SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

കുംഭമേളയ്ക്ക് കരിനിഴൽ പടർത്തിയ ദുരന്തം

READ ENGLISH VERSION
kumbamela

നാല്പതുകോടി ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേർക്ക് ജീവഹാനി സംഭവിച്ചെന്നാണ് യു.പി സർക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്. അറുപതിലേറെപേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും യഥാർത്ഥ കണക്കാണോ ഇതെന്നു വ്യക്തമല്ല. ഇത്തരം ദുരന്തങ്ങളിൽ മൃത്യുവിനിരയാകുന്നവരുടെ കൃത്യമായ കണക്ക് വ്യക്തമാകാൻ ഏറെ സമയമെടുക്കുമെന്നതാണ് അനുഭവം. 140 വർഷം കൂടുമ്പോൾ നടക്കുന്ന മഹാകുംഭമേളയെ ലോകത്തെ ഏറ്റവും വലിയ തീർത്ഥാടന സംഗമമായി മാറ്റാനുള്ള യു.പി സർക്കാരിന്റെ ശ്രമത്തിന് അപ്രതീക്ഷിത ദുരന്തത്തോടെ കരിനിഴൽ വീണിരിക്കുകയാണ്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിൽ കലാശിച്ചതെന്ന വിമർശനത്തിൽ ഏറെ കഴമ്പുണ്ട്.

മൗനി അമാവാസി,​ പുണ്യസ്‌നാനത്തിന് ഏറ്റവും നല്ല നാളായാണ് ഹിന്ദുമത വിശ്വാസികൾ കരുതുന്നത്. അതുകൊണ്ടുതന്നെ പത്തുകോടിയോളം പേർ പ്രയാഗ് രാജിൽ തിങ്ങിനിറഞ്ഞിരുന്നുവെന്നാണ് വാർത്തകൾ. ഭക്തരുടെ ഈ കണക്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവരുണ്ടെങ്കിലും ദുരന്തം സംഭവിക്കുന്നതിനു മുൻപ് ആറുകോടിയിൽപ്പരം പേർ പുണ്യസ്നാനം നടത്തിക്കഴിഞ്ഞിരുന്നുവെന്ന റിപ്പോർട്ടുകൾ അവിശ്വസിക്കേണ്ടതില്ല. കൂട്ടമരണത്തെത്തുടർന്ന് സ്നാനം താൽക്കാലികമായി നിറുത്തിവച്ചപ്പോഴും ഊഴംകാത്ത് ഭക്തലക്ഷങ്ങൾ നില്പുണ്ടായിരുന്നു. മൂന്ന് സന്യാസി സമൂഹങ്ങളിൽപ്പെട്ടവർ ബ്രാഹ്മമുഹൂർത്തത്തിൽ പുണ്യസ്നാനത്തിന് ഒരുങ്ങവെ തീരത്ത് കാത്തുനിന്ന സാധാരണ ഭക്തരുടെ തള്ളിക്കയറ്റത്തിൽ ബാരിക്കേഡുകൾ തകർന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിവരം.

ദുരന്തത്തിന് ഇരയായവരിൽ ഏറെയും സ്ത്രീകളായിരുന്നു. ഇതുപോലുള്ള സന്ദർഭങ്ങളിൽ സ്ത്രീകളാണല്ലോ എളുപ്പം ദുരന്തത്തിൽ പെട്ടുപോകുന്നത്. കുംഭമേളയ്ക്കിടെ ഉണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ മൂന്നംഗ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. സുരക്ഷാവീഴ്ചകളുടെ പേരിൽ ആദിത്യനാഥ് സർക്കാർ ഇപ്പോൾ പ്രതിക്കൂട്ടിലാണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം വിഷയത്തിൽ യു.പി സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. ലോക റെക്കാഡ് സ്ഥാപിക്കാനുള്ള ശ്രമത്തിൽ സർക്കാർ സുരക്ഷാമാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തുകയാണ് ചെയ്തതെന്ന് അവർ ആരോപിക്കുന്നു. എന്നാൽ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇതുപോലുള്ള തീർത്ഥാടക സംഗമങ്ങളിൽ അനേകംപേരുടെ ജീവനെടുത്ത വലിയ ദുരന്തങ്ങൾ ധാരാളം നടന്നിട്ടുള്ളതായി കാണാം. കുംഭമേളയിൽത്തന്നെ നൂറ്റാണ്ടിനു മുൻപ് എണ്ണൂറിലധികംപേർ തിരക്കിൽപ്പെട്ട് മരണമടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും ആയിരക്കണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്ത് 2011- ൽ ശബരിമല പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാൻ തടിച്ചുകൂടിയവർക്കിടയിലുണ്ടായ തിരക്കിൽ 104 പേർക്കാണ് മരണം സംഭവിച്ചത്. ഭക്തരുടെ വൻ സംഗമങ്ങൾ ഉണ്ടാകുന്നിടത്തെല്ലാം പഴുതടച്ച സുരക്ഷാസന്നാഹങ്ങളുടെ ആവശ്യമാണ് ഇത്തരം ദുരന്തങ്ങൾ ഓർമ്മിപ്പിക്കുന്നത്. മഹാകുംഭമേള മഹാ സംഭവമാക്കാൻ അഹോരാത്രം പാടുപെടുന്ന യു.പി സർക്കാരും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരും ചൊവ്വാഴ്ചവരെ കാര്യങ്ങൾ അതീവ കാര്യക്ഷമതയോടെ കൊണ്ടുപോയതാണ്. കുംഭമേള കലക്കാൻ വിദ്ധ്വംസക ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇതിനിടയിൽ കിംവദന്തികൾ പരന്നതാണ്. ഏതായാലും കുംഭമേളയ്ക്ക് കരിനിഴൽ വീഴ്ത്തി മൗനി അമാവാസി പുണ്യദിനത്തിൽത്തന്നെ ദുരന്തമുണ്ടാവുകയും ചെയ്തു. എന്താണ് അന്ന് പ്രയാഗ് രാജിലെ തീർത്ഥഘട്ടത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്നറിയാൻ ജുഡിഷ്യൽ കമ്മിഷന്റെ അന്വേഷണം പൂർത്തിയാകുംവരെ കാത്തിരിക്കണം. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന് നൽകിയിട്ടുള്ള നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUMBAMELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION