SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

പ്രതീക്ഷ ഉണർത്തുന്ന നിക്ഷേപക ഉച്ചകോടി

READ ENGLISH VERSION
a

ഒരു പിടിപാടുമില്ലാത്ത കാര്യങ്ങളിൽപ്പോലും അഭിപ്രായം പറയാൻ ഇത്രയധികം ആളുകളുള്ള ഒരു സംസ്ഥാനം കേരളം പോലെ മറ്റൊന്ന് ഇന്ത്യയിൽ ഉണ്ടാവില്ല. അതുകൊണ്ടാണ് ഒരു വ്യവസായം വരുന്നതിന് മുമ്പുതന്നെ അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കടത്തിണ്ണയിൽ ഇരുന്നുപോലും ആളുകൾ സംസാരിക്കുന്നത്. ലോകത്ത് സാമ്പത്തികമായി വിജയിച്ച രാജ്യങ്ങളെല്ലാം അതു നേടിയത് സ്വകാര്യ സംരംഭകരുടെ നിക്ഷേപങ്ങളിലൂടെയാണ്. കമ്മ്യൂണിസ്റ്റ് ചൈന ആരെയും അകത്തു കയറ്റാതെയും ആരെയും പുറത്തുവിടാതെയും അടച്ചിട്ടിരുന്ന രാജ്യമായിരുന്നു. എൺപതുകളിൽ ഡെംഗ് സിയാവോ പിങ്,​ വന്മതിലിന്റെ വാതിലുകൾ മലർക്കെ തുറന്നതോടെ ലോകത്തിലെ വൻകിട കമ്പനികളെല്ലാം ഒന്നിനു പിറകെ ഒന്നായി വരാൻ തുടങ്ങി. ഇതിന്റെ ഫലമായി നാട്ടുകാർക്ക് ജോലികിട്ടി എന്നു മാത്രമല്ല,​ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി ചൈന മാറുകയും ചെയ്തു. ചൈനീസ് സാധനങ്ങൾ വിറ്റഴിക്കപ്പെടാത്ത ഒരു വിപണിയും ഇന്ന് ലോകത്തില്ല.

മനോഭാവത്തിലും നയത്തിലും വരുത്തിയ മാറ്റമാണ് ചൈനയെ രക്ഷിച്ചത്. അതും കഴിഞ്ഞ് രണ്ട് ദശാബ്ദങ്ങൾ പിന്നിട്ടതിനു ശേഷമാണ് ഇന്ത്യ ആ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയത്. അതിന്റെ ഫലം ഇപ്പോൾ കണ്ടുതുടങ്ങിയിട്ടുണ്ട്. പഴയ രോഗലക്ഷണങ്ങൾ പൂർണമായും മാറിയിട്ടില്ലെങ്കിലും കേരളം ഇപ്പോൾ വ്യവസായ സൗഹൃദ അന്തരീക്ഷത്തിലേക്ക് മെല്ലെ മാറിവരികയാണ്. 2016-ൽ അധികാരമേറ്റ ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഇപ്പോഴത്തെ വ്യവസായ മന്ത്രി പി. രാജീവിന്റെ ക്രിയാത്‌മകമായ നേതൃത്വത്തിൽ കൈക്കൊണ്ട യാഥാർത്ഥ്യബോധമുള്ള നടപടികളാണ് അത്തരമൊരു വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമായത് എന്നുള്ളത് ആരൊക്കെ എതിർത്താലും നിസ്‌തർക്കമായ വസ്തുതയാണ്. അദ്ദേഹം രൂപം നൽകിയ ഈസ് ഒഫ് ഡൂയിംഗ് റിഫോംസിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.

ഈ സന്ദർഭത്തിൽ കേരളം വളരെ പ്രതീക്ഷയോടെയാണ് കൊച്ചിയിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയെ വീക്ഷിക്കുന്നത്. വ്യവസായ വിപ്ളവം- 4.0 ലക്ഷ്യമാക്കി കേരളം മാറാനുള്ള ഒരു കുതിപ്പാണ് ഈ ദ്വിദിന ഉച്ചകോടി ലക്ഷ്യമിടുന്നത്. പ്രതിപക്ഷം കൂടി ഈ ഉച്ചകോടിക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇവിടേക്കു വരാൻ ആഗ്രഹിക്കുന്ന വ്യവസായികൾക്ക് വലിയ ആത്മവിശ്വാസം പകരുന്ന അഭിനന്ദനീയ നടപടിയാണ്. നിക്ഷേപക ഉച്ചകോടിയിൽ 26 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ മൂവായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. ഓസ്ട്രിയ, നോർവേ, വിയറ്റ്‌നാം, മലേഷ്യ എന്നിവ ഉച്ചകോടിയുടെ പങ്കാളി രാജ്യങ്ങളാണ്. ബഹ്‌റിൻ, അബുദാബി, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്ന് മന്ത്രിതല സംഘവും ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രതിനിധി സംഘവുമുണ്ട്. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മറ്റ് വിദഗ്ദ്ധന്മാരും ചർച്ചകളുടെ ഭാഗമാകും.

അദാനിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖം വികസിപ്പിക്കപ്പെടുന്നതാണ് മറ്റു വ്യവസായികളെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകം. അതോടൊപ്പം ആറുവരി ദേശീയ പാതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിച്ചുവരുന്നതും സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ പോന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോൾ സ്വകാര്യ നിക്ഷേപ പദ്ധതികൾ കൂടി ആരുടെയും പ്രത്യേക പ്രേരണ കൂടാതെ തന്നെ വരും. 'സർക്കാർ കാര്യം മുറപോലെ" എന്ന പഴയ മട്ടിൽ നിന്ന് ഉദ്യോഗസ്ഥ സംവിധാനവും മുക്തമാകേണ്ടതുണ്ട്. പ്രത്യേക പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ വേണം വ്യവസായ പ്രതിനിധികളോട് ബന്ധപ്പെടേണ്ടതും തീരുമാനങ്ങൾ എടുക്കേണ്ടതും. മികച്ച ഫോളോ അപ് ഇല്ലാതെ ഒരു ഉച്ചകോടിയും മികച്ച ഫലങ്ങൾ പ്രദാനം ചെയ്യില്ല. എട്ടു മാസത്തെ മുന്നൊരുക്കത്തിനു ശേഷം നടക്കുന്ന ഈ നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ വ്യാവസായിക ജാതകം തിരുത്തിയെഴുതാൻ പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P RAJEEV, INVEST KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION