
ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഇരകളായി ഒരു ജനത. വീടുകളിൽപ്പോലും സാധാരണ ജീവിതം ദുസഹം. ഈ മഴക്കാലത്ത് ആലപ്പുഴ നഗരത്തിൽ മാത്രം 500 വീടുകളിൽ വെള്ളം ഇരച്ചെത്തി. ദേശീയപാത നിർമ്മാണത്തെ തുടർന്ന് തോടുകളും പൈപ്പുകളും മൂടിയത് ആറാട്ടുവഴി, കളപ്പുര, കാഞ്ഞിരംചിറ, മംഗലം തുടങ്ങിയ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ദേശീയപാതയ്ക്കായി നിർമ്മിച്ച കാനകൾ ഉയരത്തിലായത് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. മഴ കനത്തതോടെ പലരും ബന്ധുവീടുകളിൽ അഭയംതേടി.
ബൈപ്പാസിന്റെ പടിഞ്ഞാറ് തീരപ്രദേശങ്ങളായ കണ്ടത്തിൽ, പുലത്തറ, മൈഥിലി തുടങ്ങിയ സ്ഥലങ്ങൾ വെള്ളക്കെട്ടിൽ മുങ്ങാതെ സംരക്ഷിച്ചിരുന്നത് മുതലപ്പൊഴിയുടെ കൈത്തോടായിരുന്നു. എന്നാൽ ദേശീയപാത നിർമ്മാണം ഇതെല്ലാം മുടി.
നിർമ്മാണം തുടങ്ങിയതുമുതൽ തോട് മൂടരുതെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നു. എന്നിട്ടും മൂടി. കഴിഞ്ഞ മഴക്കാലത്ത് ഈ മൂടിയ ഭാഗം നാട്ടുകാർ ഇടപെട്ട് മണ്ണുനീക്കി പൂർവസ്ഥിതിയിലാക്കി. പക്ഷേ നിർമ്മാണ ജോലികൾക്കിടെ തോട് മുഴുവനായി മൂടി. ഇതോടെ മഴക്കാലത്ത് നൂറകണക്കിന് വീടുകളിൽ വെള്ളം കയറി. ദേശീയപാത അതോറിട്ടി നിർമ്മാണം തുടങ്ങുന്നതിനു മുൻപ് നഗരസഭാ അധികൃതർ കൃത്യമായ നിർദ്ദേശം നൽകിയില്ലെന്നും ആരോപണമുണ്ട്.
സർവീസ് റോഡും ഓടയും നിർമ്മിക്കാൻ തുടങ്ങുന്നതിനു മുൻപ് നിലവിലുള്ള തോടുകൾ, പൊഴികൾ, ഓട, പാലം, ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈൻ തുടങ്ങിയവ സംരക്ഷിക്കണമായിരുന്നു. നിർമ്മാണം നിരീക്ഷിക്കാൻ നഗരസഭാ അധികൃതർക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്കിലും അവർ അതൊന്നും വേണ്ടപോലെ നിർവഹിച്ചില്ലെന്നും ആക്ഷേപമുണ്ട്. വിഷയത്തിൽ അടുത്തിടെ പ്രദേശവാസികൾ റോഡ് ഉപരോധമടക്കം നടത്തി സമരം ശക്തമാക്കിയിരുന്നു. രണ്ടുമണിക്കൂറിലേറെ നേരം നീണ്ട സമരത്തിൽ ദേശീയപാതയിലെ ആറുകിലോമീറ്റർ ദൂരം ഗതാഗതം പൂർണമായും സ്തംഭിച്ചു. വെളക്കെട്ട് ഒഴിവാക്കാൻ താത്കാലിക സംവിധാനമൊരുക്കുമെന്ന് സ്ഥലത്തെത്തിയ എ.ഡി.തോമസ് എം.എൽ.എയും ജില്ലാകളക്ടർ ഷാജി വി.നായരും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്. മഴ മാറിയാൽ മാത്രമേ കാന നിർമ്മാണമടക്കമുള്ള പരിഹാര മാർഗങ്ങൾ ഒരുക്കാൻ സാധിക്കൂവെന്നതാണ് നിലവിലെ സ്ഥിതി.
സമരത്തിന് ശേഷമാണ് കെട്ടികിടക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് സുഗമാക്കാൻ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ചുള്ള ജോലികൾ ആരംഭിച്ചത്. സർവീസ് റോഡുകളിൽ ചെളിനിറയുന്നതും അടിപ്പാതകളിൽ വെള്ളക്കെട്ടുണ്ടാകുന്നതും ഓടകളിൽ വെള്ളം ഒഴുകാത്തതുമെല്ലാം ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ അനുഭവിച്ചുവരുന്ന ദുരിതങ്ങളാണ്. വീതി കുറഞ്ഞ ഓടകളും ഓടകൾ റോഡിനെക്കാൾ ഉയർന്നുനിൽക്കുന്നതും എന്ത് ശാസ്ത്രീയതയാണെന്നാണ് ജനം ചോദിക്കുന്നത്.
ഏറ്റവും പിന്നിൽ ആലപ്പുഴ
സംസ്ഥാനത്ത് ദേശീയപാത നിർമ്മാണ പ്രവൃത്തികളിൽ ഏറ്റവും പിന്നാക്കമാണ് ആലപ്പുഴയിലെ കൊറ്റുകുളങ്ങര- പറവൂർ, പറവൂർ- തുറവൂർ റീച്ചുകൾ. റോഡ് നിർമ്മാണത്തിനാവശ്യമായ മണ്ണിന്റെ ക്ഷാമമായിരുന്നു പ്രശ്നം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വേമ്പനാട്ട് കായൽ ഖനനം ചെയ്ത് മണ്ണ് കണ്ടെത്താൻ അനുമതി നൽകിയതനുസരിച്ച് ഇവിടെ നിന്നാണ് മണ്ണ് ലഭ്യമാക്കിയിരുന്നത്. ഇരു റീച്ചുകളിലുമായി 50ലധികം അടിപ്പാതകളുള്ളതിൽ വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡുകൾ പകുതിപോലുമായില്ല. മണ്ണ് ലഭ്യമാക്കുന്നതിലെ കാലതാമസമാണ് പ്രശ്നം. ഡ്രഡ്ജ് ചെയ്ത മണ്ണ് വെള്ളം വാർന്നുപോയശേഷമേ നിർമ്മാണ സ്ഥലത്തെത്തിക്കാൻ കഴിയൂ. പദ്ധതി പ്രദേശത്ത് കുന്നുകൂട്ടുന്ന മണ്ണ് മഴ നനയാതെ കിടന്ന് ഈർപ്പം മാറിയാലെ നിരത്താൻ കഴിയൂ.
എലവേറ്റഡ് ഹൈവേയും ഇഴയുന്നു
കൊറ്റുകുളങ്ങര- പറവൂർ റീച്ചിൽ തോട്ടപ്പള്ളി പാലത്തിന്റെ ഉൾപ്പെടെ സ്പാനുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ഗർഡറുകളുടെ നിർമ്മാണം ശേഷിക്കുകയാണ്. ഹരിപ്പാട് എലവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. കൊറ്റുകുളങ്ങര- പറവൂർ റീച്ചിൽ കായംകുളം കായലിൽ നിന്ന് ഡ്രഡ്ജ് ചെയ്യുന്ന മണ്ണാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. ഡ്രഡ്ജിംഗ് വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയിൽ കാർത്തികപ്പള്ളിയിൽ ഡ്രഡ്ജിംഗിന് നിയന്ത്രണം നിലവിൽ വന്നുകഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |