
കേരളത്തിന്റെ ടൂറിസം മേഖല ഓരോ വർഷം കഴിയുംതോറും കൂടുതൽ വരുമാനം നേടിത്തന്ന് വികസിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് കാലത്തിനുശേഷം ടൂറിസ്റ്റുകളുടെ വരവിൽ വൻ വർദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. 2023-ൽ കേരളം സന്ദർശിച്ച ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2.25 കോടിയാണ്. ഇതിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണമാണ് അധികവും. കാലം മാറുന്നതിനനുസരിച്ച് ജനങ്ങളുടെ ജീവിതരീതിയിലും പണം വ്യയം ചെയ്യുന്ന മാർഗങ്ങളിലും വ്യത്യാസം വരും. പഴയ കാലങ്ങളിൽ വിനോദയാത്രയ്ക്കു വേണ്ടിയൊന്നും ആരും കുടുംബ ബഡ്ജറ്റിൽ പണം നീക്കിവയ്ക്കില്ലായിരുന്നു. ഇപ്പോഴാകട്ടെ, ശരാശരി കുടുംബങ്ങൾ പോലും വിദേശ, ആഭ്യന്തര യാത്രകൾക്കാണ് പ്രതിവർഷം ഏറ്റവും കൂടുതൽ തുക ചെലവഴിക്കുക. സംസ്ഥാനത്ത് വർദ്ധിച്ചു വന്നിട്ടുള്ള ടൂർ ഏജന്റന്മാരുടെയും വിനോദയാത്രാ കമ്പനികളുടെയും എണ്ണം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്.
വിനോദയാത്രാ സേവനം ലഭ്യമാക്കാനായി ഏതാണ്ട് അഞ്ചു ലക്ഷത്തിലേറെ ഏജൻസികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭാവിയിൽ കേരളത്തിന് ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന 'വ്യവസായ"മായി ടൂറിസം രംഗം പരിണമിക്കാനാണ് എല്ലാ സാദ്ധ്യതയും. അതിനാൽ ടൂറിസത്തിന് വ്യവസായ പദവി നൽകുന്നത് എന്തുകൊണ്ടും ഈ രംഗത്തിന്റെ വളർച്ചയെ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്. ആ വഴിക്ക് കേരള സർക്കാർ ആലോചിക്കുന്നുണ്ടെന്ന് നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പറയുകയും ചെയ്തു. ടൂറിസത്തിന് വ്യവസായ പദവി ലഭിക്കുന്നത് ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ വഴിയൊരുക്കുന്നതാണ്. ഇപ്പോൾത്തന്നെ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ പത്ത് ശതമാനം ടൂറിസത്തിൽ നിന്നാണ്. ഇത് വരും വർഷങ്ങളിൽ ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഉതകുന്നതാവും വ്യവസായ പദവി.
മാത്രമല്ല, ഇപ്പോൾത്തന്നെ അഞ്ചുലക്ഷത്തോളം പേർ പ്രത്യക്ഷമായും 20 ലക്ഷത്തോളം പേർ പരോക്ഷമായും ടൂറിസം രംഗത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. രണ്ടു പ്രളയവും കൊവിഡ് കാലവും നമ്മുടെ ടൂറിസം രംഗത്തെ പാപ്പരാക്കിയിരുന്നു. വയനാട്ടിൽ 254 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലും ടൂറിസത്തെ താത്കാലികമായിട്ടാണെങ്കിലും പ്രതികൂലമായി ബാധിച്ച സംഭവമാണ്. ഇതിൽ നിന്നെല്ലാം ഉയിർത്തെഴുന്നേറ്റു വരുന്ന ടൂറിസം രംഗത്തെ കൂടുതൽ ഉയരത്തിലെത്തിക്കാൻ വ്യവസായ പദവി അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് കരുതാം. വിദേശ സഞ്ചാരികളുടെ വരവിൽ ഉണ്ടായിട്ടുള്ള കുറവ് പരിഹരിക്കാനും ഇത് ഗുണകരമാവും. ആയുർവേദ ചികിത്സകൾക്ക് പ്രാധാന്യം നൽകുന്ന മെഡിക്കൽ ടൂറിസം വളരുന്നതിനും ഇത്തരം നീക്കം സഹായകമാവും. കെ - ഹോംസ് പദ്ധതി താമസംവിനാ നടപ്പാകുന്നതും ടൂറിസം രംഗത്തിന് ഉണർവേകുന്നതിനൊപ്പം അടഞ്ഞുകിടക്കുന്ന വീടുകളിലൂടെ വരുമാനം എന്ന സാദ്ധ്യത തുറക്കാനും ഇടയാക്കും.
വ്യവസായ പദവി ലഭിക്കുമ്പോൾ ടൂറിസം പദ്ധതികൾക്ക് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. വൈദ്യുതി നിരക്ക്, വെള്ളക്കരം, ഭൂനികുതി തുടങ്ങിയവ വ്യവസായങ്ങൾക്കു നൽകുന്ന കുറഞ്ഞ നിരക്കിൽ ലഭ്യമാകാൻ വ്യവസായ പദവി കൈവരുന്നതോടെ സാദ്ധ്യമാകും. ഇപ്പോൾ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളും ഹോട്ടലുകളും മറ്റ് വിനോദ സഞ്ചാര അനുബന്ധ സ്ഥാപനങ്ങളും വാണിജ്യ നിരക്കാണ് സേവനങ്ങൾക്ക് നൽകേണ്ടിവരുന്നത്. ഇതിൽ മാറ്റം വരുന്നത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സ്വാഭാവികമായും വഴിയൊരുക്കും. ടൂറിസം മേഖലകളിൽ പ്രവാസികളുടെ നിക്ഷേപം ആകർഷിക്കുന്നതിനും മടങ്ങിവരുന്ന പ്രവാസികളിൽ യോഗ്യരായവർക്ക് ജോലി ലഭ്യമാക്കുന്നതിനും പ്രത്യേക പദ്ധതികൾക്കും സർക്കാർ രൂപം നൽകേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |