ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ, ട്യൂബ് ലൈറ്റുകൾ, ബാറ്ററികൾ, സിഡി പ്ലേയറുകൾ തുടങ്ങി വൈദ്യുതിയിലോ ബാറ്ററിയിലോ പ്രവർത്തിക്കുന്ന ഏത് വസ്തുക്കളും കേടായിക്കഴിഞ്ഞാൽ ഇ-വേസ്റ്റ് ആണ്.
നവംബർ ഒന്നോടെ രാജ്യത്തെ ആദ്യത്തെ ഇ-മാലിന്യരഹിത ജില്ലയായി വയനാട് മാറുകും ചെയ്തു. കേരളത്തിലെ മറ്റ് ജില്ലകൾക്കും മാതൃകയാക്കാവുന്നതാണ് ഈ നേട്ടം. 2026 സെപ്റ്റംബർ 28 മുതൽ 30 വരെ നടത്തിയ ക്യാമ്പെയിനിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകളിൽ അടിഞ്ഞുകൂടിയ ഇ-മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇങ്ങനെ 31 ടൺ മാലിന്യമാണ് നീക്കിയത്. കല്പറ്റയിലും സുൽത്താൻ ബത്തേരിയിലും 12 ടൺ വീതവും മാനന്തവാടിയിൽ നിന്ന് അഞ്ച് ടണ്ണും പനമരത്ത് നിന്ന് രണ്ട് ടണ്ണും ഇ വേസ്റ്റ് ശേഖരിച്ചു. ഇവ ശാസ്ത്രീയ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
അതേസമയം, സംസ്ഥാനത്ത് ഇ മാലിന്യ ഉല്പാദനത്തിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ആണ് മുന്നിൽ. സംസ്ഥാനത്താകെയുള്ള ഇ മാലിന്യത്തിന്റെ അളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവുണ്ടായത് ആശ്വസിക്കാൻ വക നൽകുന്നതാണ്. 2024- 2025ൽ ക്ലീൻ കേരള കമ്പനി സംസ്ഥാനത്താകെ ശേഖരിച്ചത് 1,92,603 കിലോഗ്രാം ഇ മാലിന്യങ്ങളാണ്. 2023- 24ൽ ഇത് 2,47,172 കിലോയായിരുന്നു. 1,23,457 കിലോ ഇ മാലിന്യമാണ് തിരുവനന്തപുരത്ത് 2024- 25ൽ ഉണ്ടായത്. 2023-24ൽ 1,15,543 കിലോ മാത്രമായിരുന്നു തലസ്ഥാനത്തെ ഇ വേസ്റ്റിന്റെ അളവ്.
ഇ മാലിന്യങ്ങളുടെ അളവിൽ ശ്രദ്ധേയമായ കുറവുണ്ടായെങ്കിലും സാങ്കേതികവിദ്യയുടെ അതിപ്രസരത്താൽ ഇത്തരത്തിലുള്ള ഇ മാലിന്യങ്ങൾ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാവില്ല. ഉപഭോക്തൃ സംസ്കാരത്തിന് വലിയ പ്രാധാന്യം നൽകുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഇ മാലിന്യങ്ങൾ ഇതിനോടകം തന്നെ വലിയൊരു വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഉയർന്ന സാക്ഷരതയും ഡിജിറ്റൽ മേഖലയിലെ കുതിച്ചുചാട്ടവും കാരണം ഓരോ വീട്ടിലും ചുരുങ്ങിയത് രണ്ടോ മൂന്നോ സ്മാർട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്ജെറ്റുകളും ഉണ്ടാകും. ഒരു ഇലക്ട്രോണിക് ഉപകരണം കേടായാൽ അവ നന്നാക്കുന്നതിനെക്കാൾ പുതിയത് വാങ്ങുന്ന പ്രവണത കൂടിവരുന്നത് കേരളത്തിൽ ഇ - വേസ്റ്റിന്റെ അളവ് വർദ്ധിക്കാൻ ഒരു കാരണമാണ്.
പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതിക്ക് ഗുരുതരമായ വിപത്താണ് സൃഷ്ടിക്കുന്നതെന്ന് പറയേണ്ടതില്ല. അതിന് തത്തുല്യമായ വിപത്ത് ഇ വേസ്റ്റുകളും സൃഷ്ടിക്കുന്നുണ്ട്. ടിവി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, എയർ കണ്ടിഷണറുകൾ, കംപ്യൂട്ടർ മോണിറ്റർ തുടങ്ങീ കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇലക്ട്രോണിക് വേസ്റ്റുകളിൽ പ്രധാനമായും ലെഡ്, മെർക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങിയ അതീവ വിഷാംശമുള്ള മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ ശാസ്ത്രീയമായി സംസ്കരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അപകടങ്ങൾ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. മണ്ണിൽ ഉപേക്ഷിക്കുന്ന ഇ - വേസ്റ്റിലെ രാസവസ്തുക്കൾ ഭൂഗർഭ ജലത്തിലും മണ്ണിലും കലരുന്നത് കുടിവെള്ളം മലിനമാകാനും കൃഷി അടക്കമുള്ളവയെ ബാധിക്കുകയും ചെയ്യും. ശാസ്ത്രീയമായ രീതിയിലല്ലാതെ ഇ വേസ്റ്റുകൾ കത്തിക്കുന്നതിലൂടെ വായു മലീനകരണത്തിനും ഗുരുതര ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. കമ്പ്യൂട്ടർ മോണിറ്ററുകളിലെയും ബാറ്ററികളിലെയും ഈയം (ലെഡ്) നാഡീവ്യൂഹത്തെയും വൃക്കകളെയും ബാധിക്കുന്നതാണ്. ജലസ്രോതസുകളിലേക്ക് എത്തുന്ന വിഷാംശങ്ങൾ മത്സ്യങ്ങളുടെയും മറ്റ് ജലജീവികളുടെയും വംശനാശത്തിനും കാരണമാകുന്നതിനൊപ്പം ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യശരീരത്തിലും എത്തിച്ചേരാം.
ഇ-വേസ്റ്റുകളെ സാധാരണ മാലിന്യങ്ങളുമായി കലർത്താതിരിക്കുകയെന്നതാണ് പ്രധാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഇ-വേസ്റ്റ് ശേഖരണ കേന്ദ്രങ്ങളിലോ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിലോ (എം.സി.എഫ്) വേണം ഇവ ഏല്പിക്കേണ്ടത്.
അത്യാവശ്യമില്ലാതെ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. ഉപകരണങ്ങൾ കേട് വന്നാൽ പരമാവധി നന്നാക്കി ഉപയോഗിക്കാൻ ശ്രമിക്കുക. സാധ്യമല്ലെങ്കിൽ റീസൈക്ലിംഗിനായി കൈമാറുക.
2024- 25ൽ മറ്റ് ജില്ലകളിൽ നിന്ന് ശേഖരിച്ച ഇ വേസ്റ്റ് (കിലോഗ്രാമിൽ)
കൊല്ലം - 2371
പത്തനംതിട്ട - 0
ആലപ്പുഴ - 2026
കോട്ടയം - 7803
ഇടുക്കി - 630
എറണാകുളം - 13,063
തൃശൂർ - 19,175
പാലക്കാട് - 1264
മലപ്പുറം - 8714
കോഴിക്കോട് - 9118
കണ്ണൂർ -1981
വയനാട് - 20
കാസർകോട് - 2942
Wayanad has achieved a major milestone by becoming India's first e-waste-free district. The initiative involved collecting and scientifically disposing of 31 tonnes of electronic waste from government offices. Meanwhile, Thiruvananthapuram recorded the highest e-waste collection in Kerala during 2024–25.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |