ട്രെയിനിൽ യാത്രചെയ്യുമ്പോഴും റെയിൽവേസ്റ്റേഷനിലുമൊക്കെ നമ്മൾ സ്ഥിരമായി കേൾക്കാറുള്ളതാണ് ട്രെയിനുകളുടെ ഹോൺ ശബ്ദം. എന്നാൽ ലോക്കോ പൈലറ്റുമാർ വെറുതെയല്ല ഈ ഹോൺ മുഴക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ ഇതിനൊക്കെ കൃത്യമായ ചില നിയമങ്ങളുണ്ട്. നിരത്തിൽ ഓടുന്ന വാഹനങ്ങളിലെപ്പോലെ വൈദ്യുതി ഉപയോഗിച്ചല്ല ട്രെയിനിലെ ഹോണുകൾ പ്രവർത്തിക്കുന്നത്. ഇവ 'ന്യൂമാറ്റിക് ഹോണുകൾ' അല്ലെങ്കിൽ എയർ ഹോണുകൾ എന്നാണ് വിളിക്കുന്നത്.
എഞ്ചിനിലെ കംപ്രസർ നിർമ്മിക്കുന്ന ഉയർന്ന മർദ്ദത്തിലുള്ള വായു, ഹോണിനുള്ളിലെ പ്രത്യേക ഡയഫ്രത്തിലേക്ക് വേഗത്തിൽ കടത്തിവിട്ടാണ് ഈ ശബ്ദം ഉത്പാദിപ്പിക്കുന്നത്. റെയിൽവേയുടെ നിബന്ധനകൾ പ്രകാരം 95 ഡെസിബെൽ മുതൽ 112 ഡെസിബെൽ വരെയാണ് ഹോണുകളുടെ ശബ്ദത്തിന്റെ തീവ്രത. പ്രതികൂല കാലാവസ്ഥയിലും കനത്ത മഞ്ഞിലും വളരെ ദൂരം വരെ ശബ്ദം എത്തിക്കാൻ ഈ ഉയർന്ന തീവ്രതയിലൂടെ സഹായിക്കുന്നു.
ഓരോ തവണ ഹോൺ മുഴക്കുമ്പോഴും റെയിൽവെ ജീവനക്കാർക്കും യാത്രക്കാർക്കും ലോക്കോ പൈലറ്റ് നൽകുന്ന കൃത്യമായ സന്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒറ്റ ചെറിയ ഹോൺ: യാർഡിലേക്ക് ട്രെയിൻ മാറ്റാൻ പോകുന്നു എന്നതിന്റെ സൂചനയാണിത്. അടുത്ത യാത്രയ്ക്കുവേണ്ടി ട്രെയിൻ വൃത്തിയാക്കാനോ പരിശോധിക്കാനോ കൊണ്ടുപോകുന്നതിന് മുൻപാണ് ഇത് മുഴക്കുന്നത്.
ചെറിയ രണ്ട് ഹോണുകൾ: യാത്ര പുറപ്പെടുന്നതിന് മുൻപ് ഗാർഡിനോട് ട്രെയിൻ എടുക്കാനുള്ള അനുമതിചോദിക്കുന്ന കോഡാണിത്.
ചെറിയ മൂന്ന് ഹോണുകൾ: അടിയന്തിര സാഹചര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ട്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെടുകയോ, ബ്രേക്ക് തകരാറിലാവുകയോ ചെയ്യുമ്പോൾ ഗാർഡിനോട് അടിയന്തിര ബ്രേക്ക് പ്രയോഗിക്കാൻ ആവശ്യപ്പെടാനാണിത്.
നാല് ചെറിയ ഹോണുകൾ: ട്രെയിനിൽ എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ടെന്നും, എഞ്ചിൻ മുന്നോട്ട് എടുക്കാൻ സാധിക്കില്ലെന്നും കൺട്രോൾ റൂമിനെയും ഗാർഡിനെയും അറിയിക്കാനുള്ള സന്ദേശമാണിത്.
ഒരു നീളമുള്ളതും ഒരു ചെറിയ ഹോണും: ലോക്കോ പൈലറ്റ് ബ്രേക്ക് സിസ്റ്റം റീസെറ്റ് ചെയ്തു കഴിഞ്ഞു എന്നും, ഇനി ഗാർഡ് ബ്രേക്ക് റിലീസ് ചെയ്യണമെന്നും ആവശ്യപ്പെടുന്ന സിഗ്നൽ.
രണ്ട് നീളമുള്ളതും രണ്ട് ചെറിയ ഹോണുകളും: റെയിൽവെ ക്രോസിംഗുകൾക്ക് അടുത്തെത്തുമ്പോൾ റോഡ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ ലോക്കോ പൈലറ്റ് നിർബന്ധമായും ഈ രീതിയിൽ ഹോൺ മുഴക്കണം.
തുടർച്ചയായ നീളമുള്ള ഹോൺ: ട്രെയിൻസ്റ്റേഷനിലോ പ്ലാറ്റ്‌ഫോമിലോ നിർത്താതെ നേരെ കടന്നുപോകാൻ പോവുകയാണെന്ന് യാത്രക്കാർക്ക് നൽകുന്ന മുന്നറിയിപ്പാണിത്.
പഴയ കാല ഡീസൽ എഞ്ചിനുകളിൽവലിപ്പത്തിലുള്ള സിംഗിൾ അല്ലെങ്കിൽ ഡബിൾ ഹോണുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ കാലത്തെ എഞ്ചിനുകളിൽ വായു മർദ്ദം കുറഞ്ഞ കൂടുതൽ വ്യക്തതയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന 'മൾട്ടിടോൺ എയർ ഹോണുകളാണ്' റെയിൽവെ ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |