SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

അടിയന്തര ഇടപെടൽ കാത്ത് രണ്ടു കാര്യം

READ ENGLISH VERSION
a

സർക്കാർ ഉൾപ്പെടെ അധികമാരും ശ്രദ്ധിക്കാതെ ശേഷിക്കുന്ന രണ്ടു ജീവൽപ്രശ്നങ്ങൾ ഏറെനാളായി സംസ്ഥാനത്തുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. രണ്ടാമത്തേതാകട്ടെ, റേഷൻ വിതരണത്തിൽ തടസമുണ്ടാകാൻ പോകുന്നതായ മുന്നറിയിപ്പും. ഈ രണ്ടു വിഷയങ്ങളും നേരിട്ടു ബാധിക്കാൻ പോകുന്നത് സമൂഹത്തിലെ സാധാരണക്കാരെയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. രാജ്യത്ത് ആദ്യമായി സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കു തുടക്കമിട്ടത് കേരളത്തിലാണെന്നാണ് പറയുന്നത്. തീരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ ഉദ്ദേശിച്ചു തുടങ്ങിയ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പിന്നീട് എട്ടാം ക്ളാസ് വരെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളാണ് അതിന്റെ ചെലവു വഹിക്കുന്നത്. എന്നാൽ, ഈ പദ്ധതി സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനാവശ്യമായ ഫണ്ട് സമയാസമയം ലഭ്യമാക്കുന്നതിൽ സംസ്ഥാനവും കേന്ദ്രവും ഒരുപോലെ അലംഭാവം കാണിക്കുകയാണ്.

സ്‌കൂൾ കുട്ടികളുടെ പശിയടക്കാനുള്ള മാതൃകാ പദ്ധതിക്ക് ഒരുവിധ തടസവും ഉണ്ടാകാതെ നോക്കേണ്ടത് സംസ്ഥാനത്തിന്റെ ബാദ്ധ്യതയാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഉച്ചഭക്ഷണ പരിപാടിയെയും വരിഞ്ഞുമുറുക്കുകയാണ്. ഉച്ചഭക്ഷണ വിതരണം നടത്തിയതുമായി ബന്ധപ്പെട്ട കുടിശ്ശികയെച്ചൊല്ലി അദ്ധ്യാപക സംഘടനകൾ കുറേക്കാലമായി പ്രതിഷേധത്തിലാണ്. ഒന്നും പത്തുമൊന്നുമല്ല, 150-ൽപ്പരം കോടി രൂപയുടെ കുടിശ്ശികയാണ് സർക്കാർ ഈയിനത്തിൽ നൽകാനുള്ളത്. ഈ പണം ഉടനെ ലഭിച്ചില്ലെങ്കിൽ ജനുവരി 17 മുതൽ ഉച്ചഭക്ഷണ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് അദ്ധ്യാപക സംഘടനകളുടെ മുന്നറിയിപ്പ്. സ്‌കൂളുകളിൽ പ്രഥമാദ്ധ്യാപകർക്കാണ് ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതല. കൈയിൽ നിന്നെടുത്തും കടം വാങ്ങിയുമാണ് വല്ല വിധവും കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം മുന്നോട്ടുകൊണ്ടുപോകുന്നത്.

പ്രശ്നം പലകുറി കോടതിയിലെത്തിയതാണ്. ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്താനുള്ള ഉത്തരവുപോലും പുറപ്പെടുവിക്കുകയും ചെയ്തു. നിശ്ചിത തീയതിക്കു മുൻപ് കുടിശ്ശികയുടെ ഒരു ഭാഗം നൽകി സർക്കാർ തടിയൂരുകയാണ് ചെയ്തത്. എന്നാൽ കുടിശ്ശിക പിന്നീടും വർദ്ധിക്കുകയായിരുന്നു. ഏതു വിധേനയും കുടിശ്ശിക ഗഡുക്കളായെങ്കിലും കൊടുത്തുതീർക്കാൻ നടപടി എടുക്കാവുന്നതാണ്. അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെട്ടേ മതിയാവൂ. ഉച്ചനേരത്ത് ഭക്ഷണത്തിനായി കാത്തിരിക്കുന്ന കുട്ടികൾക്ക് സർക്കാരിന്റെ സാമ്പത്തിക ഞെരുക്കവും ന്യായീകരണങ്ങളും നോക്കേണ്ട കാര്യമില്ല. റേഷൻ ഉത്‌പന്നങ്ങളുടെ വിതരണക്കാർ നടത്തുന്ന പണിമുടക്കാണ് റേഷൻകടകൾ പൂട്ടിയിടേണ്ട സ്ഥിതി സൃഷ്ടിച്ചിരിക്കുന്നത്. പല കടകളിലും ധാന്യങ്ങളും മറ്റ് റേഷൻ ഉത്‌പന്നങ്ങളും തീർന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ വിതരണക്കാരുടെ സമരം തുടങ്ങിയതാണ്. എന്നാൽ പ്രശ്നം പരിഹരിക്കാനുള്ള വഴി ഇതുവരെ തെളിഞ്ഞില്ല.

ഇതിനിടെ റേഷൻ വ്യാപാരികളുടെ നാലു സംഘടനകൾ ഈ മാസം 27 മുതൽ സംയുക്തമായി സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇ - പോസ് യന്ത്രത്തിലെ സ്കാനർ മാറ്റുന്നതുൾപ്പെടെയുള്ള തർക്കങ്ങളാണ് റേഷൻകടക്കാരെ സമരത്തിലേക്കു നയിക്കുന്നത്. റേഷൻകടകളിൽ ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ പലപ്പോഴും സമരമായതിനാൽ ബുദ്ധിമുട്ടു നേരിടുന്നത് പാവപ്പെട്ടവരാണ്. ഈ വിഭാഗത്തിൽപെട്ട ഒട്ടുമിക്ക കുടുംബങ്ങളും റേഷൻ ധാന്യത്തെ ആശ്രയിച്ചാണ് കഴിയുന്നത്. താത്‌കാലിക തടസങ്ങൾ പോലും അവരുടെ കഞ്ഞികുടി മുട്ടിക്കും. റേഷൻ വിതരണത്തിലും കട നടത്തിപ്പിലും അടിക്കടി കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ ഫലത്തിൽ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതാണ്. പരിഷ്കാരവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് പരാതിയുണ്ടായാൽ സത്വരമായി പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ സ്വീകരിക്കേണ്ടത്. കുടിശ്ശികയുടെ പേരിൽ കരാറുകാർ ഉൾപ്പെടെ പലരും സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ്. പദ്ധതികൾ പലതും നേർപകുതിയായി കുറച്ചിട്ടും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. ഇങ്ങനെ എത്രനാൾ മുന്നോട്ടു പോകാനാവും?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION