SignIn
Kerala Kaumudi Online
Wednesday, 22 July 2026 12.59 PM IST

'ചിന്ന ആസൈ' ഇതിഹാസം

s

'ചിന്ന ചിന്ന ആസൈ, ചിറകടിക്കും ആസൈ..." ഒരു പെൺകുട്ടിയുടെ കൊച്ചുകൊച്ച് ആശകളെ ഈ പാട്ടിലെ വരികളിലേതിനെക്കാൾ മനോഹരമായും നിഷ്കകളങ്കമായും എങ്ങനെയെഴുതും?​ 1992-ൽ പുറത്തിറങ്ങിയ 'റോജ"യിലെ പാട്ടുകൾ ഇപ്പോഴും ആസ്വാദകർക്ക് പ്രിയങ്കരമാകുന്നത് അതിലെ വരികളുടെ കാവ്യഭംഗികൊണ്ടു കൂടിയാണ്. എഴുതിയത് വൈരമുത്തു. ഈ സിനിമയോടു കൂടിയാണ് എ.ആർ. റഹ്മാൻ സംഗീത സംവിധാന രംഗത്ത് പ്രശസ്തനാകുന്നത്.


1998-ൽ പുറത്തിറങ്ങിയ 'നിലാവേ വാ" എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികൾ കേൾക്കുക: 'നീ കാറ്റ്... നാൻ മരം, എന്ന സൊന്നാലും തലയാട്ടുവേൻ..." പാട്ട് കവിതയായി എഴുതുന്നതാണ് തനിക്കിഷ്ടമെന്ന് ഒരിക്കൽ വൈരമുത്തു തന്നെ പറഞ്ഞിട്ടുണ്ട്. വൈരമുത്തു സിനിമാ ഗാനങ്ങളെഴുതിയാലും അതിൽ കവിത നിറഞ്ഞു നിൽക്കും. ആലാപന മാധുര്യമേറുന്ന കവിതകൾ. 'കവിപ്പേരരസ്" (കവികളിലെ ചക്രവർത്തി) എന്നാണ് വൈരമുത്തുവിനെ കലൈഞ്ജർ കരുണാനിധി വിശേഷിപ്പിച്ചത്. ഭാരതിരാജ ഉപമിച്ചത് മഹാകവി കണ്ണദാസനോടും.

ഇപ്പോൾ നീണ്ട ഇടവേളയ്ക്കു ശേഷം തമിഴിനെ തേടി ജ്ഞാനപീഠ പുരസ്കാരം വന്നിരിക്കുന്നത് വൈരമുത്തുവിലൂടെയാണ്. ഇതു മൂന്നാം തവണയാണ് തമിഴിന് ജ്ഞാനപീഠം. ആദ്യം 1975-ൽ അഖിലന്. 2002-ൽ ജയകാന്തന്. തമിഴിൽ കവിതാസമാഹാരങ്ങളും നോവലുകളും യാത്രാവിവരണങ്ങളും ഉൾപ്പടെ 37 പുസ്തകങ്ങളാണ് വൈരമുത്തു രചിച്ചത്. അവയിൽ പലതും രാജ്യത്തിനകത്ത് ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും രാജ്യത്തിനു പുറത്ത് ഇംഗ്ലീഷ്, റഷ്യൻ, നോർവീജിയൻ ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. വിദേശ കവികളുടെ കാവ്യങ്ങൾ അദ്ദേഹം തമിഴിലേക്കും മൊഴിമാറ്റം നടത്തി.

ഭാരതിരാജയും കരുണാനിധിയും മാത്രമല്ല, പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ, സി.എൻ. അണ്ണാദുരൈ, സുബ്രഹ്മണ്യ ഭാരതി, കണ്ണദാസൻ തുടങ്ങിയ പ്രഗത്ഭരെല്ലാം വൈരമുത്തുവിന്റെ കാവ്യസിദ്ധിയെ പ്രോത്സാഹിപ്പിച്ചിരുന്നു. സാധാരണക്കാരന്റെ മോഹങ്ങളും മോഹഭംഗങ്ങളും പ്രണയവുമൊക്കെയാണ് വൈരമുത്തുവിന്റെ രചനകളിൽ നിറഞ്ഞു നിന്നത്. 7500-ലധികം സിനിമാ ഗാനങ്ങൾ! നൂറ്റമ്പതിലേറെ സംഗീത സംവിധായകർക്കൊപ്പമുള്ള ഗാനസപര്യ.

'കാളി"യിൽ

തുടക്കം

1980-ലാണ് വൈരമുത്തുവിന്റെ തുടക്കം. ഭാരതിരാജ സംവിധാനം ചെയ്ത 'നിഴൽകൾ" ആയിരുന്നു ആദ്യ ചിത്രം. ആദ്യഗാനം 'ഇത് ഒരു പൊൻമലൈ..." ഈണമൊരുക്കിയത് ഇളയരാജ. പാടിയത് എസ്.പി. ബാലസുബ്രഹ്മണ്യം. പക്ഷേ,​ ആദ്യം തിയേറ്ററുകളിലെത്തിയത് രണ്ടാമത്തെ ചിത്രമായ 'കാളി"യാണ്. ഐ.വി. ശശിയായിരുന്നു സംവിധാനം. 'കാളി"യിലെ നാല് ഗാനങ്ങളിൽ ഒരെണ്ണം മാത്രമായിരുന്നു വൈരമുത്തുവിന്റേത്. ബാക്കി മൂന്നും എഴുതിയത് കണ്ണദാസൻ. രജനികാന്ത് നായകനായ ചിത്രത്തിൽ 'കാളി ഭദ്രകാളി..." എന്ന ഗാനമാണ് വൈരമുത്തുവിന്റേത്. ഇളയരാജ തന്നെയായിരുന്നു സംഗീതം. പാടിയത് എസ്.പി. ബാലസുബ്രഹ്മണ്യവും എസ്. ജാനകിയും.

'സിന്ധു ഭൈരവി"യിലെ 'ഞാനൊരു സിന്ത്,​ കാവടിച്ചിന്ത്..." എന്നു തുടങ്ങുന്ന,​ വൈരമുത്തു എഴുതിയ ഗാനത്തിലൂടെയാണ് കെ.എസ്. ചിത്ര ആദ്യമായി ദേശീയ അവാർഡ് നേടുന്നത്. അലൈകൾ ഓയ്‌വതില്ലൈ, മൺവാസനൈ, പുതുമൈ പെൺ, ഒരു കൈദിയിൻ ഡയറി, മുതൽ മര്യാദൈ, പുന്നകൈ മന്നൻ എന്നിങ്ങനെ ഹിറ്റുകളുടെ നീണ്ട നിര. ഇളയരാജയായിരുന്നു ഈ സിനിമകളുടെയെല്ലാം സംഗീത സംവിധായകൻ.

ഇളയരാജയുമായി ഇടയ്ക്കൊന്നു പിണങ്ങിയപ്പോൾ ചെറിയൊരു ഇടവേള.

നിലയ്ക്കാത്ത

ഈണങ്ങൾ

തിരിച്ചുവരവ് ഒരുക്കിയത് കെ. ബാലചന്ദർ. അദ്ദേഹം നിർമ്മിച്ച സിനിമകളിൽ തുടർച്ചയായി പാട്ടുകളെഴുതി. വാനമെ എല്ലൈ (സംഗീതം മരഗതമണി), അണ്ണാമലൈ (സംഗീതം ദേവ), റോജ (സംഗീതം എ.ആർ. റഹ്മാൻ).

വൈരമുത്തുവിന്റെ വരികൾക്ക് എം.എസ്. വിശ്വനാഥൻ, ദേവേന്ദ്രൻ, ഹംസലേഖ, ആർ.ഡി. ബർമ്മൻ, കീരവാണി, ദേവ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരും ഈണം ചേർത്തു.

സിനിമയുടെ സ്വഭാവമനുസരിച്ച് ഏതു രീതിയിലും ഗാനങ്ങൾ എഴുതുവാൻ വൈരമുത്തുവിന്റെ കഴിവ് ആപരമാണ്. 'ഊർവസീ... ഊർവസീ... ടേക്കിറ്റ് ഈസി ഊർവസീ..." എന്നിങ്ങനെയുള്ള തട്ടുപൊളിപ്പൻ പാട്ടുകളും വൈരമുത്തുവിന്റെ ഹിറ്റ്ലിസ്റ്റിലുണ്ട്. മിൻസാര കനവ്, കന്നത്തിൽ മുത്തമിട്ടാൽ, ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, ശിവാജി, യെന്തിരൻ, കിഴക്കു സീമയിലെ, കറുത്തമ്മ, താജ്മഹൽ, മുത്തു, പടയപ്പ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ... തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിൽ വൈരമുത്തുവിന്റെ രചനാശൈലിയുടെ വ്യത്യസ്തത അനുഭവിക്കാനാകും.

ഗാനരചന തുടങ്ങിയതിന്റെ അടുത്ത വർഷം,​ 1981-ൽ 'അലൈകൾ ഓയ്‌വതില്ലൈ" എന്ന ചിത്രത്തിലെ 'വിഴിയിൽ വിഴുണ്ട്", 'കാതൽ ഓവിയം" എന്നീ ഗാനങ്ങൾക്ക് ആദ്യ തമിഴ്നാട് സർക്കാർ പുരസ്കാരം. ആറു തവണ സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ൽ ആദ്യ ദേശീയ പുരസ്കാരം 'മുതൽ മര്യാദൈ" യിലെ ഗാനങ്ങൾക്ക്. ആകെ ഏഴു തവണയാണ് ദേശീയ അവാർഡ് ലഭിച്ചത്. 2003-ൽ പദ്മശ്രീയും 2014-ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു.

വൈരമുത്തുവിന്റെ ഏഴ് ദേശീയ പുരസ്‌കാരങ്ങളിൽ നാലെണ്ണം എ.ആ‍ർ. റഹ്മാൻ ഈണം നൽകിയ പാട്ടുകൾക്കായിരുന്നു.

ജീവിതവും

എഴുത്തും

കെ.എസ്.ചിത്രയെ കൂടാതെ,​ പി. ഉണ്ണിക്കൃഷ്ണൻ, എസ്.പി. ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, സ്വർണലത എന്നീ ഗായകർക്കും വൈരമുത്തു- റഹ്മാൻ ടീം സൃഷ്ടിച്ച പാട്ടുകളിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സ്വന്തം കുടുംബം കൂടി അനുഭവിച്ച ദുരിതങ്ങളെ അടിസ്ഥാനമാക്കി വൈരമുത്തു എഴുതിയ നോവൽ 'കള്ളിക്കട്ട് ഇതിഹാസം" അദ്ദേഹത്തിന് 2003-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്തു. 1950-കളിൽ വൈഗൈ അണക്കെട്ട് നിർമ്മാണത്തിനായി കുടിയിറക്കപ്പെട്ട പതിന്നാല് ഗ്രാമങ്ങളിലെ മനുഷ്യരുടെ തകർന്ന സ്വപ്നങ്ങളുടെയും കുടിച്ച കണ്ണീരിന്റെയും കഥയാണ് ആ നോവൽ.

തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിൽ ഒരു കല്ലാർ (തേവർ) കുടുംബത്തിൽ രാമസാമി തേവറിന്റെയും ഭാര്യ അങ്കമ്മാളിന്റെയും മകനായി 1953 ജൂലായ് 13-നാണ് വൈരമുത്തു ജനിച്ചത്. കാർഷിക പശ്ചാത്തലമുള്ള കുടുംബം. പത്താം വയസിൽ ആദ്യ കവിതയെഴുതി. പതിന്നാലാം വയസിൽ തിരുവള്ളുവരുടെ 'തിരുക്കുറലിൽ" നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ കവിതകൾ ശ്രദ്ധിക്കപ്പെട്ടു.

ചെന്നൈ പച്ചയ്യപ്പാസ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ,​ പത്തൊമ്പതാം വയസിൽ പ്രസിദ്ധീകരിച്ച 'വൈഗറൈ മേഘങ്ങൾ" എന്ന ആദ്യ കവിതാ സമാഹാരം മദ്രാസ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ വൈരമുത്തു എന്ന കവിനാമം തമിഴകത്ത് ചർച്ചയായി. അടുത്ത കവിതാ സമാഹാരം 'തിരുത്തി എഴുതിയ തീർപ്പുഗൾ" 1979-ൽ പുറത്തിറങ്ങി. പഠനശേഷം തമിഴ്നാട് ഔദ്യോഗിക ഭാഷാ കമ്മിഷനിൽ വിവർത്തകനായി ജോലി ചെയ്തു. തമിഴ് പണ്ഡിതയും മീനാക്ഷി കോളേജ് ഫോർ വിമൻ മുൻ പ്രൊഫസറുമായ പൊൻമണിയാണ് ഭാര്യ. മക്കൾ മദൻ കാർക്കി, കബിലൻ, ഇരുവരും ഗാനരചയിതാക്കളും സംഭാഷണ രചയിതാക്കളുമാണ്.

ചന്ദ്രനിലെ

കളങ്കം!

2005-ൽ സ്വിറ്റ്സർലന്റിൽ ഒരു പരിപാടിക്കു പോയപ്പോൾ ഗാനരചയിതാവ് വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് ഗായിക ചിന്മയി പരസ്യമായി രംഗത്തുവന്നിരുന്നു. മറ്റു ചിലർ കൂടി 'മീ ടു" ആരോപണം ഉന്നയിച്ചത് വൈരമുത്തുവിന്റെ ജീവിതത്തിൽ കറുത്ത ഏടായി. ആരോപണം അദ്ദേഹം തള്ളിയിരുന്നു. എന്നാൽ പിന്നീട് വൈരമുത്തുവിന് ഏത് അംഗീകാരം കിട്ടുമ്പോഴും ആരൊക്കെ പ്രശംസിച്ചാലും ചിന്മയി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

2021-ൽ ഒ.എൻ.വി കൾച്ചറൽ അക്കാഡമി ഏർപ്പെടുത്തിയ ഒ.എൻ.വി പുരസ്കാരത്തിന് വൈരമുത്തുവിനെയാണ് തിരഞ്ഞെടുത്തത്. അപ്പോഴും വൈരമുത്തുവിന് പുരസ്കാരം നൽകരുതെന്ന ആവശ്യം ചിലയിടങ്ങളിൽ നിന്ന് ഉയർന്നു. പുരസ്‌കാരം തിരികെ നൽകുകയാണെന്നാണ് അന്ന് വൈരമുത്തു പ്രതികരിച്ചത്. സമ്മാനത്തുകയായ മൂന്നു ലക്ഷം രൂപയും തന്റെ പക്കൽ നിന്ന് രണ്ടു ലക്ഷവും ചേർത്ത് അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നൽകി. മലയാള മണ്ണിനോടും മലയാളികളോടുമുള്ള സ്‌നേഹത്തിന്റെ അടയാളമായാണ് ഇതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY