SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

ക്ഷേത്രങ്ങൾ സൗരോർജ്ജ പ്രഭയിൽ മുഴുകട്ടെ

temple

കേരളത്തെപ്പോലെ വൈദ്യുതിക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് സോളാർ വൈദ്യുതി എത്രമാത്രം പ്രയോജനപ്രദമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുള്ളതാണ്. പരമ്പരാഗത വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടവും ചെറുതല്ല. കാർബൺ മലിനീകരണത്തോത് കുറയ്ക്കുന്നതിൽ സൗരോർജ്ജം പ്രധാനപ്പെട്ടതാണ്. സൗരോർജ്ജ ഉത്‌പാദനച്ചെലവും താരതമ്യേന കുറവാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ഏതാനും വർഷങ്ങളായി പൂർണമായും സോളാർ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. അവിടെ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി വിമാനത്താവളത്തിന്റെ ആവശ്യം കഴിഞ്ഞ് പുറത്തേക്കും നൽകുന്നുണ്ട്. സോളാർ രംഗത്ത് കൈവരിച്ച അഭിമാനകരമായ നേട്ടം പരിഗണിച്ച് ഐക്യരാഷ്ട്ര സഭയിൽ നിന്നുവരെ പുരസ്കാരങ്ങളും കൊച്ചി വിമാനത്താവളത്തെ തേടിയെത്തിയിട്ടുണ്ട്.

ഇപ്പോൾ ഇതു പറയാൻ കാരണം,​ ശബരിമലയിലെ വൈദ്യുതി ആവശ്യങ്ങൾ നേരിടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊച്ചി വിമാനത്താവളത്തിന്റെ സാങ്കേതിക സഹകരണത്തോടെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മറ്റും സോളാർ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നതായ വാർത്ത ശ്രദ്ധയിൽപ്പെട്ടതാണ്. ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും വൈദ്യുതി ലഭ്യമാക്കുന്നതിന് ഒരുവർഷം ദേവസ്വം ബോർഡ് ചെലവിടുന്നത് പതിനഞ്ചു കോടി രൂപയാണ്. ഓരോ വർഷവും ചെലവ് കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇനി ശബരിമല മാസ്റ്റർ പ്ളാൻ കൂടി നടപ്പാക്കുന്നതോടെ വൈദ്യുതി ആവശ്യം വളരെയധികം വർദ്ധിക്കുന്നതിനൊപ്പം ചെലവും കൂടുന്നതാണ്. വൈദ്യുതി ബോർഡിനെ ആശ്രയിക്കാതെ സോളാർ വൈദ്യുതിയിലേക്കു മാറിയാൽ ബോർഡിന് വൻ തുക ലാഭിക്കാം. മുടക്കു മുതലിന് വക കണ്ടെത്തണമെന്നേയുള്ളൂ. ആവർത്തനച്ചെലവ് ഒഴിവായിക്കിട്ടും.

ശബരിമലയ്ക്കു പുറമെ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന മറ്റ് 26 പ്രധാന ക്ഷേത്രങ്ങളിൽക്കൂടി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്. ആദ്യപടിയായി സന്നിധാനത്തും പമ്പയിലും മറ്റുമാണ് പ്ളാന്റ് സ്ഥാപിക്കുക. ഇതിനായുള്ള പ്രാരംഭ ചർച്ചകൾ 'സിയാൽ" അധികൃതരും ദേവസ്വം ബോർഡ് പ്രതിനിധികളും തമ്മിൽ നടന്നുകഴിഞ്ഞു. വിശദമായ പദ്ധതി രേഖ താമസിയാതെ 'സിയാൽ" ദേവസ്വം ബോർഡിനു കൈമാറും. റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാലുടൻ അനന്തര നടപടികളിലേക്കു കടക്കാനാവും. സോളാർ പ്ളാന്റ് പദ്ധതി നടപ്പാക്കാൻ ദേവസ്വം ബോർഡിന് ബാങ്ക് സഹായവും ലഭിക്കും. സന്നിധാനത്തെ വിശാലമായ നടപ്പന്തൽ, അന്നദാനമണ്ഡപം തുടങ്ങിയ വലിയ നിർമ്മിതികൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ സൗകര്യമുണ്ട്. തടസമില്ലാതെ സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങൾ വേറെയുമുണ്ട്. അതുപോലെ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും സൗരോർജ്ജ പാനലുകൾ യഥേഷ്ടം സ്ഥാപിക്കാനാകും.

പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന മറ്റ് വലിയ ക്ഷേത്രങ്ങളിലും ഇതിനാവശ്യമായ ധാരാളം സ്ഥലങ്ങളുണ്ട്. സോളാർ പ്ളാന്റുകൾ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ പരിപാലനം ഒട്ടും വീഴ്ചവരാതെ നടത്തിക്കൊണ്ടുപോകാനും കഴിയണം. എങ്കിൽ മാത്രമേ പദ്ധതി വിജയിപ്പിക്കാനാവൂ. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സൗരോർജ്ജത്തെ പരമാവധി ആശ്രയിക്കാനുള്ള പദ്ധതികളാണ് ഇന്ന് ആവശ്യം. നിലവിൽ ഒട്ടധികം സ്ഥാപനങ്ങൾ സൗരോർജ്ജത്തെ ആശ്രയിക്കുന്നുണ്ട്. നിരവധി കോളേജുകളും ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ഓഫീസുകൾ മാത്രമേ മടിച്ചുനിൽക്കുന്നുള്ളൂ. അവർ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ബില്ലടയ്ക്കുന്നത് സർക്കാർ ആകയാൽ ആരും അതേപ്പറ്റി ചിന്തിക്കാറുമില്ല. സോളാറിലേക്കുള്ള ദേവസ്വം ബോർഡിന്റെ മാറ്റം സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോർഡുകളും വലിയ ക്ഷേത്രങ്ങളും മാതൃകയാക്കിയാൽ വൈദ്യുതി രംഗത്ത് വിപ്ളവം തന്നെ കുറിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOLAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY