SignIn
Kerala Kaumudi Online
Sunday, 25 October 2026 3.28 AM IST

ഭൂമി തരംമാറ്റം കൊടിയ ശിക്ഷയാകുമ്പോൾ

READ ENGLISH VERSION
a

ഭൂമി തരംമാറ്റത്തിന് അപേക്ഷിക്കുന്ന ഭൂവുടമകളെ വലയ്ക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായിരിക്കുന്ന വിധി. അപക്ഷകന് കൈവശമുള്ള നെൽവയലോ തണ്ണീർത്തടമോ 25 സെന്റിൽ അധികമുണ്ടെങ്കിൽ മുഴുവൻ ഭൂമിക്കും ന്യായവിലയുടെ പത്തു ശതമാനം വരുന്ന തുക അടച്ചേ മതിയാവൂ എന്നാണ് പരമോന്നത കോടതിയുടെ വിധി. കരഭൂമിയായാലും തരിശായി കിടക്കുന്ന നെൽവയലുകളായാലും മാനം മുട്ടെ വിലയുള്ള കേരളത്തിൽ ന്യായവിലയുടെ പത്തുശതമാനമാണെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ അന്യായം തന്നെയാണ്. 25 സെന്റിൽ കൂടുതൽ ഭൂമിയുള്ള ആരും കോടി പ്രഭുക്കളല്ലെന്ന് ഓർക്കണം. വർഷങ്ങളായി തരിശായിക്കിടക്കുന്ന നിലങ്ങളും തണ്ണീർത്തടങ്ങളും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗപ്രദമായി തരംമാറ്റി ജനങ്ങളെ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് സർക്കാർ ഇതു സംബന്ധിച്ച ഭേദഗതി കൊണ്ടുവന്നത്.

അതനുസരിച്ച് 25 സെന്റ് വരെയുള്ള നിലങ്ങളെയും തണ്ണീർത്തടങ്ങളെയും തരംമാറ്റ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഭൂവുടമകൾക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്. എന്നാൽ തരം മാറ്റേണ്ട ഭൂമി 25 സെന്റ് കവിഞ്ഞ് ഒരു സെന്റ് അധികമാണെങ്കിൽപ്പോലും മുഴുവൻ ഭൂമിക്കും, അതായത് 26 സെന്റിനും തൊട്ടടുത്ത കരഭൂമിക്കു നിശ്ചയിച്ചിട്ടുള്ള ന്യായവിലയുടെ പത്തുശതമാനം അടയ്ക്കണമെന്നാണ് നിബന്ധന. ഇതിനെതിരെ ഒരാൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ 25 സെന്റിനു മുകളിൽ വരുന്ന ഭൂമിക്കു മാത്രം തരംമാറ്റ ഫീസ് അടച്ചാൽ മതിയാകുമെന്നായിരുന്നു വിധി. ഈ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഒരേക്കർ വരെയുള്ള തരംമാറ്റ ഭൂമിക്കാണ് പത്തുശതമാനം ഫീസ്. അതിനു മുകളിലാണെങ്കിൽ ഇരുപതു ശതമാനവും.

സംസ്ഥാനത്ത് നാട്ടിൻപുറങ്ങളിൽപ്പോലും ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടുള്ളത് അമിത തോതിലാണെന്ന് ആക്ഷേപമുള്ളതാണ്. തരംമാറ്റ ഭൂമി ഫീസിന്റെ കാര്യത്തിൽ ഇളവ് അനുവദിക്കുന്നത് സർക്കരിന് വൻ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. തരംമാറ്റ ഇനത്തിൽ കഴിഞ്ഞ ഒക്ടോബർ മാസം വരെ സർക്കാരിന് 1510 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയതെന്ന് ഓർക്കുമ്പോൾ ഇളവ് നൽകാൻ സ്വാഭാവികമായും പ്രയാസമുണ്ടാകും. ഹൈക്കോടതിയിൽ പോയ ഹർജിക്കാരന്റെ 36.65 സെന്റ് നിലം തരംമാറ്റാൻ 1.74 ലക്ഷം രൂപയാണ് ഫീസായി അടയ്ക്കണമെന്ന് റവന്യു വകുപ്പ് നോട്ടീസ് നൽകിയത്. 25 സെന്റിനു പുറത്ത് വരുന്ന 11.65 സെന്റിനു മാത്രം ഫീസ് കെട്ടിയാൽ മതിയാകുമെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതിനെതിരെയുള്ള അപ്പീൽ ഹർജിയിൽ സുപ്രീംകോടതി തീർപ്പുണ്ടായതോടെ റവന്യു വകുപ്പ് കോളടിച്ചിരിക്കുകയാണ്.

ആളോഹരി ഭൂമി അളവ് ഏറ്റവും കുറവായ സംസ്ഥാനമാണ് കേരളം. ആ നിലയ്ക്ക് വീടു വയ്ക്കാനും മറ്റാവശ്യങ്ങൾക്കും തരിശായിക്കിടക്കുന്ന വയലുകളും മറ്റുമാണ് ഏക ആശ്രയം. ഭൂമിയുടെ ഉയർന്ന ന്യായവില തരംമാറ്റ അപേക്ഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. സംസ്ഥാനത്തെ അമിതമായ ഭൂമിവില കണക്കിലെടുത്ത് തരംമാറ്റ ഫീസിൽ കുറവു വരുത്തുന്നത് സർക്കാരിന് ആലോചിക്കാവുന്നതാണ്. ഭൂമിയുള്ളവനെ കഴുത്തിനൊപ്പം പിഴിഞ്ഞ് വരുമാനമുണ്ടാക്കാനുള്ള സർക്കാർ ശ്രമം അന്യായം തന്നെയാണ്. ഭൂനികുതി വർദ്ധിപ്പിച്ചും റവന്യു ഫീസുകൾ കൂട്ടിയും ജനങ്ങളുടെ തലയിൽ അമിതഭാരം അടിച്ചേല്പിക്കുകയാണ്. ആയിരക്കണക്കിനേക്കർ വരുന്ന തോട്ടങ്ങൾ അനധികൃതമായി കൈവശം വച്ചനുഭവിക്കുന്ന വമ്പൻ മുതലാളിമാരിൽ നിന്ന് പാട്ടക്കുടിശ്ശിക പോലും പിരിക്കുന്നുമില്ല. ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന പതിനായിരക്കണക്കിനു വീടുകൾ ഇവിടെയുണ്ട്. അവയിൽ നിന്ന് എന്തു ഫീസാണ് പിരിക്കുന്നത്?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION