
ബിരേൻസിംഗിന്റെ രാജിയോടെ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പദം രാജിവയ്ക്കുന്നതിനു മുമ്പ്, അക്രമസംഭവങ്ങളിൽ ഖേദമുണ്ടെന്നും ജനങ്ങളോട് മാപ്പ് പറയുകയാണെന്നും ബിരേൻസിംഗ് പറഞ്ഞിരുന്നു. തെറ്റുകൾ ഏറ്റുപറയുന്നതും മാപ്പുമൊന്നുമല്ല ഒരു മുഖ്യമന്ത്രിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. മറിച്ച്, അവരുടെ ജീവനും സ്വത്തിനുമുള്ള മതിയായ സംരക്ഷണമാണ്. അതിൽ പരാജയപ്പെട്ടിട്ട് മാപ്പു പറയുന്നത് കമഴ്‌ത്തിവച്ച കുടത്തിനു മുകളിൽ വെള്ളമൊഴിക്കുന്നതിനു തുല്യമാണ്. ഏതാനും ആഴ്ചകൾക്കു മുമ്പ് മാപ്പ് പറഞ്ഞുകൊണ്ട് ബിരേൻസിംഗ് പറഞ്ഞ വാക്കുകൾ ഇങ്ങനെ: ''സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ട്. ക്ഷമാപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധിപേർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലർക്കും അവരുടെ വീടുകൾ വിടേണ്ടിവന്നു. സമാധാനത്തിലേക്കുള്ള കഴിഞ്ഞ മൂന്നുനാല് മാസത്തെ പുരോഗതി കാണുമ്പോൾ പുതിയ വർഷത്തിൽ സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സമാധാനം പുനഃസ്ഥാപിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ തെറ്റുകൾ മറന്ന് ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതുണ്ട്. ശാന്തവും സമ്പന്നവുമായ മണിപ്പൂർ. നാമെല്ലാം ഒന്നിച്ച് ജീവിക്കണം.""
തെറ്റുകൾ സമ്മതിക്കുമ്പോഴും മുഖ്യമന്ത്രിയായി തുടരാനാകുമെന്ന ഒരു ആത്മവിശ്വാസം ഈ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ കോൺഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ സ്വന്തം പാർട്ടിയായ ബി.ജെ.പിയിൽ വിമതപ്പട ഉരുണ്ടുകൂടിയതോടെ പിടിച്ചുനിൽക്കാനുള്ള സകല അടവും പരാജയപ്പെട്ടതാണ് ബിരേൻ സിംഗിന്റെ രാജിക്ക് ഇടയാക്കിയത്. വംശീയ കലാപമാണ് മണിപ്പൂരിൽ നടന്നത്. നേരത്തെ പല ഘട്ടങ്ങളിൽ കലാപം നടന്നിട്ടുമുണ്ട്. പക്ഷേ രണ്ടുവർഷത്തോളം നീണ്ടുനിൽക്കുകയും ഇത്രയും വ്യാപകമായ ആൾനാശവും വസ്തുനാശവും വരുത്തിയതുമായ വംശീയ കലാപം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഏതു കലാപമായാലും ദിവസങ്ങൾ പിന്നിട്ടിട്ടും അതു തടയാൻ കഴിയാത്ത ഒരു മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല. ഭൂരിപക്ഷ സമുദായമായ മെയ്‌തിയും മലയോരങ്ങളിൽ പാർക്കുന്ന കുക്കി വിഭാഗവും തമ്മിലുള്ള കലാപമാണ് മണിപ്പൂരിൽ നടന്നത്.
മെയ്‌തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭമാണ് കലാപത്തിലേക്കു നയിച്ചത്. ഇതുവരെ ഔദ്യോഗിക കണക്ക് പ്രകാരം 250-ലേറെ പേർക്ക് ജീവൻ നഷ്ടമായി. മെയ്‌തി വിഭാഗക്കാരനായ മുഖ്യമന്ത്രി ബിരേൻസിംഗ് ആ വിഭാഗക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്ന ആരോപണം കുക്കി വിഭാഗക്കാർ തുടക്കം മുതൽ ഉന്നയിക്കുന്നുണ്ടായിരുന്നു. മണിപ്പൂർ കലാപത്തിൽ തനിക്കു പങ്കുണ്ട് എന്ന തരത്തിൽ ബിരേൻസിംഗ് നടത്തിയെന്ന് പറയപ്പെടുന്ന സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് ചോർന്നതോടെ കുക്കി വിഭാഗക്കാർ ഉന്നയിക്കുന്നത് വെറും ആരോപണമല്ല, വസ്തുതയാണെന്ന് കേന്ദ്രത്തിനും ബോദ്ധ്യപ്പെടുകയുണ്ടായി.
ബിരേൻസിംഗിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ കുക്കി എം.എൽ.എമാർ മാത്രമല്ല, മെയ്‌തി വിഭാഗത്തിൽപ്പെട്ട ഇരുപതോളം എം.എൽ.എമാരും കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടതോടെയാണ് രാജിവയ്പിച്ചില്ലെങ്കിൽ അവിശ്വാസത്തിൽ തോറ്റ് പുറത്താക്കപ്പെടുമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ബോദ്ധ്യപ്പെട്ടത്. കലാപം തുടങ്ങിയതിന്റെ ആദ്യ മാസങ്ങളിൽത്തന്നെ മുഖ്യമന്ത്രിയെ മാറ്റാനോ, അല്ലെങ്കിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താനോ കേന്ദ്രം തീരുമാനിച്ചിരുന്നെങ്കിൽ മണിപ്പൂർ ഇതുപോലെ പുകയില്ലായിരുന്നു. ഇനി കേന്ദ്രം എടുക്കുന്ന ഓരോ നടപടിയും പരമ പ്രധാനമാണ്. അതിന്റെ അടിസ്ഥാനത്തിലാവും സമാധാനത്തിലേക്കുള്ള മണിപ്പൂരിന്റെ വരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |