SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.47 AM IST

ഓണത്തിന് ഓടാൻ അധിക ട്രെയിനുകൾ

READ ENGLISH VERSION
bg

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചത് മലയാളികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഉത്സവസീസണിലെ വലിയ തിരക്ക് മുൻകൂട്ടിക്കണ്ടാണ് ഈ അധിക സർവീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കഴിഞ്ഞദിവസം ഒഡീഷയിലെ ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കിയത്. സ്‌പെഷ്യൽ ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടനെ ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമേ പുരിയിലെ രഥയാത്രയോടനുബന്ധിച്ച് മുന്നൂറിലധികം സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്താനും തിരിച്ചുപോകാനും മലയാളി യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിക്കുന്ന നിവേദനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരൻ എം.എൽ.എയും കേന്ദ്രമന്ത്രിക്ക് നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.

ഏറ്റവും കൂടുതൽ മലയാളികൾ ഓണത്തിന് നാട്ടിലേക്ക് വരുന്നത് മുംബയ്, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നാണ്. ഇതിൽ ഉത്തരേന്ത്യയിൽ നിന്നുള്ള നഗരങ്ങളിൽ നിന്ന് ട്രെയിൻ അല്ലാതെ സാധാരണ യാത്രക്കാർക്ക് മറ്റ് മാർഗങ്ങളില്ല. അന്യസംസ്ഥാനങ്ങളിൽ കുടുംബവുമായി താമസിക്കുന്നവർ മിക്കവാറും ഒരുമിച്ചാണ് വരുന്നതും മടങ്ങിപ്പോകുന്നതും. മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താലേ ടിക്കറ്റ് ലഭിക്കൂ എന്നതാണ് നിലവിലുള്ള അവസ്ഥ. കേരളത്തിനോട് ഏറ്റവും അടുത്ത നഗരങ്ങളായ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ്, സർവീസുകളുടെ എണ്ണം കൂടുതലായിട്ടുപോലും ടിക്കറ്റ് കിട്ടാൻ ഏറ്റവുമധികം പ്രയാസം അനുഭവപ്പെടുന്നത്. ട്രെയിൻ ലഭിച്ചില്ലെങ്കിൽ ഇവർക്ക് ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കണം.

ഈ സീസണിൽ ടൂറിസ്റ്റ് ബസുകാർ അവരുടെ സാധാരണ നിരക്കിന്റെ മൂന്നും നാലും മടങ്ങാണ് വാങ്ങാറുള്ളത്. കൂടുതൽ ട്രെയിനുകൾ ഈ സമയത്ത് ഓടിക്കാതിരിക്കാൻ, ടൂറിസ്റ്റ് ബസ് ലോബിയുടെ സമ്മർദ്ദം റെയിൽവേ ഉദ്യോഗസ്ഥന്മാരുടെ മേൽ ഉണ്ടാകാറുണ്ടെന്നത് ഈ സമയത്തെ സ്ഥിരം യാത്രക്കാരുടെ പ്രധാന ആരോപണമാണ്. മറ്റ് സമയത്തെ യാത്രകളെ അപേക്ഷിച്ച് ഓണസമയത്ത് ലഗേജുകൾ വളരെ കൂടുതലായിരിക്കും. അതിനാൽ ട്രെയിൻ യാത്രയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഓണാവധിക്ക് വരുന്ന 90 ശതമാനം യാത്രക്കാരുടെയും ആശ്രയം. സ്‌പെഷ്യൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇത് കാര്യക്ഷമമായി നടപ്പാക്കേണ്ടത് അതാത് മേഖലകൾ ഭരിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥരാണ്. കേരളത്തോട് വലിയ താത്‌പര്യം ഇവർ പുലർത്താറില്ലെന്നതാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

അതിനാൽ മന്ത്രിയുടെ പ്രഖ്യാപനം പൂർണമായി നടപ്പിലാക്കി കിട്ടാൻ കേരളത്തിൽ നിന്നുള്ള എം.പിമാരും സജീവശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. അതുപോലെ കേരളത്തിന്റെ റെയിൽവേ വികസനം നടക്കാത്തതിന് കേന്ദ്രത്തെ മാത്രം കുറ്റം പറയുന്ന ശൈലി കേരള സർക്കാരും പിന്തുടരുന്നത് ശരിയല്ല. കേരളത്തിലെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകുന്നതിൽ സംസ്ഥാനം അമാന്തം കാണിക്കുന്നുണ്ടെന്നത് ഒരു ആരോപണമല്ല; വാസ്തവമാണ്. അതുപോലെ സംസ്ഥാനം പങ്കാളിത്തം വഹിക്കേണ്ടുന്ന പദ്ധതികളിൽ തുക ചെലവഴിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാതെ വർഷങ്ങളോളം വൈകിപ്പിക്കുന്നതും റെയിൽവേ വികസനം ഇഴയാൻ ഇടയാക്കിയിട്ടുള്ള കാര്യങ്ങളാണ്. പുതിയ യു.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ പതിവ് കുറ്റപ്പെടുത്തലും പരസ്‌പരം ആരോപണം ചൊരിഞ്ഞ് ആളുകളെ വിഡ്ഢികളാക്കുന്ന രീതിയും വെടിഞ്ഞ് പോസിറ്റീവായ സമീപനം സ്വീകരിക്കുമെന്ന് കരുതാം.

English Summary

Onam special trains to begin soon says railway minister.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY