SignIn
Kerala Kaumudi Online
Friday, 23 October 2026 2.30 PM IST

വൈകി ഉദിച്ച വിവേകം

forest

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വന നിയമഭേദഗതി മലയോരവാസികളുടെ അതിശക്തമായ എതിർപ്പിനെത്തുടർന്ന് സർക്കാർ പിൻവലിച്ചു. ബഡ്ജറ്റ് സമ്മേളനത്തിൽ ഭേദഗതി നിയമം അവതരിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ വനപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന അനേകം പഞ്ചായത്തുകളിലെ ജനങ്ങളിൽ നിന്നുയർന്ന കടുത്ത ആശങ്കയും ഭേദഗതി നിയമത്തിനെതിരെ ഉയർന്ന രൂക്ഷ പ്രക്ഷോഭവും സർക്കാരിന്റെ കണ്ണു തുറപ്പിച്ചുവെന്നുവേണം കരുതാൻ. ഏതൊരു ജനാധിപത്യ ഭരണകൂടവും ജനാഭിലാഷം അംഗീകരിക്കാൻ ബാദ്ധ്യസ്ഥമാണ്. വനഭേദഗതി ബില്ലവതരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതിലൂടെ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത്തരമൊരു നിയമ ഭേദഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബിൽ തയ്യാറാക്കിയ നിയമവിദഗ്ദ്ധരോ അത് നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കാൻ ഒരുമ്പെട്ട സർക്കാരോ തെല്ലും ആലോചിച്ചില്ലെന്നു വേണം കരുതാൻ.

ബില്ലിലെ കടുത്ത വ്യവസ്ഥകൾ വായിക്കുന്ന ആർക്കും അതിന്റെ പ്രത്യാഘാതങ്ങൾ മനസിലാകാതിരിക്കില്ല. വനത്തിൽ പ്രവേശിക്കുന്ന ആരെയും മജിസ്ട്രേട്ടിന്റെ ഉത്തരവോ വാറണ്ടോ ഇല്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന ബില്ലിലെ വ്യവസ്ഥയാണ് ഏറ്റവും വിമർശനം ക്ഷണിച്ചുവരുത്തിയത്. ഇത്തരത്തിലൊരു വകുപ്പ് എത്രമാത്രം ദുരുപയോഗപ്പെടുത്തുമെന്ന് ആരും പറയാതെ തന്നെ അറിയാം. കള്ളക്കേസുണ്ടാക്കുന്നതിൽ പൊലീസിനെപ്പോലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഇപ്പോൾത്തന്നെ ഒട്ടും പിന്നിലല്ലെന്നത് സുവിദിതമാണ്. സ്വന്തം വീട്ടുവളപ്പിൽ വളരുന്ന ചന്ദനമരം മുറിച്ചുവിൽക്കാൻ പോലും ഫോറസ്റ്റുകാർ കനിയണമെന്ന വകുപ്പും ബില്ലിലുണ്ടായിരുന്നു. ചന്ദനമരം ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയാൽ വസ്തു ഉടമ തൂങ്ങേണ്ടിവരുന്ന വിധമാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥ.

വനത്തിൽ മാലിന്യനിക്ഷേപം നടത്തുക, മൃഗങ്ങളെ ശല്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും കനത്ത പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു. വനം ഭേദഗതി നിയമത്തെക്കുറിച്ച് ആലോചന തുടങ്ങിയിട്ട് പന്ത്രണ്ടു വർഷമായി. പലതവണ ബിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോൾ ബില്ലിന്റെ കരടു രൂപം പുറത്തുവന്നതു മുതൽ വനമേഖലയോടു ചേർന്ന മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവരാൻ തുടങ്ങിയിരുന്നു. ഭരണമുന്നണി ഘടകകക്ഷികളിലൊന്നായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ശക്തമായ നിലപാടെടുത്തു. തങ്ങളുടെ സ്വാധീന മേഖലയിൽ വിള്ളലുണ്ടാക്കുന്ന യാതൊരു നിയമ ഭേദഗതിയും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാട് അവർ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും നഷ്ടക്കച്ചവടമാകാതിരിക്കണമെങ്കിൽ വനനിയമ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് മുന്നണിയിലെ തലയ്ക്കു വെളിവുള്ളവരും നിലപാടെടുത്തതോടെ ഭേദഗതി നീക്കം ഉപേക്ഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയായിരുന്നു.

ഈ തീരുമാനത്തിലൂടെ സർക്കാരിന് വലിയ ചേതമൊന്നുമുണ്ടാകാനിടയില്ല. മറിച്ച് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാവുകയും ചെയ്യും. ഏതു നിയമവും മനുഷ്യർക്കു വേണ്ടിയുള്ളതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മനുഷ്യരെ മറന്നുകൊണ്ടാണ് ഭേദഗതി നിയമം തയ്യാറാക്കിയതെന്ന യാഥാർത്ഥ്യം അപ്പോഴും ശേഷിക്കുന്നു.

രാജ്യത്ത് ഏറ്റവുമധികം വനം വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. ജനസാന്ദ്രതയിൽ ഏറ്റവും മുന്നിലുള്ളതും കേരളമാണ്. വനങ്ങളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള അകലം നേർത്തുനേർത്ത് ഇല്ലാതാകുന്നതുതന്നെ ജനസാന്ദ്രത വർദ്ധിക്കുന്നതിനാലാണ്. വന്യമൃഗങ്ങളുടെ കടന്നുകയറ്റവും അതുവഴിയുള്ള മരണങ്ങളും നാൾക്കുനാൾ വർദ്ധിക്കുന്നുമുണ്ട്. ഈ ഭീഷണി നേരിടുക അത്ര എളുപ്പമല്ലെന്നോർക്കണം. ജനവാസമേഖല വനത്തോട് കൂടുതൽ അടുക്കുന്തോറും കാട്ടുമൃഗശല്യവും വർദ്ധിക്കും. അതിന് എന്തു ചെയ്യാനാകുമെന്ന് കൂട്ടായി ആലോചിച്ച് നടപടിയെടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION