SignIn
Kerala Kaumudi Online
Saturday, 17 October 2026 12.54 AM IST

തുറമുഖ നഗരപ്പെരുമ നമുക്ക് സ്വന്തമാകട്ടെ

port-city

'മിഷൻ സമുദ്ര'യിലൂടെ കേരളത്തെ തുറമുഖ നഗരമായി വികസിപ്പിക്കാനുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ സ്വപ്ന പദ്ധതി കേരളത്തിന്റെ വികസന മുന്നേറ്റത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മുഴുവൻ മലയാളികളെയും സന്തോഷിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നതാണ്. വിദ്യാഭ്യാസ-ആരോഗ്യ-സാംസ്കാരിക മുന്നേറ്റങ്ങളിലൂടെ രാജ്യാന്തര പ്രശസ്തി സ്വന്തമാക്കിയിട്ടുള്ള കേരളം പക്ഷേ, വികസന മുരടിപ്പിനെപ്പറ്റി കാലങ്ങളായി പരാതിപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ. ഇതു മുറിച്ചു കടക്കാനും, കേരളത്തെ സാമൂഹ്യ സാമ്പത്തിക പുരോഗതിയുടെ പുതിയ ആകാശങ്ങളിലേക്ക് കൈപിടിച്ചുയർത്താനും സഹായകമാകുന്നതാണ് തുറമുഖ നഗരമെന്ന വിലോഭനീയമായ കാഴ്ചപ്പാട്. കഴിഞ്ഞ ദിവസം കേരളകൗമുദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'മിഷൻ സമുദ്ര' കോൺക്ലേവ് ഉദ്ഘാടനം ചെയ്യവേ പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. വളരെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു വികസന പദ്ധതിയുടെ ജാലകങ്ങളാണ് മുഖ്യമന്ത്രി നമുക്കു മുന്നിൽ തുറന്നിടുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമ്മാനിക്കുന്ന അനന്തസാദ്ധ്യതകൾ മുന്നിൽക്കണ്ടാണ് മിഷൻ സമുദ്ര ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് മിനി തുറമുഖങ്ങളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ഇവയിൽ കൊല്ലം തുറമുഖത്തിനാണ് സവിശേഷ പ്രാധാന്യം നൽകുകയെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. കേരളത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജി.ഡി.പി) 40 ശതമാനം തുറമുഖ വികസനത്തിലൂടെ സംഭാവന നൽകാൻ കഴിയുന്ന തരത്തിൽ തുറമുഖ വികസനം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ പ്രതീക്ഷകളുടെ ഒരു മഹാസഞ്ചയമാണ് നമുക്കു മുന്നിൽ ഇതൾ വിരിയുന്നത്. ജി.ഡി.പിയുടെ 40 ശതമാനം എന്നു പറഞ്ഞാൽ ചൈന, ദുബായ്, സിംഗപ്പൂർ എന്നീ വികസിത തുറമുഖങ്ങളോടു മത്സരിക്കാൻ കഴിയുന്നവിധം ഈ കൊച്ചു കേരളത്തിന്റെ തുറമുഖം അടിസ്ഥാനപ്പെടുത്തിയുള്ള വികസനവും സമുദ്ര സമ്പത്തിനെ ആശ്രയിച്ചുള്ള 'ബ്ലൂ ഇക്കോണമി'യും ഉയരങ്ങൾ കീഴടക്കും. ഇതിൽ ആദ്യഘട്ടത്തിലെ വികസനത്തിൽ ഉൾപ്പെടുന്ന കൊല്ലത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതിന് ചരിത്രപരമായ സാംഗത്യം തന്നെയുണ്ട്.

സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ കേരളത്തിലെ ഏറ്റവും പ്രാചീനമായ വാണിജ്യ കേന്ദ്രവും തുറമുഖ നഗരവുമായിരുന്നു കൊല്ലം. എന്നാൽ, മാറിയ കാലവും ജീവിതവും കൊല്ലത്തിന്റെ ചരിത്രപ്പെരുമയിലും നിഴലുകൾ വീഴ്ത്തിയിട്ടുണ്ട്. ഈ പെരുമയുടെ സുവർണകാലം ഒരിക്കൽക്കൂടി മടക്കിക്കൊണ്ടു വരാനുള്ള സഞ്ചാരപാത കൂടിയായി മാറും നിർദ്ദിഷ്ട തുറമുഖ നഗര പദ്ധതി. തിരുവനന്തപുരം വിഴിഞ്ഞം മുതൽ കാസർകോടുവരെ നീളുന്ന തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വ്യവസായ-വാണിജ്യ- സാംസ്കാരിക സംരംഭങ്ങൾ കൂടി സജീവമാകുന്നതോടെ, അത് വരുംകാല കേരളത്തിന്റെ വികസന മുന്നേറ്റത്തിന്റെ അതിരടയാളങ്ങളാകും. മാരിടൈം രംഗവുമായി ബന്ധപ്പെട്ട വ്യത്യസ്ത കോഴ്സുകൾ അടുത്ത അക്കാഡമിക് വർഷം മുതൽ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. കേരളത്തിലേക്ക് നിക്ഷേപം നടത്താനെത്തുന്നവരെ അതിഥികളായി കാണുന്ന സമീപനം സ്വീകരിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.

ഏതു വികസനത്തിന്റെയും മറുപുറം എന്നപോലെ, തുറമുഖ നഗര വികസനത്തിലും പരിസ്ഥിതിയുടേയും ജനജീവിത പ്രശ്നങ്ങളുടേയും സങ്കീർണതകൾ ഉണ്ടായെന്നു വരും. ഇത്തരം കാര്യങ്ങൾ സങ്കുചിത രാഷ്ട്രീയത്തിന്റെ അടഞ്ഞ അറകൾക്കുള്ളിൽ നിന്നു കാണാതെ, കേരളത്തിന്റെയും ഇവിടത്തെ മുഴുവൻ ജനങ്ങളുടേയും വികസന സമൃദ്ധിയിലേക്കുള്ള പാതയൊരുക്കലാണെന്ന കാഴ്ചപ്പാടിൽ എല്ലാ വിഭാഗം ആളുകളും പിന്തുണ നൽകുകയാണ് വേണ്ടത്. സർക്കാർ എല്ലാവരെയും വിശ്വാസത്തിലെടുക്കുകയും വേണം. അതിന് ബലം നൽകുന്ന വികസനോന്മുഖ മാദ്ധ്യമ പ്രവർത്തനത്തിന്റെ മാതൃകകൾ കാട്ടാനാണ് കേരളകൗമുദി ശ്രമിക്കുന്നത്. അങ്ങേയറ്റം ഭാവനാപൂർണവും പ്രതിജ്ഞാബദ്ധവുമായ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാനും, ധീരമായും സ്ഥൈര്യത്തോടെയും അതു മുന്നോട്ടു കൊണ്ടുപോകാനുള്ള ആർജവം കാട്ടുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു. വിജയാശംസകൾ നേരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PORT CITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION