
കലകളുടെ മലയാളപ്പെരുമയും ഭാഷയുടെയും സാഹിത്യത്തിന്റെയും പാരമ്പര്യവും പുതുതലമുറയിൽ സുഭദ്രമാണെന്നു തെളിയിച്ചാണ് ഏഷ്യാ വൻകരയിലെ കൗമാരകലയുടെ ഏറ്റവും വലിയ മേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരശ്ശീല വീണത്. കേരളത്തിന്റെ മണ്ണും മനസും ഒരേ ചിന്തയോടും ഒരേ വികാരവായ്പോടും കൂടി ഏറ്റെടുത്ത് വിജയിപ്പിച്ച കലാപൂരമാണ് മലയാളികളുടെ മനസിൽ മധുരസ്മരണകളുടെ വസന്തം വിരിയിച്ച് വിട പറഞ്ഞത്. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടുവേദികൾ കൂടി കൂട്ടി, മൊത്തം 25 വേദികളിലായി പതിനയ്യായിരത്തോളം കലാപ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ രക്ഷിതാക്കളും , അദ്ധ്യാപകരും മറ്റു സംഘാടകരും അടക്കം കാൽലക്ഷത്തിലധികം പേർ നേരിട്ടു പങ്കെടുത്തു. കാണികളായെത്തിയ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും വേറെ. ഇത്രയേറെ പേർ പങ്കെടുത്തിട്ടും പരാതികളുടെയും പരിഭവങ്ങളുടെയും സംഘർഷങ്ങളുടെയും തരിമ്പുമില്ലാതെ സുഭഗ സുന്ദരമായി കലോത്സവം നടന്നു. ഉജ്ജ്വലമെന്നു തന്നെ വിശേഷിപ്പിക്കാവും വിധം മികച്ച സംഘാടനമാണ് ഇതിനെല്ലാം വഴിയൊരുക്കിയത്.
വിധിനിർണയത്തിന്റെയും സമയ മാറ്റങ്ങളുടെയുമൊക്കെ പേരിൽ പല കലോത്സവ വേദികളിലും പതിവാകുന്ന തർക്കങ്ങളോ മറ്റു സംഘർഷങ്ങളോ ഒന്നും ഇക്കുറി ഉണ്ടായില്ല. അപ്പീലുകളും കുറവായിരുന്നു. സംഘാടനത്തിന്റെ സവിശേഷത പ്രശംസനീയമായിരുന്നു. രാഷ്ട്രീയ കക്ഷിഭേദമെന്യേ എല്ലാവരെയും ഒരുമിച്ചുനിറുത്തി ഇത്തരത്തിലൊരു പരാതിരഹിത കലോത്സവം സംഘടിപ്പിച്ചതിന്റെ ക്രെഡിറ്റ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് അവകാശപ്പെട്ടതാണ്. വിദ്യാർത്ഥി നേതാവായും, പിന്നീട് നഗരത്തിന്റെ മേയറായുമൊക്കെ ഇരിക്കെത്തന്നെ സംഘാടന ശേഷി തെളിയിച്ചിട്ടുള്ള ശിവൻകുട്ടിയുടെ കണ്ണെത്താത്ത ഒരു വേദിയുമുണ്ടായിരുന്നില്ല. മികച്ച ആസൂത്രണവും നടത്തി. വിദ്യാഭ്യാസ മന്ത്രിക്കൊപ്പം തന്നെ നഗരത്തിന്റെ സ്പന്ദനം അറിയാവുന്ന മന്ത്രി ജി.ആർ. അനിലും ഒത്തുചേർന്നതോടെ പാളിച്ചകൾ തെല്ലുമില്ലാതെ മേള വൻ വിജയമാക്കാനായി.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെ വകുപ്പിലെ ഉദ്യോഗസ്ഥർ, അദ്ധ്യാപക സംഘടനാ നേതാക്കൾ, അദ്ധ്യാപകർ, പൊലീസ്, പൊതുപ്രവർത്തകർ, കോർപ്പറേഷൻ ജീവനക്കാർ തുടങ്ങി എൻ.സി.സി, സ്‌കൗട്ട് അടക്കമുള്ള വോളണ്ടിയർമാരും ഒത്തുചേർന്ന് പ്രവർത്തിച്ചു. പ്രതിപക്ഷവും ഇക്കാര്യത്തിൽ നന്നായി സഹകരിച്ചു. കലോത്സവത്തിൽ മാറ്റുരച്ച വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും പരിശീലകരും സ്കൂൾ അധികൃതരുമൊക്കെ ഈ വിജയത്തിന്റെ പങ്കിന് അവകാശമുള്ളവരാണ്. കലയ്ക്കും സാഹിത്യത്തിനും സംഗീതത്തിനും വേണ്ടി സമർപ്പണം ചെയ്ത പുതുതലമുറയുടെ പ്രകടനങ്ങൾ നിറഞ്ഞ മനസോടെയും പ്രാർത്ഥനാ നിർഭരമായ മിഴികളോടെയുമാണ് വേദികളിലോരോന്നിലും തിങ്ങിനിറഞ്ഞ സദസ് സ്വീകരിച്ചത്. കുട്ടികളുടെ അനുഭവ തീവ്രതയും ഭാവനാ സൗകുമാര്യവും എത്രത്തോളം മികച്ചതാണെന്നു തെളിയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന ദിവസം വയനാട് വെള്ളാർ മലയിൽ നിന്നെത്തിയ കുട്ടികളുടെ നൃത്തം അരങ്ങേറിയത്.
ജീവിതത്തിലെ സകലതും അപഹരിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദന കിനിയുന്ന ഓർമ്മകളെയും കുട്ടികൾ കലയുടെ പുടവകൾകൊണ്ട് പൊതിഞ്ഞു. ആദിവാസി ഊരുകളിൽ മാത്രം അവതരിപ്പിച്ചിരുന്ന നൃത്തരൂപങ്ങളുടെ അവതരണവും അരികുവത്കരിക്കപ്പെടുന്ന മനുഷ്യരെ ജീവിതത്തിന്റെ തിരുമുറ്റങ്ങളിലേക്ക് ആനയിക്കുന്ന അസുലഭ മുഹൂർത്തങ്ങൾ ഇതാദ്യമായി സമ്മാനിച്ചു. രുചിയൂറും ഭക്ഷണ വൈവിദ്ധ്യത്താൽ കലോത്സവ നാളുകളിൽ സ്വാദു നിറച്ച് പഴയിടം മോഹനൻ നമ്പൂതിരി ഇത്തവണയും മികവു പുലർത്തി. ഭക്ഷണത്തെക്കുറിച്ച് ആർക്കും പരാതിയില്ലായിരുന്നു. അടുത്തിടെ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ കഥാകാരനെ അനുസ്മരിച്ച് മുഖ്യ വേദിക്ക് 'എം.ടി- നിള" എന്ന് പേരു നൽകിയതും ഉചിതമായി. മത്സരത്തിൽ പങ്കെടുത്ത ഓരോ വിദ്യാർത്ഥിക്കും ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കാവുന്ന കലാമേളയാണ് പര്യവസാനിച്ചത്. ഈ മേള വിജയിപ്പിക്കാൻ പ്രയത്നിച്ച മന്ത്രിമാരടക്കം മുഴുവൻ ടീമംഗങ്ങളെയും ഞങ്ങളുടെ അകമഴിഞ്ഞ അഭിനന്ദനം അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |