
ലോകമെമ്പാടുമുള്ള വനിതകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കാൻ വനിതാ കൂട്ടായ്മകളെ പ്രേരിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ഇന്ന് സ്‌ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യബോധത്തിനും അവകാശ സമത്വത്തിനും പിന്നിൽ ഒട്ടേറെ സ്‌ത്രീകളുടെ കണ്ണീരിൽ കുതിർന്ന പോരാട്ടത്തിന്റെയും ചെറുത്തുനില്പിന്റെയും ചരിത്രങ്ങൾ നിറഞ്ഞ വർഷങ്ങൾ പിന്നിലുണ്ട്. സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയിലെ എല്ലാ വനിതകളും വ്യക്തികൾ എന്ന നിലയിൽ പൂർണ സ്വാതന്ത്ര്യവും ആദരവും നേടിയെന്ന് പറയാനാകില്ല. എങ്കിലും പഴയ ഇരുണ്ട കാലങ്ങളെ അപേക്ഷിച്ച് വെളിച്ചത്തിന്റെ പാതയിലൂടെ മുന്നേറുകയാണ് അവരെന്ന് നിസംശയം പറയാനാകും. പുരുഷ സമൂഹത്തിന്റെ തണലിൽ രണ്ടാം നിരക്കാർ മാത്രമാണ് സ്‌ത്രീകൾ എന്ന യാഥാസ്ഥിതിക കാഴ്ചപ്പാട് വിദ്യാസമ്പന്നയും സ്വന്തം വരുമാനത്തിൽ കഴിയുന്നവളുമായ ഒരു സ്‌ത്രീയും ഇന്ന് അംഗീകരിക്കില്ല.
ഞങ്ങളുടെ ജീവിതങ്ങളുടെ തീരുമാനങ്ങളിൽ ഞങ്ങൾക്കും അഭിപ്രായമുണ്ട് എന്ന് തുറന്നുപറയാനും അത് നേടിയെടുക്കുന്നതിനുവേണ്ടി അചഞ്ചലയായി നിലകൊള്ളാനുമുള്ള കരുത്ത് ഏറെക്കുറെ സ്‌ത്രീ സമൂഹം ഇന്ന് നേടിക്കഴിഞ്ഞിരിക്കുകയാണ്. എല്ലാ വർഷവും മാർച്ച് 8 ആണ് അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്ന്. 1908 മാർച്ച് എട്ടിന്, തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിനു സ്‌ത്രീകൾ അമേരിക്കയിലെ ന്യൂയോർക്കിൽ ഒരു കൂറ്റൻ റാലി സംഘടിപ്പിച്ചു. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ നേരം ജോലിയും എന്നാൽ കുറഞ്ഞ ശമ്പളവും എന്ന രീതിക്കെതിരെയാണ് ഈ സ്‌ത്രീകൾ ശബ്ദമുയർത്തിയത്. തുടർന്ന് പല ഘട്ടങ്ങളിലായി പുരുഷകേന്ദ്രീകൃതമായ സർക്കാർ, വ്യവസായ സംവിധാനങ്ങൾക്ക് ലോകമെമ്പാടും ഇവരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കേണ്ടിവന്നു.
കേരളത്തിൽ സ്‌ത്രീകൾ വിദ്യാഭ്യാസരംഗത്തും സാമൂഹ്യ, സാംസ്കാരിക, കലാരംഗങ്ങളിലും വലിയ മുന്നേറ്റങ്ങളും ചുവടുവയ്‌പ്പുകളുമാണ് നടത്തിയിട്ടുള്ളത്. പക്ഷേ, സ്ത്രീകൾക്കെതിരായ അക്രമങ്ങളും ചൂഷണങ്ങളും ഇവിടെ പാടെ ഇല്ലാതായി എന്ന് പറയാനാകില്ലെന്നു മാത്രമല്ല, കൂടിവരികയാണോ എന്ന് സംശയിക്കുക കൂടി വേണം. സ്‌ത്രീകൾ മുന്നിട്ടു നടത്തുന്ന സമരങ്ങളെ പരിഹസിക്കാനും താഴ്‌ത്തിക്കെട്ടാനുമുള്ള പഴയ കാലത്തിന്റെ ചിന്താഗതി ഇന്നും ചില പരുഷ നേതാക്കളുടെ വാക്കുകളിലൂടെ പുറത്തുവരുന്നത് ദുഃഖകരമാണ്. ഈ വനിതാ ദിനത്തിലും സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാരുടെ സമരം നടക്കുകയാണ്. കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഇവരുടെ സമരം ഒത്തുതീർപ്പാക്കാനല്ല, ഇവരെ ആക്ഷേപിക്കാനും പരിഹസിക്കാനുമാണ് പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ ചില നേതാക്കൾ ശ്രമിക്കുന്നത്. ഇത്തരം മനോഭാവം മാറാൻ ഇനി എത്ര വനിതാദിനങ്ങൾ കഴിയേണ്ടതുണ്ട് എന്നും ആശങ്കപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴും!
ഈ വനിതാ ദിനത്തിന് ഏതാനും ദിവസം മുമ്പാണ് രണ്ട് അരുമപെൺകുട്ടികളെ ചേർത്തുപിടിച്ച്, വിദ്യാസമ്പന്നയും ആരോഗ്യവതിയുമായ ഒരു സ്‌ത്രീക്ക് കോട്ടയത്തിനടുത്ത് ഏറ്റുമാനൂരിൽ ട്രെയിനിനു മുന്നിൽ ചാടി മരിക്കേണ്ട സംഭവം ഉണ്ടായത്. ഇത്തരം സ്‌ത്രീകളുടെ അവസ്ഥ, അവർ ആത്മഹത്യ ചെയ്യാത്തതുകൊണ്ടു മാത്രമാണ് നാം അറിയാതിരിക്കുന്നത് എന്ന നില മാറേണ്ടതുണ്ട്. രണ്ടറ്റവും കാണാതെ വഴിമുട്ടുന്ന ഇത്തരം സ്‌ത്രീകൾക്ക് കയറിചെല്ലാവുന്ന ഒരു ഇടം സർക്കാർ സൃഷ്ടിക്കണം. എല്ലാ ജില്ലാ കളക്ടറേറ്റിലും അതിന് ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തണം. ഇനി മറ്റൊരു വനിതയ്ക്കും ഇത്തരം ദുർഗതി ഉണ്ടാകാതിരിക്കാൻ അതാവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |