
പരസ്‌പരം യോജിക്കാത്ത രണ്ട് കക്ഷികൾ ഉണ്ടാകുമ്പോഴാണല്ലോ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അവർ യോജിക്കാത്തിടത്തോളം ആ പ്രശ്നം അപരിഹാര്യമായി തുടരുകയും ചെയ്യും. ഭൂമിയുടെ തർക്കമാണെങ്കിൽ കോടതികളിൽ കേസും അപ്പീലുകളുമായി എത്ര വർഷങ്ങൾപോലും നീണ്ടുപോകാം. എന്നാൽ, ഇതേ വിഷയംതന്നെ ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകരും നിഷ്‌പക്ഷമതികളായ മദ്ധ്യസ്ഥരും ഇടപെട്ടാൽ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാനും കഴിയുന്നതാണ്. പക്ഷേ, ഇരുകക്ഷികളും വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഒരു പ്രശ്നവും എവിടെയും പരിഹരിക്കപ്പെടില്ല. അതുപോലെ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതും യു.ഡി.എഫ് സർക്കാർതന്നെ അതിന് മുൻകൈയെടുത്തതുമാണ് ദശാബ്ദങ്ങളോളം നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് പരിഹാരമുണ്ടാക്കിയത്. അവിടെ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് നിർണായകമായ തീരുമാനമുണ്ടായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രശ്നപരിഹാരത്തിനായി നേരിട്ട് ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി. എം.ജോണും വി.പി.സജീന്ദ്രൻ എം.എൽ.എയും അഭിനന്ദനം അർഹിക്കുന്നു.
ധാരണപ്രകാരം പര്യത്തുകാവിലെ തർക്കഭൂമിയിൽ കഴിഞ്ഞിരുന്നവർ സുപ്രീംകോടതിയുടെ ഉത്തരവ് മാനിച്ചുകൊണ്ട് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തുനിന്നും വീടുകളിൽ നിന്നും ഒഴിയുന്നതായിരിക്കും. പകരം ഇവർക്ക് ഇതേ ഭൂമിയിൽതന്നെ 5 സെന്റ് ഭൂമി വീതം ഉടമസ്ഥാവകാശത്തിൽ നൽകും. ഭൂവുടമയ്ക്ക് ഇതിന്റെ നഷ്ടപരിഹാരം സർക്കാർ നൽകുന്നതായിരിക്കും. പഞ്ചായത്ത് വക പൊതുവഴിയും ഇവർക്ക് ഉറപ്പാക്കും. എട്ടോളം കുടുംബങ്ങളാണ് ഇവിടെ പാർക്കുന്നത്. ഓരോ കുടുംബത്തിനും 1000 ചതുരശ്ര അടിയിൽ കുറയാത്ത വീട് സർക്കാരിന്റെ നേതൃത്വത്തിൽ നിർമ്മിച്ചുനൽകും. ഒരു വർഷത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി ഇവരെ മാറ്റിപാർപ്പിക്കാനാണ് ധാരണ. വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതുവരെ നിലവിലുള്ള വീട്ടിൽതന്നെ താമസിക്കാൻ അനുവദിക്കുകയും ചെയ്യും. ഇരുകൂട്ടരും സമ്മതിച്ച സംഗതികൾ ഉൾക്കൊള്ളിച്ച് കരാർ ഉണ്ടാക്കും. ഇതിന് മേൽനോട്ടം വഹിക്കുന്നതിന് മൂവാറ്റുപുഴ ആർ.ഡി.ഒയെയും ഡിവൈ.എസ്.പിയെയും ചുമതലപ്പെടുത്തും.
പതിനാലോളം തവണ ഒഴിഞ്ഞുപോകാനായി കോടതി നോട്ടീസുകൾ നൽകിയെങ്കിലും പുറമ്പോക്കിലാണ് തങ്ങൾ താമസിക്കുന്നതെന്നും മുക്കാൽ നൂറ്റാണ്ടോളമായി താമസിക്കുന്ന വീട്ടിൽ നിന്നും വസ്തുവിൽ നിന്നും ഇറങ്ങുന്ന പ്രശ്നമില്ലെന്ന കടുത്ത നിലപാടിലായിരുന്നു അവിടെ താമസിക്കുന്നവർ. പലതവണ പൊലീസ് നടപടികൾ ഉണ്ടായെങ്കിലും ഇവരെ ഒഴിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലും താമസക്കാർക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. ഒത്തുതീർപ്പിന്റെ ഭാഗമായി ഈ കേസുകളും തീർപ്പാക്കുമെന്ന് എം.എൽ.എ പറയുകയുണ്ടായി. ഇരുകൂട്ടരും തമ്മിലുള്ള കരാർ ഒപ്പിട്ട് കോടതിയിൽ സർക്കാർ സമർപ്പിക്കും. ഇതോടെ അമ്പതുവർഷത്തിലേറെയായി വിവിധ കോടതികൾ കയറിയിറങ്ങിയ ഒരു കേസിനാണ് പരിസമാപ്തിയാവുക. ഏതു വസ്തുവിലായാലും താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള യഥാർത്ഥ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കോടതിയിൽ നിന്നും അവർക്ക് അനുകൂലമായ വിധി ലഭിക്കാൻ സാദ്ധ്യതയില്ല.
അതേസമയം തലമുറകളായി താമസിക്കുന്ന ഒരു സ്ഥലത്തുനിന്ന് താമസക്കാരെ പെരുവഴിയിലേക്ക് ഇറക്കിവിടുന്നതും ശരിയല്ല. അവർക്ക് പോകാൻ മറ്റൊരു സ്ഥലമില്ലാത്തതുകൊണ്ടാണ് ഇത്രയുംകാലം അവർ ഒഴിപ്പിക്കലിനെ എതിർത്തിരുന്നത്. ഈ പ്രശ്നം വഷളാക്കാനല്ലാതെ പരിഹരിക്കാൻ രാഷ്ട്രീയക്കാരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഇക്കാലത്തിനിടയിൽ ആത്മാർത്ഥമായ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നത് നിർഭാഗ്യകരമാണ്. ഏറ്റവും ഒടുവിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇവരെ ഒഴിപ്പിക്കുന്നതിന് പൊലീസ് നടപടിയും എതിർപ്പുണ്ടായപ്പോൾ ജലപീരങ്കി പ്രയോഗവും മറ്റും വേണ്ടിവന്നത് വിവാദമായിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ജനപ്രതിനിധികൾ സംഭവസ്ഥലത്തെത്തി പുതിയ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയുമൊക്കെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുകൊണ്ടൊക്കെ രാഷ്ട്രീയമായ മുതലെടുപ്പുകൾ നടത്താമെന്നല്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. എന്തായാലും ഇനി അവർക്ക് അവരുടെ സ്വന്തം ഭൂമിയിൽ സ്വസ്ഥമായി തലചായ്‌ക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |