
നാട്ടിൻപുറങ്ങളിൽ ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയുടെയും കറക്കിക്കുത്തിന്റെയുമൊക്കെ തട്ടിപ്പുകഥകൾ പുതിയ തലമുറയ്ക്ക് കേട്ടുചിരിക്കാനുള്ള വകകളായിരിക്കും. തട്ടിപ്പുകളുടെയും കൊള്ളയുടെയും സ്വഭാവവും രീതിയും മാറിമാറി, വാട്സ്ആപ്പ് കാളുകളിൽ നേരിട്ടു പ്രത്യക്ഷപ്പെട്ട് ഇല്ലാത്ത കേസിന്റെ പേരിൽ ന്യായാധിപന്മാരെയും ഉന്നതോദ്യോഗസ്ഥരെയും വരെ വിർച്വൽ അറസ്റ്റിലാക്കി ഭീഷണിപ്പെടുത്തുന്ന 'കുബുദ്ധിരാക്ഷസന്മാ"രായ സൈബർ പെരുംകള്ളന്മാരുടെ കാലമാണ്.
എന്നാൽ, അന്വേഷണ ഏജൻസികളുടെയും ബാങ്കുകളുടെയും ജാഗ്രത കാരണം വിർച്വൽ അറസ്റ്റ് തട്ടിപ്പുകൾ കുറഞ്ഞുവെന്ന് ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ കണക്കുകൾ സഹിതം കൊച്ചി ലേഖകൻ ശ്രീഹരി രാമകൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട് ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ പൊതുവെ കുറഞ്ഞുവെന്നല്ലാതെ പൂർണമായും തടയാനായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കോഴിക്കോട്ടുനിന്ന് ഇന്നലെ പുറത്തുവന്ന വാർത്ത. കോട്ടൂളി സ്വദേശിയായ വീട്ടമ്മയുടെ 1.35 കോടിയാണ് സൈബർ തട്ടിപ്പുകാർ കവർന്നതെന്നാണ് വിവരം. മുംബയ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കാളിൽ എത്തിയായിരുന്നു ഇല്ലാത്ത കേസിന്റെ പേരിൽ ഭീഷണിയും തട്ടിപ്പും. നമ്മുടെ ആധാർ നമ്പർ ഉപയോഗിച്ച് അജ്ഞാതർ വ്യാജ സിംകാർഡുകൾ എടുത്തെന്നും, ആ മൊബൈൽ ഫോണുകൾ കള്ളക്കടത്തിനോ ലഹരിക്കടത്തിനോ മറ്രോ ഉപയോഗപ്പെടുത്തിയെന്നും, ആ പണമാണ് നമ്മുടെ അക്കൗണ്ടിലുള്ളതെന്നും പറഞ്ഞായിരിക്കും തട്ടിപ്പിന്റെ തുടക്കം. സി.ബി.ഐ ഉദ്യോഗസ്ഥരെന്നോ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്നോ ഒക്കെ പറഞ്ഞ്, യൂണിഫോമിൽത്തന്നെ പ്രത്യക്ഷപ്പെട്ടായിരിക്കും തട്ടിപ്പുകാരുടെ വിളയാട്ടം. കേസിൽ ഇരകളെ വീട്ടിൽത്തന്നെ വിർച്വൽ അറസ്റ്റിലാക്കുകയാണെന്നും, അക്കൗണ്ടിലെ പണം പരിശോധനയ്ക്കും മറ്റുമായി കൈമാറണമെന്നും പറയും. ലഹരിക്കേസിലും കള്ളക്കടത്തുകേസിലും ഉൾപ്പെട്ടാലുള്ള പൊല്ലാപ്പുകളോർത്ത് മിക്കവരും രഹസ്യമായി അക്കൗണ്ടിലെ പണം തട്ടിപ്പുകാർക്ക് കൈമാറും. പണം കൈമാറിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നായിരിക്കും വിശ്വസിപ്പിക്കുക.
തട്ടിപ്പുകാരുടെ കെണിയിൽ കുടുങ്ങി, അവർക്ക് കൈമാറാനായി ചില അക്കൗണ്ട് ഉടമകൾ വൻതുകകൾ പിൻവലിക്കാനെത്തിയതിൽ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ മാത്രം രക്ഷപ്പെട്ടവരുണ്ട്. പലപ്പോഴും മറ്റു രാജ്യങ്ങളിലിരുന്നായിരിക്കും തട്ടിപ്പുകാർ ചരടു വലിക്കുന്നത് എന്നതുകൊണ്ട് കേസ് തെളിയിക്കാനും പണം വീണ്ടെടുക്കാനും നൂലാമാലകൾ ഏറെയാണ്. ഓപ്പറേഷൻ 'ചക്ര"യുടെ ഭാഗമായി സി.ബി.ഐ ആണ് വിർച്വൽ കേസ് തട്ടിപ്പുകൾ അന്വേഷിക്കുന്നത്. തട്ടിപ്പുകാർ ഇന്ത്യയ്ക്കകത്ത് തന്നെയായ കേസുകളിൽ 400 ഇടങ്ങളിലായി നടത്തിയ റെയ്ഡിലൂടെ ഇതിനകം എഴുപത്തിയഞ്ചു പേരെ പിടികൂടിയെന്നാണ് കണക്ക്. സംസ്ഥാന സൈബർ പൊലീസിന്റെ റെക്കാഡുകൾ പ്രകാരം, തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 20 ശതമാനം വരെ തിരിച്ചുപിടിക്കാനോ മരവിപ്പിക്കാനോ കഴിഞ്ഞിട്ടുമുണ്ട്. 2024-ൽ സൈബർ തട്ടിപ്പുകളിലൂടെ രാജ്യത്ത് 92,323 കേസുകൾ വഴി 1,925 കോടിയിലധികം രൂപയാണ് നഷ്ടമായത്.
എന്നാൽ കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും അന്വേഷണ ഏജൻസികളുടെയും ജാഗ്രതയും ബോധവത്കരണവും വഴി ഇത്തരം തട്ടിപ്പുകൾ കുറയ്ക്കാനായിട്ടുണ്ട് എന്നത് നേരുതന്നെ. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്യപ്പെട്ട സൈബർ തട്ടിപ്പുകളുടെ എണ്ണം 58,239-ഉം, അതിലൂടെ നഷ്ടമായ പണം 650 കോടിയുമാണ്. സാധാരണക്കാർ സൈബർ ഇടങ്ങളിൽ സജീവമായിരിക്കുമ്പോഴും അവ ഉപയോഗപ്പെടുത്തിയുള്ള ചതിക്കുഴികളുടെ കാര്യത്തിൽ ജാഗ്രതയില്ലാത്തവരാണ് എന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. സൈബർ സാക്ഷരത എന്നത് ഹൈസ്കൂൾ ക്ളാസ് മുതൽ പാഠ്യവിഷയമാക്കുകയും, പൊലീസ് സംവിധാനം വഴി ഇക്കാര്യത്തിലെ പൊതുബോധവത്കരണം ശക്തമാക്കുകയും വേണം. സ്വന്തം അക്കൗണ്ടിലെ പണം തട്ടിപ്പുകാർക്ക് കബളിപ്പിച്ചെടുക്കാനുള്ളതല്ല എന്ന വിവേകബുദ്ധി ഓരോ സാധാരണക്കാരനും ഉണ്ടായിരിക്കുകയാണ് ആദ്യം വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |