SignIn
Kerala Kaumudi Online
Thursday, 22 October 2026 10.44 AM IST

ഉദ്യോഗാർത്ഥികളോട് കരുണ കാട്ടണം

READ ENGLISH VERSION

psc

വിദ്യാഭ്യാസം നേടിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഒരു ജോലിയിൽ കയറിപ്പറ്റാനാകും യുവതീയുവാക്കൾ ശ്രമിക്കുക. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ ശമ്പള കാര്യത്തിൽ അമിത പ്രതീക്ഷയൊന്നും വച്ചുപുലർത്തില്ല. മറ്റൊന്നും തരപ്പെട്ടില്ലെങ്കിൽ സ്വകാര്യ മേഖലയിൽ കിട്ടിയാലും സംതൃപ്തരാകും. കുറേപ്പേർ ഗൾഫ് രാജ്യങ്ങളിൽ പോകാൻ ശ്രമിക്കും. ഇപ്പോൾ അവിടെയും പണ്ടത്തെപ്പോലുള്ള സാദ്ധ്യതകളില്ല. നിശ്ചയദാർഢ്യമുള്ളവർ സർക്കാർ ജോലിക്കായി കോച്ചിംഗിനു പോകുകയോ,​ കമ്പയിൻ സ്റ്റഡി നടത്തുകയോ ചെയ്യും. അതിൽ കുറേപ്പേർ പി.എസ്.സി ലിസ്റ്റിൽ കടന്നുകൂടിയെന്നുവരാം. അവർ സർക്കാർ ഓഫീസുകളിലെ ഒഴിവുകളും നിയമനങ്ങളും ഇടയ്ക്കിടെ ശ്രദ്ധിച്ച് പ്രാർത്ഥനയോടെ കഴിയും.

എല്ലാ മുന്നണികളും തിരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗാർത്ഥികളെ വശത്താക്കാൻ പ്രകടനപത്രികയിൽ നിയമനങ്ങൾ ത്വരിതപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യും. എന്നാൽ അധികാരത്തിലേറിക്കഴിയുമ്പോൾ ഇക്കാര്യം മറക്കുകയോ മറന്നതായി നടിക്കുകയോ ചെയ്യും. പി.എസ്.സി ലിസ്റ്റിൽ കടന്നുകൂടിയവർ ഇക്കാര്യം ഓർമ്മപ്പെടുത്താൻ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രകടനങ്ങളും സത്യഗ്രഹങ്ങളും നടത്തും. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറാകുമ്പോൾ പരസ്യമായി ആത്മഹത്യാഭീഷണികൾ വരെ ഉയരാറുണ്ട്. അതും വനരോദനമായി കലാശിക്കുകയാണ് പതിവ്. സമയാസമയം പ്രതീക്ഷിക്കുന്ന ഒഴിവുകൾ പല വകുപ്പുകളിലും റിപ്പോർട്ട് ചെയ്യാറില്ല. തന്റെ വകുപ്പിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ പി.എസ്.സിയെ അറിയിക്കുന്നത് എത്രത്തോളം വൈകിക്കാൻ പറ്റുമെന്ന് ഗവേഷണം നടത്തുന്ന മേലുദ്യോഗസ്ഥരും കുറവല്ല. തങ്ങൾ എത്ര പാടുപെട്ടാണ് ഇപ്പോഴത്തെ കസേരയിൽ എത്തിയതെന്ന കാര്യം പലരും ബോധപൂർവം മറക്കും. മുകളിലത്തെ അധികാരികളും ഇക്കാര്യത്തിൽ ശുഷ്‌ക്കാന്തി കാട്ടാറില്ല.

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്,​ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിട്ടത് പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. 2026 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ വിവിധ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26-നകം പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലർ. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതു മൂലം വിവിധ റാങ്ക് ലിസ്റ്റുകളിൽ കയറിപ്പറ്റിയിട്ടും ജോലി കിട്ടാത്ത ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുണ്ട്. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ഉണ്ടാകുന്ന ഒഴിവുകളെല്ലാം ബന്ധപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്നുതന്നെ നികത്തണമെന്നും സർക്കുലറിൽ പറയുന്നു. എൻ.ജെ.ഡി (നോട്ട് ജോയിനിംഗ് ഡ്യൂട്ടി) ഒഴിവുകൾ നിശ്ചിത പ്രവേശന സമയം കഴിഞ്ഞാലുടൻ റിപ്പോർട്ട് ചെയ്യണം.

സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ ഏതു ജില്ലയിലാണ് എൻട്രി കേഡർ തസ്തികയിൽ ഒഴിവുണ്ടാകുക എന്നത് സീനിയോറിറ്റി ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കണക്കാക്കി വകുപ്പ് തലവൻ ജില്ലാ ഓഫീസറെ അറിയിക്കണം. ആറുമാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, ഡെപ്യൂട്ടേഷൻ ഒഴിവുകൾ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം/ സ്ഥലംമാറ്റം എന്നിവയിലൂടെ നികത്തരുതെന്നും സർക്കുലറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒരു ജോലിയും സ്ഥിരവരുമാനവും സ്വപ്നംകണ്ട് കഴിയുന്ന യുവതലമുറയുടെ വികാരം മനസിലാക്കിയുള്ളതാണ് ഈ ഉത്തരവ്. പ്രതീക്ഷയോടെ പുറത്തിറക്കുന്ന പല ഉത്തരവുകളുടെയും ദു:സ്ഥിതി ഇതിന് ഉണ്ടാകരുത്. ഉദ്യോഗാർത്ഥികളുടെ ഭാവി മാർഗത്തിൽ തടസം സൃഷ്ടിക്കുന്ന മനോഭാവം വകുപ്പുകളുടെ മേധാവികൾ വെടിയണം. അത് ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ടെന്ന കാര്യവും മറക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION