
കഴിഞ്ഞ ജൂലായ് അവസാന നാളിലുണ്ടായ ഭീകരമായ ഉരുൾപൊട്ടലിൽ കിടപ്പാടം ഉൾപ്പെടെ സർവതും നഷ്ടപ്പെട്ട വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസം ഇനിയും തുടങ്ങാനായിട്ടില്ല. പുനരധിവസിപ്പിക്കാനുള്ള സ്ഥലത്തിന്റെയും അതിൽ നിർമ്മിക്കേണ്ട വീടുകളുടെയും കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് അവസാന തീരുമാനമായിട്ടുണ്ട്. ആദ്യം മുപ്പതുലക്ഷം രൂപയാണ് ഒരു വീടിന്റെ നിർമ്മാണച്ചെലവായി കണക്കാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അത് 20 ലക്ഷം രൂപയായി കുറച്ചു. സ്പോൺസർമാരുടെ നിർബന്ധമാണ് ഇതിനു പിന്നിൽ. ഇരുപതുലക്ഷം രൂപ അത്ര ചെറിയ തുകയൊന്നുമല്ല. ഇന്നത്തെ നിർമ്മാണച്ചെലവിന് അനുസൃതമായിട്ടുള്ള തുകതന്നെയാണിത്.
നേരത്തേ, ദുരിതബാധിതർക്കുള്ള പുനരധിവാസ പദ്ധതി ഒരുക്കാൻ രണ്ട് എസ്റ്റേറ്റുകളാണ് സർക്കാർ നോക്കിവച്ചിരുന്നത്. എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും. എന്നാൽ പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികയിൽ 430 കുടുംബങ്ങളേ ഉള്ളൂവെന്നതിനാൽ ടൗൺഷിപ്പ് എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായി ഒതുക്കാനാണ് തീരുമാനം. ആവശ്യമായി വന്നാൽ മറ്റു സ്ഥലവും പരിശോധിക്കും. പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ മൂന്നു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ വീടിനും ഏഴു സെന്റ് സ്ഥലമാണ് അനുവദിക്കുന്നത്. നേരത്തെ അഞ്ചുസെന്റിൽ വീട് ഒരുക്കാനായിരുന്നു പദ്ധതി. ടൗൺഷിപ്പിൽ നിർമ്മിച്ചുനൽകുന്ന വീടുകൾ 12 വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന് നിബന്ധനയുണ്ട്. ടൗൺഷിപ്പിനു പുറത്ത് സ്വന്തം നിലയ്ക്ക് വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ വീതം നൽകാനാണ് മന്ത്രിസഭാ തീരുമാനം. ദുരിതബാധിതർക്ക് ഇപ്പോൾ മാസം തോറും നൽകിവരുന്ന ബത്ത തുടർന്നും നൽകും. മാസം ആയിരം രൂപയുടെ അവശ്യസാധനങ്ങളും നൽകും.
ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടുന്ന മുറയ്ക്ക് ടൗൺഷിപ്പ് നിർമ്മാണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സ്പോൺസർമാരുള്ളതിനാൽ ഓരോരുത്തർക്കും എത്ര വീടുകൾ നിർമ്മിക്കാനാകുമെന്ന് അറിയേണ്ടതുണ്ട്. ഇപ്പോൾത്തന്നെ എട്ടുമാസം പിന്നിട്ടുകഴിഞ്ഞ സ്ഥിതിക്ക് നടപടിക്രമങ്ങളുടെ പേരിൽ ഇനിയും ഏറെ വൈകാതെ നോക്കാൻ ശ്രദ്ധിക്കണം. നിർമ്മാണച്ചുമതല ഏല്പിക്കാൻ സർക്കാർ തിരഞ്ഞെടുത്ത ഊരാളുങ്കൽ സൊസൈറ്റി ഏതു സമയത്തും നിർമ്മാണം തുടങ്ങാൻ തയ്യാറാണെന്നാണ് അറിയിച്ചിട്ടുള്ളത്. നാനൂറിലധികം വീടുകൾ ഒരുമിച്ചു നിർമ്മിക്കുമ്പോൾ സാധനസാമഗ്രികൾ വാങ്ങുന്നതിലും എത്തിക്കുന്നതിലും നല്ല ലാഭമുണ്ടാകുമെന്നതിനാൽ നിർമ്മാണച്ചെലവ് കുറയ്ക്കാനാകും. അതു കണക്കിലെടുത്താണ് ഒരു വീടിന് 20 ലക്ഷം രൂപ ചെലവു കണക്കാക്കി അന്തിമ തീരുമാനമെടുത്തിരിക്കുന്നത്. ടൗൺഷിപ്പിൽ അനുവദിക്കുന്ന വീട് ഗൃഹനാഥന്റെയും ഭാര്യയുടെയും പേരിലായിരിക്കും. ഇവരിൽ ഒരാൾക്കു മാത്രമായി വീടിന്മേൽ അവകാശമുണ്ടായിരിക്കില്ല. അത്യാവശ്യ ഘട്ടങ്ങളിൽ വീടും സ്ഥലവും പണയപ്പെടുത്തി വായ്പയെടുക്കാൻ സൗകര്യമുണ്ടാകും.
അടുത്ത മഴക്കാലം തുടങ്ങാൻ ഇനി രണ്ടുമാസമേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കാലാവസ്ഥ വച്ചു നോക്കിയാൽ മേയ് പകുതിക്കു മുമ്പേ മഴ എത്താറാണ് പതിവ്. അതിനാൽ പുനരധിവാസ ടൗൺഷിപ്പിന്റെ നിർമ്മാണം ഇനിയും അനിശ്ചിതമായി വൈകാൻ ഇടവരരുത്. കേന്ദ്രം പലിശയില്ലാ വായ്പയായി അനുവദിച്ച 529 കോടി രൂപ വച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാവുന്നതാണ്. ഈ തുക മാർച്ച് 31-നു മുമ്പ് ചെലവഴിച്ചിരിക്കണമെന്ന നിബന്ധന മറികടക്കാൻ ആവശ്യമായ നടപടികളും കൂട്ടത്തിൽ തുടരേണ്ടതുണ്ട്. ആവശ്യം ബോദ്ധ്യപ്പെടുത്തിയാൽ കാലാവധി നീട്ടിക്കിട്ടുമെന്നുതന്നെ പ്രതീക്ഷിക്കാം. ആസൂത്രണത്തിലും നടത്തിപ്പിലുമുള്ള അനിശ്ചിതത്വമാണ് ആദ്യം ഇല്ലാതാകേണ്ടത്. അതിനാവശ്യമായ തരത്തിൽ ഉദ്യോഗസ്ഥ സംവിധാനങ്ങളെ ഒരുക്കേണ്ടതുണ്ട്. പാഴാക്കാൻ ഇനി ഒട്ടും സമയമില്ലെന്ന യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയുക തന്നെ വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |