SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

വോട്ട് ചെയ്യുന്നവരെ അപഹാസ്യരാക്കരുത്

vote

രാജീവ്‌ഗാന്ധി സർക്കാർ 1985-ലാണ് കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നത്. 2003-ൽ ഭേദഗതി ചെയ്ത് നിയമം കൂടുതൽ ശക്തിപ്പെടുത്തിയെങ്കിലും,​ അതൊന്നും ജനപ്രതിനിധികൾ കൂറുമാറുന്നതിന് ഇപ്പോഴും തടസമായിട്ടില്ല.

ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചയാൾ തന്റെ പാർട്ടിയുടെ വിപ്പ് ലംഘിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യുന്നതിൽ നിന്ന് അയാളെ വിലക്കുന്ന നിയമമാണ് കൂറുമാറ്റ നിരോധന നിയമം. എന്നാൽ 2004-ലെ കോടതി വിധി പ്രകാരം ഒരു പാർട്ടി പിളർന്നാൽ മൂന്നിൽ രണ്ട് സഭാംഗങ്ങൾ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ മറ്റൊരു പാർട്ടിയുമായി ചേർന്ന് മൂന്നാമതൊരു പാർട്ടി ഉണ്ടാക്കുകയോ ചെയ്‌താൽ കൂറുമാറ്റ നിയമം ബാധകമല്ല. നിയമത്തിലെ ഈ പഴുത് ഉപയോഗിച്ച് പാർട്ടി പിളർത്തി ഭൂരിപക്ഷം അംഗങ്ങളെ കൂടെനിറുത്തി ഭരണം നിലനിറുത്തിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

പണത്തിന്റെയും മറ്റ് പ്രലോഭനങ്ങളുടെയും പേരിലാണ് പലപ്പോഴും കൂറുമാറ്റങ്ങൾ സംഭവിക്കുന്നത്. ചില ജനപ്രതിനിധികൾ കൂറുമാറുന്നത് തടയുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളെ മുഴുവൻ വൻ സുരക്ഷയിൽ റിസോർട്ടിലും മറ്റും താമസിപ്പിച്ച് ഭൂരിപക്ഷം തെളിയിക്കേണ്ട ദിവസം സഭയിൽ കൊണ്ടുവന്ന സന്ദർഭങ്ങളും നിരവധിയാണ്. കൂറുമാറ്റ നിയമം അനുസരിച്ച് ലോക്‌സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് ലോക്‌സഭാ സ്പീക്കറും,​ രാജ്യസഭാ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് രാജ്യസഭാ ചെയർമാനും,​ നിയമസഭാംഗങ്ങളുടെ അയോഗ്യതയിൽ നിയമസഭാ സ്പീക്കറുമാണ് തീരുമാനം കൈക്കൊള്ളുന്നത്. തീരുമാനം എത്ര ദിവസത്തിനകം എടുക്കണം എന്നതിൽ വ്യക്തതയില്ലാത്തതിനാൽ കൂറുമാറ്റം ഭരണകക്ഷിക്ക് അനുകൂലമാണെങ്കിൽ സ്പീക്കർക്ക് സഭാ കാലാവധി തീരുന്നതുവരെ വേണമെങ്കിലും തീരുമാനം നീട്ടിക്കൊണ്ടുപോകാം!

എന്നാൽ,​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കാര്യത്തിൽ കൂറുമാറ്റം നടത്തുന്നവർക്ക് അയോഗ്യത കൽപ്പിക്കാനുള്ള അധികാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പരാതി പരിശോധിച്ചതിനു ശേഷമാണ് കമ്മിഷൻ അയോഗ്യത സംബന്ധിച്ച് തെളിവെടുപ്പിനു ശേഷം തീരുമാനമെടുക്കുന്നത്. കൂറുമാറിയതിന്റെ പേരിൽ സ്ഥാനം നഷ്ടപ്പെടുന്ന അംഗത്തിന് വീണ്ടും മത്സരിക്കുന്നതിന് വിലക്കും വരാം. കൂറുമാറ്റ നിരോധന നിയമത്തിന്റെ കുരുക്കുകളിൽ നിന്നും,​ വീണ്ടും മത്സരിക്കാനുള്ള വിലക്കിൽ നിന്നും രക്ഷപ്പെടുന്നതിനായി നിയമസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെടുത്തുന്നതിനായി ചില കക്ഷികളുടെ അംഗങ്ങളെ കൂട്ടത്തോടെ രാജിവയ്പിക്കുന്ന തന്ത്രങ്ങളും പല പ്രമുഖ കക്ഷികളും പയറ്റിയിട്ടുണ്ട്. പാർട്ടി വിപ്പിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കും കൂറുമാറുന്നവർക്കും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയാൽ കൂറുമാറ്റം തൊണ്ണൂറ്റിഒൻപത് ശതമാനവും തടയാനാകും.

എന്നാൽ,​ ധാർമ്മികമായി നോക്കുമ്പോൾ എന്തിന്റെ പേരിലായാലും ഒരു പാർട്ടിയുടെ ലേബലിൽ നിന്ന് ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചതിനുശേഷം ആഭിമുഖ്യം മാറുന്നത് ആ പാർട്ടിയെ മാത്രമല്ല,​ അവർക്ക് വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും വഞ്ചിക്കുന്നതിനു തുല്യമാണ്. അതിനാലാവും, അങ്ങനെ കൂറുമാറണമെന്ന് തോന്നുന്ന ജനപ്രതിനിധികൾ രാജിവച്ച് ജനവിധി തേടുന്നതാണ് നല്ലതെന്നും അതാണ് ജനാധിപത്യ മര്യാദയെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. മറിച്ചുള്ള നടപടി ജനങ്ങളെ അപഹസിക്കുന്നതിനു തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതികളായ യു.ഡി.എഫ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സുപ്രധാന നിരീക്ഷണം. ജനാധിപത്യ മൂല്യങ്ങളെ പിന്തുണയ്ക്കുന്ന നടപടിയാണ് ജനങ്ങളിൽ നിന്ന് വേണ്ടതെന്നും,​ അതിനു വിരുദ്ധമായി പെരുമാറുന്നവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ പുറത്തേക്കുള്ള വഴി കാട്ടിയോ അവരെ പിന്തുണച്ചോ ജനങ്ങൾക്ക് മറുപടി നൽകാമെന്നുമാണ് കോടതി പറഞ്ഞത്. വളരെ സാരവത്തായ നിരീക്ഷണമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEFECT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION