫീസിന് മുന്നിൽ കുരുക്ക് ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. നിലവിൽ രൂപകൽപ്പന ചെയ്ത പാലത്തിന്റെ നീളം 874.70 മീറ്ററാണ്. 106.76 കോടിയാണ് നിർമ്മാണച്ചെലവ്. കവടിയാർ വരെ നീട്ടാൻ 700 മീറ്ററെങ്കിലും കൂടുതലായി നിർമ്മിക്കേണ്ടിവരും. ചെലവ് ഇരട്ടിയോളമാകുമെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാകും. അതിനാൽ മുഖ്യമന്ത്രിയും സർക്കാരും ഇക്കാര്യത്തിൽ അനുഭാവപൂർവമായ തീരുമാനം കൈക്കൊള്ളുമെന്നാണ് നഗരവാസികൾ പ്രതീക്ഷിക്കുന്നത്. കച്ചവടക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ അവരുമായി ചർച്ചകൾ നടത്തേണ്ടതും ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |