
ഈ മാസം 27ന് വയലാർ രാമവർമ്മയുടെ സ്മരണയ്ക്ക് 51 വയസ്. വൈക്കം സത്യഗ്രഹത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ വയലാർ നടത്തിയ പ്രഭാഷണം ഇന്നും മായുന്നില്ല.
1975 ഏപ്രിൽ 20. വൈക്കം സത്യഗ്രഹാശ്രമം സ്കൂൾ അങ്കണമാണ് വേദി. ആ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി. ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു-''നൂറ്റാണ്ടുകളിലൂടെ അന്ധവിശ്വാസങ്ങളും കാടൻ കീഴ്വഴക്കങ്ങളും നമ്മൾ സമാഹരിച്ചു. ക്ഷേത്രത്തിൽ കയറാനും, ക്ഷേത്രപരിസരത്തുകൂടെ സഞ്ചരിക്കാനും പാടില്ലാത്തത്ര അധഃസ്ഥിതരായി ഒരു വിഭാഗത്തെ കണക്കാക്കിയിരൂന്ന നീചമായ സമ്പ്രദായം ഈ രാജ്യത്തുണ്ടായിരുന്നു. കേരളത്തിൽ കുറച്ചുകൂടി മോശപ്പെട്ട രീതിയിൽ അവരുടെ നിഴലുപോലും തൊട്ടുകൂടാത്തതായിരുന്നു. അതിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റായിരുന്നു വൈക്കം സത്യഗ്രഹം""
അതുകഴിഞ്ഞ് സുഹൃത്ത് വൈക്കം ചന്ദ്രശേഖരൻ നായർക്കൊപ്പം വയലാർ രാമവർമയും മകൻ ശരത് ചന്ദ്രനും കടന്നുവന്നു. സദസ്യർ ഇളകിമറിഞ്ഞു. വയലാർ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ സദസ് നിശബ്ദം. ഭാരതീയ സംസ്കാരത്തെക്കുറിച്ച്, ഹിന്ദുമതത്തിൽ നിലനിന്ന അനാചാരങ്ങളെക്കുറിച്ച്, ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ച് വയലാറിന്റെ വാഗ്ധോരണി. തെളിമയുള്ള ചരിത്രബോധവും പുരോഗമന ജീവിതവീക്ഷണവും സ്ഫുരിക്കുന്ന വാക്കുകൾ. ലളിതമായ ഭാഷയിൽ മഹാഭാരതവും ഗീതയും രാമായണവും ബൈബിളും ഉദ്ധരിച്ചുള്ള ഗംഭീര പ്രഭാഷണം.
1957 ൽ ഡൽഹിയിൽ ഏഷ്യൻ റൈറ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോൾ ഡൽഹിയും പരിസരങ്ങളും ചുറ്റിക്കണ്ടതിന്റെ വാങ്മയ ചിത്രങ്ങൾ. പ്രൊഫ. ജോസഫ് മുണ്ടശേരി, എൻ.വി. കൃഷ്ണവാര്യർ, വൈലോപ്പിള്ളി, കെ. സരസ്വതിയമ്മ, പി. ഗോവിന്ദപ്പിള്ള, എ.പി.പി. നമ്പൂതിരി, കെ.ടി മുഹമ്മദ് എന്നിവർക്കൊപ്പം ചെങ്കോട്ടയും താജ്മഹലും, കുത്തബ്മിനാറും കണ്ടതിന്റെ വിവരണങ്ങൾ.
ശ്രീ നാരായണ ഗുരുവിന്റെ മഹദ്വചനങ്ങളും, മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമരാജ്യവും, 99 ലെ കൊടും വെള്ളപ്പൊക്കത്തിൽ കഴുത്തറ്റം വെള്ളത്തിൽ നിന്ന് സത്യഗ്രഹം നടത്തിയ സമരഭടന്മാരമുടെ ചങ്കൂറ്റവും തിരുവിതാംകൂർ പൊലീസിന്റെ സവർണ ചട്ടമ്പിമാരുടെയും മർദനത്തെ തുടർന്ന് രക്തസാക്ഷിത്വം വരിച്ച ചിറ്റേടത്തു ശങ്കുപ്പിള്ളയും പച്ചചുണ്ണാമ്പെഴുതി രണ്ടു കണ്ണുകളും കാഴ്ചനഷ്ടപ്പെട്ട മൂവാറ്റുപുഴക്കാരൻ രാമനിളയതുമെല്ലാം നിറഞ്ഞുനിന്ന ആ പ്രസംഗം ശ്രോതാക്കളെ വൈക്കം സത്യഗ്രഹത്തിന്റെ ചോരയും കണ്ണീരും വീണ ചരിത്രവീഥികളിലേയ്ക്ക് വഴിനടത്തി.
പ്രസംഗം കഴിഞ്ഞ് വേദിവിട്ടിറങ്ങിയപ്പോൾ വയലാറിനെ കാണുന്നതിനും, ഓട്ടോഗ്രാഫ് വാങ്ങാനും ആരാധകരുടെ വലയം. എല്ലാവരോടും കുശലം പറഞ്ഞും കൈയൊപ്പും നൽകിയും കുലുങ്ങിചിരിച്ചും തോളത്തുതട്ടിയും മഹാകവിയുടെ സ്നേഹപ്രകടനം. തിരക്കൊഴിഞ്ഞപ്പോൾ വൈക്കം ചന്ദ്രശേഖരൻ നായർക്കൊപ്പം വൈക്കം ടൂറിസ്റ്റ് ബംഗ്ലാവിലേയ്ക്ക്.
ജാതിഭേദമില്ലാതെ നവോത്ഥാന കേരളം കെട്ടിപ്പടുക്കുന്നതിന് അസ്ഥിവാരമിട്ടത് അൻപത് വർഷങ്ങൾക്ക് നടന്ന വൈക്കം സത്യഗ്രഹമാണെന്ന് സത്യഗ്രഹസമരത്തിൽ പങ്കെടുത്തപ്പോൾ മഹാത്മജിക്കൊപ്പം ചെലവഴിച്ച സുവർണ നിമിഷങ്ങളെ അനുസ്മരിച്ച് സത്യഗ്രഹസമര സേനാനി കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് പറഞ്ഞതിനെ ജനം കൈയടിയോടെയാണ് സ്വീകരിച്ചത്. നിയമസഭാ സ്പീക്കർ കെ. മൊയ്തീൻകുട്ടി ഹാജിയായിരുന്നു ആ സമ്മേളനത്തിലെ അദ്ധ്യക്ഷൻ. വയലാറുമായുള്ള ഗാഢമായ ആത്മബന്ധത്തെക്കുറിച്ച് വൈക്കം ചന്ദ്രശേഖരൻ നായർ ഇങ്ങനെയെഴുതി: ''വയലാറിനെക്കുറിച്ചോർക്കുമ്പോൾ ഞാൻ കരഞ്ഞു പോകും. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഞാൻ ചിങ്കമ്മയെ (സുശീലാദേവി) വിവാഹം കഴിക്കാൻ കാരണവും വയലാറാണ്. അദ്ദേഹമാണ് എന്നെ പെണ്ണുകാണാൻ നിർബന്ധിച്ചതും കൊണ്ടുപോയതും. ഞങ്ങൾ ജീവിതത്തിൽ എവിടെ നിന്നു തുടങ്ങി ഈ ബന്ധം എന്നു പറയാൻ കഴിയാത്താവിധം അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യപുസ്തകത്തിന് അവതാരിക എഴുതുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി"".
വയലാറിന്റെ സർഗവൈഭവത്തെ ഹൃദയത്തിലേറ്റിയ മലയാളി ഇന്നും നെഞ്ചേറ്റുന്നു. മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി, വയലാറിന്റെ സമ്പൂർണ കൃതികളുടെ അവതാരികയിൽ ഇങ്ങനെയെഴുതി; 'കാലം തെളിയിച്ചിരിക്കുന്നു, കവി കാലത്തെ അതിജീവിച്ചേ മതിയാകു. വയലാർ കാലാതിവർത്തിയായ കവിയാണ് ".
ക്രാന്തദർശിയായ നവോത്ഥാന നായകനായിരുന്നു വയലാറെന്ന് അദ്ദേഹത്തിന്റെ രചനകളും പ്രസംഗങ്ങളും ഇന്നും കാലത്തോട് വിളിച്ചുപറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |