
ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ സ്‌കൂൾ പഠനകാലത്തിനും അദ്ധ്യാപകരുടെ സ്വാധീനത്തിനും അതിപ്രധാന പങ്കാണുള്ളത്. നമ്മുടെ സ്‌കൂൾ കുട്ടികളിൽ ഇപ്പോൾ അനഭിലഷണീയമായ പല പ്രവണതകളും വളർന്നുവരുന്നുണ്ട്. അതിന്റെ അർത്ഥം എല്ലാ സ്‌കൂൾ വിദ്യാർത്ഥികളും തെറ്റായ വഴിയിൽ സഞ്ചരിക്കുന്നു എന്നല്ല. ഭൂരിപക്ഷം സ്‌കൂൾ കുട്ടികളും നല്ല നിലയിൽത്തന്നെ പഠിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണ്. ലഹരി ഉപയോഗവും അക്രമത്തിനുള്ള പ്രവണതയും പുലർത്തുന്നത് ഒരു ചെറിയ ന്യൂനപക്ഷമാണ്. പക്ഷേ ഇത് മൊത്തത്തിൽ സ്‌കൂൾ കുട്ടികൾക്ക് ചീത്തപ്പേര് സൃഷ്ടിക്കാൻ ഇടയാക്കും. ഒറ്റപ്പെട്ട സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൻതോതിൽ പ്രചരിപ്പിക്കുന്ന് ശരിയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ചില കുട്ടികൾ സ്‌കൂളിലും മറ്റും അസ്വാഭാവികമായി പെരുമാറുന്നതിന് വീട്ടിലെ സാഹചര്യത്തിന് വലിയ സ്വാധീനമുണ്ട്. മാതാപിതാക്കളുടെ ജീവിതാവസ്ഥ കുട്ടിയുടെ പെരുമാറ്റത്തെ വലിയ അളവിൽ സ്വാധീനിക്കാം. ഇങ്ങനെ അസ്വാഭാവികമായി പെരുമാറുന്നതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മനഃശാസ്ത്രപരവും മാനുഷികവുമായ ഒരു സമീപനം അദ്ധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതാണ്. അതിനുള്ള പരിശീലനം അദ്ധ്യാപകർക്കും നൽകേണ്ടതാണ്. മൊബൈൽ ഫോൺ കൊണ്ടുവരാൻ സ്‌കൂൾ അധികൃതർ അനുവദിക്കാത്തത് തെറ്റാണെന്ന് പറയാനാവില്ല. ഇനി അഥവാ, ഒരു കുട്ടി കൊണ്ടുവന്നാൽ അത് പിടിച്ചുവച്ചതിനുശേഷം സ്‌കൂൾ സമയം കഴിഞ്ഞ്, ഇനി ആവർത്തിക്കരുതെന്ന താക്കീത് നൽകി തിരിച്ചുനൽകുന്നതാണ് ഉത്തമം. അതൊരു വലിയ കുറ്റകൃത്യമായി പെരുപ്പിച്ചുകാട്ടി കുട്ടിയെ ക്രൂശിക്കാനും കുറ്റവാളിയായി മുദ്രകുത്താനും ശ്രമിക്കുന്നത് ശരിയായ രീതിയല്ല.
വിക്‌ടർ യൂഗോയുടെ 'പാവങ്ങൾ" എന്ന നോവലിൽ ജീൻവാൽജീൻ എന്ന മോഷ്ടാവ്, വൈദികന്റെ അരമനയിൽ കയറി വെള്ളിക്കിണ്ണങ്ങളും മറ്റും മോഷ്ടിക്കുന്നതും, പിന്നീട് പൊലീസുകാർ കള്ളനെ തൊണ്ടിമുതലുമായി ഹാജരാക്കുമ്പോൾ അതവൻ മോഷ്ടിച്ചതല്ല; താൻ സ്വമേധയാ നൽകിയതാണ് എന്ന 'നുണ" പറഞ്ഞ് കള്ളനെ രക്ഷിക്കുന്നതുമായ സംഭവം ചിത്രീകരിച്ചിട്ടുണ്ട്. വൈദികൻ കള്ളം പറഞ്ഞത് ശരിയോ തെറ്റോ എന്നല്ല ചിന്തിക്കേണ്ടത്. ഒരാളെ കുറ്റവാളിയാക്കാൻ എളുപ്പമാണ്. എന്നാൽ മാനസാന്തരത്തിലൂടെ അയാളെ ഒരു പുതിയ മനുഷ്യനാക്കി മാറ്റാൻ ഒരു 'കള്ളം" അവസരമൊരുക്കുമെങ്കിൽ അതാണ് സ്വീകരിക്കേണ്ടത്. ക്ളാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന വിദ്യാർത്ഥിയിൽ നിന്ന് അതു പിടിച്ചുവാങ്ങി വച്ചതിനാണ് പാലക്കാട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ കയറി വിദ്യാർത്ഥി അദ്ധ്യാപകനെ പറയാൻ പാടില്ലാത്ത രീതിയിൽ ഭീഷണിപ്പെടുത്തിയത്. ഇത് ചിത്രീകരിച്ച് സമൂഹത്തിൽ മൊത്തം പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ല. ഇത്തരം പ്രശ്നങ്ങൾ അതത് സ്‌കൂളിന്റെ നാലു ചുവരുകൾക്കുള്ളിൽ തീർക്കേണ്ടതാണ്. വീഴ്ച തിരിച്ചറിഞ്ഞ് വിദ്യാർത്ഥി മാപ്പ് ചോദിച്ചിരിക്കെ, ഈ പ്രശ്നം അവസാനിപ്പിക്കുകയാണ് വേണ്ടത്.
കുട്ടികൾക്കിടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗം എന്ന വലിയ വിപത്തിലേക്ക് വിരൽചൂണ്ടുന്നതു കൂടിയാണ് ഈ സംഭവം. ഒരു നിശ്ചിത സമയത്തിൽ കൂടുതൽ നേരം മൊബൈൽ ഉപയോഗിക്കുന്നത് മാതാപിതാക്കളായാലും കുട്ടികളായാലും അദ്ധ്യാപകരായാലും ശരിയല്ല. ഇളംപ്രായത്തിലുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനും കളികൾ കാണാനും മറ്റുമായി കൊടുക്കുന്നത് ബ്രെയിൻ ട്യൂമർ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമായി മാറുന്നുവെന്ന് ശ്രീചിത്രയിലെ ഒരു ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട്, രാഷ്ട്രീയ നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ നടത്തിയ ഒരു ഉദ്‌ബോധനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുട്ടികളോട് മൊബൈൽ ഉപയോഗിക്കരുതെന്ന് പറയുന്ന മാതാപിതാക്കൾ, അവരുടെ മുന്നിൽ വച്ച് സദാസമയവും ഇതും നോക്കിയിരിക്കുന്നതും ശരിയല്ല. അവനവനിലേക്കല്ല, മറ്റുള്ളവരിലേക്കാണ് യുട്യൂബിലും മറ്റും എല്ലാവരും നോക്കുന്നത്. ഇത് ഒരു പരിധി വിടുന്നത് കുട്ടികൾക്കു മാത്രമല്ല, എല്ലാവർക്കും ദോഷകരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |