
എവിടെയായാലും ഏറ്റവും കൂടുതൽ വില താരതമ്യേന മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കിട്ടുന്നത് ദേശീയപാതയ്ക്ക് സമാന്തരമായി ഇരുവശത്തുമുള്ള സ്ഥലങ്ങൾക്കാണ്. കേരളത്തിലാണെങ്കിൽ ഇത്തരം സ്ഥലങ്ങൾക്ക് വാണിജ്യമൂല്യമാണ് ഉള്ളത്. ഇത്തരം സ്ഥലങ്ങളിൽ ഒരു ചെറിയ കടയിട്ടാൽപ്പോലും സംസ്ഥാനത്ത് അത് ഒരു വരുമാന മാർഗമാവും. അതുകൊണ്ടുതന്നെ ദേശീയപാതയ്ക്കു ചേർന്നുള്ള വസ്‌തുക്കൾ, അത്രമാത്രം പ്രതിസന്ധിയിലാകുകയോ അതല്ലെങ്കിൽ പെൺമക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങൾ വരുമ്പോഴോ അല്ലാതെ ആരും വിൽക്കാറില്ല. ഇത്തരം വസ്തുക്കൾക്ക് ഓരോ വർഷം കഴിയുന്തോറും വിലയും ആവശ്യക്കാരും കൂടിവരുന്നതാണ് പൊതുവെ കണ്ടുവരുന്ന അനുഭവം. അതിനാൽ സർക്കാർ ആവശ്യങ്ങൾക്ക്- അത് ദേശീയപാതയ്ക്കായാലും മറ്റു പദ്ധതികൾക്കായാലും സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുമ്പോൾ ഉയർന്ന പ്രതിഫലം നൽകേണ്ടത് അനിവാര്യമാണ്.
സർക്കാർ അത് ഏറ്റെടുക്കാൻ നൽകുന്ന തുകയുടെ പത്തിരട്ടി തുക അവർക്ക് കുറെ വർഷങ്ങൾ കാത്തിരുന്നാൽ പിന്നീട് ലഭിക്കും. മാത്രമല്ല, ദേശീയപാത വികസിപ്പിക്കുന്നതിനാണ് ദേശീയപാതാ അതോറിട്ടി സ്ഥലം ഏറ്റെടുക്കുന്നത്. രാജ്യത്തിന്റെ വികസനത്തിന് അതാവശ്യമായതിനാൽ വിട്ടുകൊടുക്കാതിരിക്കാൻ ആർക്കും കഴിയില്ല. പക്ഷേ തങ്ങളുടെ ഭൂമിക്ക് ഉയർന്ന വില വേണമെന്ന അവകാശം ഉന്നയിക്കാൻ അവർക്ക് എല്ലാവിധ അർഹതയും ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. ദേശീയപാതാ അതോറിട്ടി പുതിയ റോഡിലൂടെ സഞ്ചരിക്കുന്നതിന് ടോൾ ഏർപ്പെടുത്തുന്നത് പതിവാണ്. അതായത്, ഏറ്റെടുത്ത ഭൂമി വീണ്ടും അവർക്ക് പണം ഉണ്ടാക്കിക്കൊടുക്കാനായി ഉപകരിക്കുന്നു എന്നത് കാണാതിരിക്കാനാവില്ല. ഇത്രയൊക്കെയാണെങ്കിലും പരമാവധി വില കുറയ്ക്കാനുള്ള പല അഭ്യാസങ്ങളും സർക്കാർ ഏജൻസികൾ ഇത്തരം സന്ദർഭങ്ങളിൽ കാണിക്കാറുണ്ട്. ഇത് ഉൾക്കൊണ്ടാവും സുപ്രീംകോടതി കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രശ്നം സംബന്ധിച്ച് ഇറക്കിയ സുപ്രധാനമായ ഒരു ഉത്തരവിൽ, ഭൂവുടമകൾക്ക് ഉയർന്ന നഷ്ടപരിഹാരത്തിനും പലിശയ്ക്കും അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്.
ദേശീയപാതാ പദ്ധതികൾക്കായി 1997നും 2015നും ഇടയിൽ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാര ആനുകൂല്യം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയപാതാ അതോറിട്ടി സുപ്രീംകോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച സുപ്രീംകോടതിയുടെ 2019ലെ വിധിക്ക് മുൻകാല പ്രാബല്യമില്ലെന്നായിരുന്നു അതോറിട്ടിയുടെ വാദം. അതിനു മുമ്പ് ഭൂമി ഏറ്റെടുത്ത വർഷങ്ങളിൽ അടിസ്ഥാന വില നൽകിയാൽ മതിയെന്നും വാദിച്ചു. എന്നാൽ ന്യായമായ നഷ്ടപരിഹാരം നിഷേധിക്കുന്നത് പൗരന്റെ സമത്വത്തിനുള്ള അവകാശം ലംഘിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. നഷ്ടപരിഹാരവും പലിശയും മുൻകാല പ്രാബല്യത്തിൽ നൽകിയാൽ സർക്കാരിന് 100 കോടി രൂപയുടെ അധിക സാമ്പത്തിക ബാദ്ധ്യത വരുമെന്ന് അതോറിട്ടി വാദിച്ചെങ്കിലും 1997നു മുമ്പും, 2015നു ശേഷവും ദേശീയപാതാ അതോറിട്ടി ഇത്തരത്തിൽ അടിസ്ഥാന വിലയേക്കാൾ കൂടിയ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടി അവരുടെ ആവശ്യം തള്ളുകയായിരുന്നു.
നേരത്തേ ലഭിച്ച അടിസ്ഥാന വില കുറവാണെന്നു കാണിച്ച് കോടതിയെ സമീപിച്ച കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ വിധി. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത 544-ന്റെ നിർമ്മാണത്തിന് ഭൂമി വിട്ടുകൊടുത്ത നൂറോളം കുടുംബങ്ങളും തൃശൂർ ജില്ലയിൽ പാണഞ്ചേരി, പീച്ചി വില്ലേജുകളിലും കോർപ്പറേഷൻ പരിധിയിലുമായി നാനൂറോളം കുടുംബങ്ങളും പാലക്കാട് ജില്ലയിൽ നിന്ന് മുന്നൂറോളം കുടുംബങ്ങളും നിയമ പോരാട്ടം നടത്തിവരികയാണ്. ഇവർക്കെല്ലാം അധിക തുക കിട്ടാൻ വഴി ഒരുക്കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സർക്കാർ ഏജൻസികൾ, അത് ദേശീയപാതാ അതോറിട്ടിയായാലും ശരി, എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനായാലും ശരി അർഹതയുള്ളവർക്ക് എത്രമാത്രം തുക കുറച്ചു കൊടുക്കാമെന്നാണ് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അർഹമായ തുക ലഭിക്കാൻ ദീർഘനാൾ അർഹർക്ക് കോടതി കയറിയിറങ്ങേണ്ടിയും വരുന്നു. ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |