
ഉന്നത വിദ്യാഭ്യാസത്തിന് അതിയായ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കം കാരണം അതിനു കഴിയാത്ത വിദ്യാർത്ഥികൾ രാജ്യത്ത് അനേകമാണ്. വിവിധ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നൽകാറുണ്ടെങ്കിലും അവയുടെ ഉപാധികൾ പലർക്കും വിലങ്ങുതടിയാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം 'പി.എം വിദ്യാലക്ഷ്‌മി"എന്ന പേരിൽ, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായവുമായി എത്തുന്നത്. രണ്ടുദിവസം മുൻപ് കേന്ദ്ര മന്ത്രിസഭ അതിന് അംഗീകാരവും നൽകി. രാജ്യത്ത് മികവു പുലർത്തുന്ന 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ 'വിദ്യാലക്ഷ്‌മി" വായ്പാ പദ്ധതിയുടെ ഗുണം ലഭിക്കുക. പ്ളസ് ടുവിൽ നല്ല വിജയം നേടി വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്നവർക്ക് ഓൺലൈനായി വായ്പയ്ക്ക് അപേക്ഷിക്കാമെന്നതാണ് പദ്ധതിയുടെ മെച്ചം. ഒരൊറ്റ പോർട്ടൽ വഴി അപേക്ഷ നൽകാനും വായ്‌പ നേടാനും സാധിക്കും.
ഈടില്ലാത്തതും ആൾജാമ്യം വേണ്ടാത്തതുമായ വായ്‌പ 'വിദ്യാലക്ഷ്‌മി"യുടെ പ്രത്യേകതയാണ്. നിലവിൽ നാലുലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്‌പകൾക്ക് ഈടും ആൾജാമ്യവും വേണ്ടെന്നാണ് വയ്‌പെങ്കിലും പല ബാങ്കുകളും ഈടും മാതാപിതാക്കളുടെ ജാമ്യവും നിർബന്ധിക്കാറുണ്ട്. 'വിദ്യാലക്ഷ്‌മി"യുടെ ഏഴര ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് ഇതു രണ്ടും വേണ്ടെന്നാണു പറയുന്നത്. ഏഴര ലക്ഷം രൂപ വരെയുള്ള വായ്‌പകളുടെ 75 ശതമാനത്തിന് കേന്ദ്രം ഈടു നിൽക്കും. വായ്‌പയ്ക്കു ശേഷം പഠനം മുടങ്ങുകയോ തിരിച്ചടവ് മുടങ്ങുകയോ ചെയ്താൽ കുടിശിക തുക കേന്ദ്രം അടയ്ക്കും. ഇതിനായി 2031 വരെയുള്ള കാലയളവിലേക്ക് 3600 കോടി രൂപ നീക്കിവയ്ക്കുന്നുമുണ്ട്. പ്രവേശനം നേടുന്ന 22 ലക്ഷം കുട്ടികളിൽ ഒരുലക്ഷം പേർക്ക് പലിശയിൽ മൂന്നു ശതമാനം ഇളവ് അനുവദിക്കും. ദേശീയ വിദ്യാഭ്യാസ റാങ്കിംഗിലുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവർക്ക് മുൻഗണനയുമുണ്ട്.
നിലവിൽ ഇതിനായി നിശ്ചയിച്ചിട്ടുള്ള 860 സ്ഥാപനങ്ങളിൽ 657 എണ്ണവും സർക്കാർ മേഖലയിലുള്ളതാണ്. പോർട്ടലിൽ വ്യക്തിവിവരങ്ങളും യോഗ്യതാ പരീക്ഷയുടെ മാർക്കും നൽകുക എന്ന ലഘുവായ നടപടി കഴിഞ്ഞാൽ ഇഷ്ടമുള്ള ബാങ്കുകൾ വിദ്യാർത്ഥിക്കുതന്നെ തിരഞ്ഞെടുക്കാം. പലിശ നിരക്ക് വ്യത്യസ്തമായതിനാൽ കുറഞ്ഞ പലിശ ചുമത്തുന്ന ബാങ്കുകൾ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. വിദേശ വിദ്യാഭ്യാസത്തിനു പോകുന്ന കുട്ടികൾക്കും 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പദ്ധതി ഉപകാരപ്പെടും. ലഘുവായ നിബന്ധനകളിൽ പിന്നീട് മാറ്റമുണ്ടാകാതിരിക്കാൻ ബാങ്കുകൾക്കുമേൽ കേന്ദ്ര നിയന്ത്രണം അത്യാവശ്യമാണ്. ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പാ പദ്ധതിയുമായി ആദ്യം മുന്നോട്ടുവന്നപ്പോൾ നാലുലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് ഈടോ ജാമ്യമോ വേണ്ടെന്നാണ് പറഞ്ഞിരുന്നതെങ്കിലും, പിന്നീട് പല മാനദണ്ഡങ്ങളും വന്നു. വായ്‌പ നിഷേധിക്കപ്പെട്ട നിരാശയിൽ ആത്മഹത്യകൾ പോലുമുണ്ടായി.
വാഹന വായ്‌പാ പലിശ എട്ടും ഒൻപതും ശതമാനമാണെങ്കിലും വിദ്യാഭ്യാസ വായ്‌പയ്ക്ക് അതിലുമുയർന്ന പലിശയാണ് മിക്ക ബാങ്കുകളും ഈടാക്കുന്നത്. ഉയർന്ന തുക വായ്‌പയായി ലഭിക്കണമെങ്കിൽ കർക്കശമായ ഈടു വ്യവസ്ഥകളും പ്രാബല്യത്തിലുണ്ട്. 'വിദ്യാലക്ഷ്‌മി" കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകയാൽ വിദ്യാർത്ഥികൾക്കു സഹായകമായ വിധത്തിലായിരിക്കും നടത്തിപ്പെന്ന് ന്യായമായും പ്രതീക്ഷിക്കാം. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ പതിനായിരക്കണക്കിനു കുട്ടികൾ സാമ്പത്തിക ഞെരുക്കം കാരണം ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ചാൽപ്പോലും ചേരാനാകാതെ വിഷമിക്കുന്നുണ്ട്. അങ്ങനെയുള്ളവർക്കു മാത്രമല്ല, സമർത്ഥരായവർക്കെല്ലാം വലിയൊരു കൈത്താങ്ങാകും 'വിദ്യാലക്ഷ്‌മി" പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |