SignIn
Kerala Kaumudi Online
Thursday, 15 October 2026 1.50 AM IST

സ്പോർട്സ് ബിൽ വരുമ്പോൾ

READ ENGLISH VERSION
sports-bill

സംസ്ഥാനത്ത് കായിക മേഖലയിൽ നവീകരണം ലക്ഷ്യമിട്ടുള്ള സ്പോർട്സ് ബിൽ നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്. കാര്യമായ പൊളിച്ചെഴുത്ത് വേണ്ട അവസ്ഥയിലാണ് കേരളത്തിന്റെ കായികരംഗം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കായികഭരണ രംഗത്തുണ്ടായിരുന്നവരുടെ കെടുകാര്യസ്ഥത കൊണ്ടാണ് ഈ മേഖലയിൽ ദേശീയ തലത്തിൽ നമുക്കുണ്ടായിരുന്ന മേൽക്കൈ നഷ്ടമായത്. അത്‌ലറ്റിക്സിലും ഫുട്ബാളിലുമൊക്കെ കേരള താരങ്ങൾ നിറഞ്ഞിരുന്ന സ്ഥിതിയിൽ നിന്ന് നാമമാത്രമായ നിലയിൽ പ്രാതിനിദ്ധ്യം ചുരുങ്ങിയിരിക്കുന്നു. കായിക അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ കുതിച്ചുചാട്ടം നടത്തുമ്പോൾ കേരളം മുടന്തുകയാണ്. കായിക ഭരണ നിർവഹണത്തിന് വേണ്ടത്ര ഏജൻസികൾ ഇല്ലാത്തതല്ല കേരളത്തിന്റെ പിന്നോട്ടടിക്ക് കാരണം. സ്പോർട്സ് കൗൺസിലും സ്പോർട്സ് ഡയറക്ടറേറ്റുമൊക്കെ ഇവിടെയുണ്ടെങ്കിലും ആളുകൂടിയാൽ പാമ്പ് ചാവില്ല എന്നതുപോലെയാണ് കാര്യങ്ങൾ.

കേന്ദ്ര സർക്കാരിന്റെ ഖേലോ ഇന്ത്യ പോലുള്ള പദ്ധതികളുടെ ഫണ്ട് സ്പോർട്സ് ഡയറക്ടറേറ്റിന് ലഭിക്കുമ്പോൾ മത്സരങ്ങൾക്ക് ടീമിനെ അയയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്ന സ്പോർട്സ് കൗൺസിലിന് കിട്ടുന്നത് കേരള സർക്കാർ എപ്പോഴെങ്കിലും നൽകുന്ന ഗ്രാന്റ് മാത്രം. സ്പോർട്സ് ഹോസ്റ്റലുകൾ നടത്തുന്നതും കോച്ചുമാരെ നിയമിക്കുന്നതും പരിശീലനത്തിനും ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള കിറ്റ് ഉൾപ്പെടെ നൽകുന്നതും അസോസിയേഷനുകൾക്ക് വേണ്ട ഫണ്ട് അനുവദിക്കുന്നതുമൊക്കെ കൗൺസിലാണ്.

ഈയൊരവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് സർക്കാർ സ്പോർട്സ് ബിൽ കൊണ്ടുവരുന്നതെന്നാണ് സൂചന. കായിക ഭരണത്തിൽ കാര്യമായ പൊളിച്ചെഴുത്ത് നടത്തി സ്പോർട്സ് കൗൺസിലിനേയും ഡയറക്ടറേറ്റിനെയും സംയോജിപ്പിച്ച് സ്പോർട്സ് അതോറിറ്റി ഒഫ് കേരള എന്ന പുതിയ സംവിധാനത്തിന് രൂപം നൽകാൻ ബിൽ വിഭാവനം ചെയ്യുന്നു.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ഇടംകൊടുക്കാതെ സർക്കാരിന്റെ നിയന്ത്രണമുണ്ടാകുന്ന രീതിയിലാണ് ബില്ലിലെ വ്യവസ്ഥകൾ. എല്ലാ കായിക അസോസിയേഷനുകൾക്കും തുല്യപ്രാധാന്യവും സ്പോർട്സ് അതോറിറ്റിയിലുണ്ടാകും. കേന്ദ്ര സർക്കാരിൽ നിന്ന് നേരിട്ട് ഫണ്ട് സ്വീകരിക്കാനും അതുപയോഗിച്ച് കായിക പ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ വികസനം നടത്താനും കഴിയും. അതേസമയം, സ്പോർട്സ് അതോറിറ്റി ഒഫ് കേരളയുടെ നിയന്ത്രണം ഉദ്യോഗസ്ഥ കേന്ദ്രീകൃതമാകുമോ എന്ന ആശങ്ക ഭരണകക്ഷിയിൽ നിന്നുതന്നെ ഉയരുന്നുണ്ട്. സമാന ബോർഡുകളിലും കോർപ്പറേഷനുകളിലും രാഷ്ട്രീയ ആഭിമുഖ്യമുള്ളവർക്ക് അവസരം ലഭിക്കുമ്പോൾ സ്പോർട്സ് രംഗത്തുനിന്ന് സംഘാടന ശേഷിയുള്ളവർ മാറ്റി നിറുത്തപ്പെടുന്നുവെന്നാണ് പരാതി. രാഷ്ട്രീയ രംഗത്തുനിന്ന് മികച്ച സംഘാടന ശേഷിയുള്ളവർ കൗൺസിലിനെ നേർവഴിക്ക് നയിച്ചതിനും ഒളിമ്പിക്സിലുൾപ്പെടെ പങ്കെടുത്ത കായികതാരങ്ങളെ ഭരണസാരഥ്യം ഏൽപ്പിച്ചപ്പോൾ കുത്തഴിഞ്ഞുപോയതിനും സമീപകാല ഉദാഹരണങ്ങളുണ്ട്.

കായിക രംഗത്തോട് താത്പര്യമുള്ള, രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങാത്ത മികച്ച സംഘാടകരെയും അസോസിയേഷൻ പ്രതിനിധികളെയും ഉൾപ്പെടുത്തി പുതിയ സംവിധാനം രൂപീകരിക്കുന്നതാണ് നല്ലത്. ഓരോ സർക്കാർ വരുമ്പോഴും സ്പോർട്സിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞതവണ യു.ഡി.എഫ് സർക്കാർ വന്നപ്പോൾ സ്പോർട്സ് കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ബോർഡ് രൂപീകരിച്ച പരിഷ്കാരം അടുത്ത എൽ.ഡി.എഫ് സർക്കാർ റദ്ദാക്കി. ഈ നിയമത്തിൽ പുതിയ കുറച്ച് പരിഷ്കാരങ്ങൾ വരുത്തി സ്പോർട്സ് കൗൺസിൽ ഭരണം ഉറപ്പിക്കുന്ന രീതിയിൽ ഭേഭഗതി വരുത്തിയശേഷമാണ് കഴിഞ്ഞ സർക്കാർ അധികാരമൊഴിഞ്ഞത്. അതിൽ മാറ്റം വരുത്താനാണ് പുതിയ ബിൽ. ഓരോ സർക്കാരിന്റേയും കാലത്ത് സ്പോർട്സ് കൗൺസിൽ പിടിച്ചെടുക്കുക എന്നതിനപ്പുറം കായിക രംഗത്ത് ഗുണപരമായ മാറ്റങ്ങൾ വരുത്താനാവണം നിയമം കൊണ്ടുവരേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION