
ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ളാനിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. ഇതോടൊപ്പം പമ്പയുടെ വികസനത്തിനുള്ള മാസ്റ്റർ പ്ളാനും അംഗീകരിച്ചിട്ടുണ്ട്. രണ്ടിനുമായി മൊത്തം 1333.62 കോടി രൂപയുടേതാണ് മാസ്റ്റർ പ്ളാനുകൾ. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ളാനുകളെക്കുറിച്ച് പതിറ്റാണ്ടുകളായി കേൾക്കുന്നുണ്ട്. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങളും പണത്തിന്റെ അഭാവവും എല്ലാറ്റിനുമുപരി, ഇത്തരം വലിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിൽ കാണിക്കുന്ന ആർജ്ജവമില്ലായ്മയും കാരണം വികസനം നീണ്ടുനീണ്ടു പോവുകയാണ്. മന്ത്രിസഭ ഇപ്പോൾ ശബരിമല മാസ്റ്റർ പ്ളാനിന് അനുമതി നൽകി എന്നതു കൊണ്ടുമാത്രം ഉടനടി എന്തെങ്കിലും നടക്കുമെന്ന് കരുതാൻ വയ്യ. ഒട്ടേറെ അനുകൂല സാഹചര്യങ്ങൾ ഒത്തുവരുന്നതിനെ ആശ്രയിച്ചാകും അതിന്റെ വിജയം.
സന്നിധാനം ഉൾപ്പെടുന്ന മേഖലയെ എട്ടായി തിരിച്ചായിരിക്കും അവിടത്തെ വികസന രൂപരേഖ. 778 കോടി രൂപ ചെലവു വരുന്ന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്ത്രിമാരും പൂജാരിമാരും ഉൾപ്പെടെ അനിവാര്യമായവർക്കു മാത്രമുള്ള താമസ സൗകര്യങ്ങളേ സന്നിധാനത്ത് ഉണ്ടാകാവൂ എന്നാണ് തീരുമാനം. നിലവിൽ അവിടെയുള്ള നിർമ്മിതികൾ മൊത്തം പൊളിച്ചുമാറ്റി ദർശനം സുഖകരമാക്കാനുള്ള വിപുല സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇപ്പോൾ പാർക്കിംഗിന് ഉപയോഗിക്കുന്ന നിലയ്ക്കൽ, തീർത്ഥാടകരുടെ ബേസ് ക്യാമ്പായി മാറ്റും. പമ്പാ നദിയുടെ ഇരുകരകളുടെയും വികസനത്തിന് 255 കോടി രൂപയാണ് മാറ്റിവയ്ക്കുന്നത്. കാനനപാത വഴി സന്നിധാനത്തെത്തുന്നവർക്കു വേണ്ടിയും വിപുല സൗകര്യങ്ങൾ ഒരുക്കാനാവശ്യമായ ഫണ്ട് മാസ്റ്റർ പ്ളാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തീർത്ഥാടകരെ ഉൾക്കൊള്ളാനാവാത്ത വിധം സൗകര്യങ്ങൾ പരിമിതമായി തുടരുന്നതുകൊണ്ടാണ് തിരക്കേറിയ സീസണുകളിൽ നിലവിൽ കർശന നിയന്ത്രണങ്ങൾ വേണ്ടിവരുന്നത്. മാസ്റ്റർ പ്ളാൻ പൂർണമായും നടപ്പിലാക്കിയാൽ ഇപ്പോഴത്തേതിന്റെ ഇരട്ടിയോ അതിലും അധികമോ തീർത്ഥാടകർക്ക് ദർശനം സാദ്ധ്യമാകും. ദേവസ്വം ബോർഡിനും പരോക്ഷമായി സംസ്ഥാനത്തിനും വലിയ തോതിൽ വരുമാനവും ലഭിക്കും. സീസൺകാലത്ത് ലഭിക്കുന്ന മുന്നൂറോ നാനൂറോ കോടി രൂപയുടെ വരുമാനം എന്തോ വലിയ കാര്യമാണെന്ന മട്ടിലാണ് ബോർഡിന്റെ നിലപാട്. ഈ സങ്കുചിത നിലപാടിൽ നിന്ന് മോചനം വരണമെങ്കിൽ തീർത്ഥാടകരുടെ സുഗമമായ വരവിനനുകൂലമായ അതിവിപുല സൗകര്യങ്ങൾ ഏർപ്പെടുത്താൻ താമസമരുത്.
ഈ മാസം 13-ന് ആരംഭിക്കുന്ന പ്രയാഗിലെ മഹാകുംഭമേളയ്ക്ക് യു.പി സർക്കാർ പ്രതീക്ഷിക്കുന്നത് 40 കോടി തീർത്ഥാടകരെയാണ്. ലോകത്തെ ഏറ്റവും വിപുലമായ സൗകര്യങ്ങളാണ് യു.പി സർക്കാർ അവിടെ ഒരുക്കിക്കൊണ്ടിരിക്കുന്നത്. രണ്ടുലക്ഷം കോടി രൂപയുടെ വരുമാനവും അവർ പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ വാർഷിക ബഡ്‌ജറ്റിന്റെ ഇരട്ടി വരുന്ന വരുമാനമാണിത്. തീർത്ഥാടനവും വൻതോതിൽ വരുമാനത്തിനുള്ള ഉപാധിയാക്കാമെന്നു തെളിയിച്ച യു.പി ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളുണ്ട്. കേരളവും ആ നിലയിലേക്ക് ഉയരാൻ ശ്രമിക്കണം. ഇന്ത്യയ്ക്കാകെ മാതൃകയായ തിരുപ്പതിയിൽ കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലും ആറുപേർ ഞെരിഞ്ഞു മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ഏതു തിരക്കിലും കുറ്റമറ്റ ആൾക്കൂട്ട നിയന്ത്രണത്തിനുള്ള സജ്ജീകരണങ്ങളുള്ള തീർത്ഥാടന കേന്ദ്രമെന്ന നിലയിലാണ് തിരുപ്പതി പ്രശസ്തമായത്. വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിരക്കാണ് അപകടമുണ്ടാക്കിയത്. വൻതോതിൽ ആളുകളെത്തുന്ന എവിടെയും സംഭവിക്കാവുന്ന ദുരന്തമാണിത്. ശബരിമല മകരവിളക്കിന് ഒരുങ്ങുകയാണ്. അപകടങ്ങൾക്ക് ഇടവരുത്താതെ തീർത്ഥാടകരെ നിയന്ത്രിക്കാൻ കുറ്റമറ്റ ഏർപ്പാടുകൾ ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |