SignIn
Kerala Kaumudi Online
Thursday, 22 October 2026 4.46 PM IST

അതിവേഗമാകട്ടെ പുനരധിവാസം

READ ENGLISH VERSION
wayanad

സംസ്ഥാനത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടലുകൾ നടന്നിട്ട് അഞ്ചുമാസമാകുന്നു. ദുരന്തത്തിൽ താമസസ്ഥലം ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസം വലിയ വെല്ലുവിളിയായി ഇപ്പോഴും ശേഷിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ വാരം സർക്കാർ പ്രസിദ്ധീകരിച്ച പുനരധിവാസ പട്ടികയ്ക്കെതിരെ ദുരിതബാധിതരിൽ നിന്ന് വ്യാപകമായ പ്രതിഷേധവും എതിർപ്പും ക്ഷണിച്ചുവരുത്തുകയും ചെയ്തു. പട്ടികയിൽ അനർഹർ ധാരാളമായി കടന്നുകൂടിയപ്പോൾ അർഹരായ പലരും പുറത്തായ സ്ഥിതിയാണ്. കഷ്ടിച്ച് അഞ്ഞൂറോളം വരുന്ന ദുരന്തബാധിതരിൽ നിന്ന് യഥാർത്ഥ അർഹരുടെ പട്ടിക തയ്യാറാക്കാൻ ഒരു വിഷമവുമില്ലെന്നിരിക്കെ കരടു പട്ടിക അമ്പേ 'കരടു" നിറഞ്ഞതായത് അതു തയ്യാറാക്കിയവരുടെ അനവധാനതയോ ഒന്നും കൃത്യമായി ചെയ്യുകയില്ലെന്ന പിടിവാശിയോ കാരണമാകാം. ഏതായാലും കരടു പട്ടിക പുന:പരിശോധിച്ച് മാറ്റം വരുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പുനരധിവാസത്തിന് അർഹതയുള്ള ഒരാളെയും മാറ്റിനിറുത്തുകയില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം ഉറപ്പുനൽകിയിട്ടുണ്ട്. ആ ഉറപ്പ് പൂർണമായും പാലിക്കപ്പെടുമെന്നു വിശ്വസിക്കാം. പുനരധിവാസത്തിന് അർഹരായവരുടെ വിവാദ പട്ടികയ്ക്കെതിരെ കടുത്ത പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് പുനരധിവാസ പാക്കേജ് ചർച്ച ചെയ്തത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് എസ്റ്റേറ്റുകളാണ് കണ്ടുവച്ചിട്ടുള്ളത്. രണ്ടിടത്തും എല്ലാ സൗകര്യങ്ങളോടും കൂടി ആധുനിക ടൗൺഷിപ്പുകൾ ഒരുക്കാനാണ് പദ്ധതി. അഞ്ചു മുതൽ പത്തു സെന്റ് വരെയുള്ള ഭൂമിയിൽ ആയിരം ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകളാവും നിർമ്മിക്കുക. ഒറ്റനില വീട് താമസക്കാർക്ക് പിന്നീട് രണ്ടുനിലയാക്കാം.

കല്പറ്റയിലും നെടുമ്പാലയിലുമുള്ള എസ്റ്റേറ്റുകളാണ് ടൗൺഷിപ്പിനായി സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. തോട്ടം ഉടമകൾ ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളതിനാൽ ദുരന്ത നിവാരണ നിയമം ഉപയോഗപ്പെടുത്തി ഹർജി വേഗത്തിൽ തീർപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എത്രയും വേഗത്തിൽ ഭൂമി പ്രശ്നത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. ദുരന്തബാധിതർക്ക് വീടുകൾ സൗജന്യമായി നിർമ്മിച്ചു നൽകാൻ മുപ്പത്തെട്ടോളം സംഘടനകൾ നേരത്തേ തന്നെ മുന്നോട്ടുവന്നിരുന്നു. ഇവരെ സർക്കാർ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് കാര്യങ്ങൾ ചർച്ചചെയ്യും. ഭൂമി വിട്ടുകൊടുത്താൽ വേഗത്തിൽ വീടുനിർമ്മാണം പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകുന്നവർക്കാകും ആദ്യ പരിഗണന. നിർമ്മാണം ഏറ്റെടുക്കാൻ താത്‌പര്യമില്ലാത്തവർ അതിനു വേണ്ടുന്ന പണം നൽകിയാലും മതിയാകും. വരുന്ന വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പുനരധിവാസം സംബന്ധിച്ച പദ്ധതിക്ക് അന്തിമ രൂപം നൽകാനാകുമെന്നാണ് പ്രതീക്ഷ.

പുനരധിവാസ പദ്ധതി ഇപ്പോൾത്തന്നെ ഒരുപാടു വൈകി. ഇനിയും അത് നീട്ടിക്കൊണ്ടുപോകുന്നത് ദുരന്തബാധിതരോടുള്ള വലിയ അനീതിയാകും. സർക്കാർ മനസു വച്ചിരുന്നെങ്കിൽ വളരെ നേരത്തേ തന്നെ പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങാനാകുമായിരുന്നു. കേസും വഴക്കുമൊക്കെ തീർന്ന് ആവശ്യമായ ഭൂമി ലഭിച്ചിട്ടുവേണം എല്ലാം തുടങ്ങാൻ. സർക്കാർകാര്യം മുറപോലെ എന്ന പഴയ ശീലവുമായി പുനരധിവാസ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കരുത്. കൃത്യമായ സമയവും ഷെഡ്യൂളും നിശ്ചയിച്ചു വേണം ഓരോ ഘട്ടവും മുന്നോട്ടു നീക്കാൻ. വീടുകളുടെ നിർമ്മാണച്ചുമതല കിഫ്‌ബിയെ ഏല്പിക്കാനാണ് തീരുമാനം. മേൽനോട്ട സമിതിയുമുണ്ടാകും.

നിർമ്മാണത്തിനിടയിൽ ഉണ്ടാകാനിടയുള്ള തടസങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കാണണം. പാലം, റോഡ് പണി പോലെ അനിശ്ചിതമായി പുനരധിവാസ വീടുകളുടെ നിർമ്മാണം നീളാൻ ഇടവരരുത്. ലൈഫ് പദ്ധതിക്കു സംഭവിച്ച വീഴ്ചകളും താമസവും പുനരധിവാസ പദ്ധതി നിർവഹണത്തിൽ ഉണ്ടാകരുത്. ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ വേദനയും കണ്ണീരും ഇനിയും ഏറെനാൾ തുടരാൻ ഒരു കാരണവശാലും അനുവദിക്കരുത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നൽകാമെന്നേറ്റിരുന്ന പണം ഇനിയും ലഭിക്കാത്തത് ഉരുൾപൊട്ടലിനേക്കാൾ വലിയ ദുരന്തമായി മുന്നിലുണ്ട്. സാങ്കേതികത്വം പറഞ്ഞ് സഹായം വെറുതേ വച്ചുതാമസിപ്പിക്കുകയാണ്. സർക്കാരും സംസ്ഥാനത്തു നിന്നുള്ള എം.പിമാരും സമ്മർദ്ദം ശക്തിപ്പെടുത്തി കേന്ദ്ര സഹായധനം ലഭ്യമാക്കാൻ ശ്രമം തുടരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION