
നിയമം ദുർവ്യാഖ്യാനം ചെയ്ത് സാധുക്കളെ പരമാവധി ദ്രോഹിക്കാൻ സർക്കാർ സംവിധാനങ്ങൾ കാണിക്കുന്ന വിരുത് പണ്ടേ കുപ്രസിദ്ധമാണ്. അത്തരത്തിലുള്ള ഏറ്റവും നീചമായ ഒരു നടപടി, കാസർകോട്ടെ സാധാരണക്കാരനായ ഒരു ജെ.സി.ബി ഉടമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു പള്ളി കബർസ്ഥാനിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ജെ.സി.ബി ഉടമയ്ക്കു നേരിടേണ്ടിവന്ന തിക്താനുഭവം ഒരുപക്ഷേ ആരും കേട്ടിട്ടുപോലുമില്ലാത്തതാകാം. അതിന്റെ രത്നച്ചുരുക്കം ഇതാണ്. ഗണേഷ്‌മുക്കിലെ നസ്രത്തുൽ ഇസ്ളാം ജമാഅത്ത് പള്ളിവക കബർസ്ഥാനിലെ മണ്ണ് നീക്കം ചെയ്യാൻ വേണ്ടിയാണ് തങ്കരാജിന്റെ ജെ.സി.ബി ഏർപ്പാടാക്കിയത്. 2023 ജൂണിലായിരുന്നു ഇത്. മണ്ണു നീക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസും കൃഷി ഉദ്യോഗസ്ഥരും ജെ.സി.ബി പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിലാക്കി. വാഹനം വിട്ടുകിട്ടാൻ 12 ലക്ഷം രൂപ പിഴയും ചുമത്തി!
പിഴയടയ്ക്കാൻ നിർവാഹമില്ലാതായതോടെ വാഹനം സ്റ്റേഷൻ വളപ്പിൽ തുരുമ്പെടുത്തു കിടന്നു. വാഹന ഉടമ എം.എൽ.എയെയും കൂട്ടി റവന്യു അധികൃതരെ കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും പിഴ 45 ലക്ഷം രൂപയായി വർദ്ധിപ്പിച്ചുകൊണ്ടുള്ള നോട്ടീസാണ് ലഭിച്ചത്. മുപ്പതുലക്ഷത്തോളം രൂപ വിലവരുന്ന ജെ.സി.ബി വിട്ടുകിട്ടാൻ 45 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന ഉത്തരവ് എങ്ങനെ പാലിക്കുമെന്നറിയാതെ, കളക്ടർ ഉൾപ്പെടെ പലർക്കും സങ്കടഹർജി നൽകി കാത്തിരിക്കുകയാണ് വാഹന ഉടമ. ഇതിനിടെ മണ്ണുമാറ്റാൻ ചുമതലപ്പെടുത്തിയ പള്ളിക്കാർ ഇടപാടിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ചാണ് അനധികൃത മണ്ണുമാറ്റൽ കുറ്റം ചുമത്തി തങ്കരാജിന്റെ ഉപജീവനമാർഗം കൊട്ടിയടച്ചത്. ഭാര്യയും ഇരട്ട പെൺകുട്ടികളുമടങ്ങുന്ന തങ്കരാജിന്റെ കുടുംബം ജീവിക്കാൻ മറ്റൊരു വഴിയും കാണാതെ കണ്ണും കാതുമില്ലാത്ത നിയമത്തെ ഓർത്ത് ഉഴലുകയാണിപ്പോൾ.
പള്ളിക്കാർ വിളിച്ചേല്പിച്ച ഒരു പ്രവൃത്തി ചെയ്തതിന്റെ പേരിൽ തന്റെ ജീവിതമാർഗം തട്ടിത്തെറിപ്പിച്ച റവന്യു അധികാരികളുടെ ക്രൂരത തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ തങ്കരാജിന് മനസിലാവുന്നില്ല. ബന്ധുക്കളോ പിടിപാടുള്ള ആളുകളോ ഇല്ലാത്ത ഒരു സാധാരണക്കാരനോട് കാണിക്കാൻ പാടില്ലാത്ത നിഷേധാത്മക സമീപനമാണ് ഇവിടെ ദൃശ്യമാകുന്നത്. പ്രശ്നത്തിന് പരിഹാരം കാണേണ്ട ഉന്നത ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകകൂടി ചെയ്യുമ്പോൾ സാധരണക്കാരന് നീതി ഇനി എവിടെ നിന്നാണ് ലഭിക്കുന്നത്? പാവങ്ങൾക്കു വേണ്ടിയുള്ള സർക്കാരാണെന്ന് ആണയിടുമ്പോൾത്തന്നെ അവരെ കഷ്ടപ്പെടുത്താൻ കിട്ടുന്ന ഒരവസരവും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കൾ പാഴാക്കാറില്ലെന്നതിന് ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. മണ്ണുനീക്കൽ പ്രവൃത്തി ഏറ്റെടുത്ത ആൾ മാത്രമാണ് ജെ.സി.ബി ഉടമ. മണ്ണ് സ്ഥലത്തുനിന്ന് കൊണ്ടുപോവുകയോ മറ്റു നിയമലംഘനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. സ്ഥലത്തിന്റെ ഉടമകൾ പള്ളിക്കാർ മാത്രമാണുതാനും. പിന്നെ, ജെ.സി.ബി ഉടമ മാത്രം 'പ്രതി"യാവുന്നതെങ്ങനെയാണ്?
റവന്യുവിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ സ്ഥലത്തുചെന്ന് കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ചിരുന്നുവെങ്കിൽ ജെ.സി.ബിക്ക് 45 ലക്ഷം രൂപ പിഴ എന്ന കേട്ടുകേഴ്‌വിയില്ലാത്ത ശിക്ഷ അടിച്ചേല്പിക്കുകയില്ലായിരുന്നു. പ്രശ്നത്തിൽ മനുഷ്യത്വപരമായ തീരുമാനം എടുക്കേണ്ടത് ഇനി റവന്യു മന്ത്രിയാണ്. ജെ.സി.ബിയെക്കാൾ വലിയ പിഴ ചുമത്തി കേമന്മാരായ ഉദ്യോഗസ്ഥന്മാരുടെ കന്നന്തിരിവ് തിരുത്താൻ മന്ത്രിക്കു കഴിയുമെന്നാണ് വിശ്വാസം. ഭൂസംരക്ഷണ നിയമം മറികടന്ന് സംസ്ഥാനത്തൊട്ടാകെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി ഇതിനകം തരം മാറ്റിയെടുത്തിട്ടുണ്ട്. അത് ഒരു ഭാഗത്തു നടക്കുമ്പോൾ ഒരു കബർസ്ഥാനിലെ മണ്ണു മാറ്റിയിടാനുള്ള കരാർ പ്രകാരമുള്ള ജോലി ചെയ്തതിന്റെ പേരിൽ ജെ.സി.ബി ഉടമയ്ക്ക് താങ്ങാനാവാത്ത പിഴ അടിച്ചേല്പിച്ച് ശിക്ഷിച്ചത് അന്തക്കരണമില്ലാത്ത പ്രവൃത്തിയായിപ്പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |