SignIn
Kerala Kaumudi Online
Saturday, 07 November 2026 2.26 AM IST

കടങ്കഥ പോലൊരു മാർക്കിടൽ

kerala-psc

ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിനുള്ള പരീക്ഷയിലെ മൂല്യനിർണയ രീതി കണ്ടാൽ ഒരു കടങ്കഥ പോലെ തോന്നും! കോടികൾ ചെലവിട്ട് സജ്ജമാക്കിയ സ്ക്രീനിൽ മാർക്കിടുന്ന, ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനമൊക്കെയുണ്ടെങ്കിലും മൂല്യനിർണയ സോഫ്‌റ്റ്‌വെയറിനെ തോൽപ്പിക്കുന്നതായിരുന്നു പി.എസ്.സിയിലെ ഉദ്യോഗസ്ഥരുടെ 'വൈറസ് പണി'. പി.എസ്.സി നടത്തുന്ന പരീക്ഷകളിൽ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലുള്ള (1,23,700-1,66,800) ആസൂത്രണബോർഡ് ചീഫ് പരീക്ഷയിൽ വേണ്ടപ്പെട്ടയാളെ ഒന്നാം റാങ്കിലെത്തിച്ച് നിയമനം നൽകാൻ കാട്ടിയ കുതന്ത്രങ്ങൾ അറിയുമ്പോൾ ആരും തലയിൽ കൈവച്ചുപോവും.

228പേരായിരുന്നു പരീക്ഷയെഴുതിയത്. ഉത്തരക്കടലാസുകൾ പലതായി വിഭജിച്ചാണ് ഓൺസ്ക്രീൻ മാർക്കിംഗിനായി സോഫ്‌റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യേണ്ടത്. എന്നാൽ ജനറൽ ഒന്നാം പേപ്പറിന്റെ മൂല്യനിർണയത്തിൽ നടന്നത് വൻ തട്ടിപ്പായിരുന്നു. 228 ഉദ്യോഗാർത്ഥികളിൽ 51പേരുടെ ഒന്നു മുതൽ ഒമ്പതു വരെയുള്ള ഉത്തരങ്ങളും 18മുതൽ 28വരെയുള്ള ഉത്തരങ്ങളും മാത്രം മൂല്യനിർണയം നടത്തി. ബാക്കിയുള്ള 177 ഉദ്യോഗാർത്ഥികളുടെ ഒന്നു മുതൽ എട്ടു വരെയുള്ള ഉത്തരങ്ങളും 18മുതൽ 28വരെയുള്ള ഉത്തരങ്ങളും മാത്രം മൂല്യനിർണയം നടത്തി. 58 മാർക്കിന്റെ ചോദ്യങ്ങൾ ആർക്കും മൂല്യനിർണയം നടത്തിയില്ല.

എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്താതെ മൂല്യനിർണയ സോഫ്‌റ്റ്‌വെയർ സ്വമേധയാ ക്ലോസ് ആവില്ല. എന്നാൽ, എല്ലാചോദ്യങ്ങളും മൂല്യനിർണയം നടത്തുംമുൻപ് സോഫ്‌റ്റ്‌വെയറിൽ പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥർ ലോഗിൻ ചെയ്ത് മൂല്യനിർണയ ക്യാമ്പ് മന:പൂർവം അവസാനിപ്പിക്കുകയായിരുന്നു. നിയമനം നൽകാൻ ലക്ഷ്യമിട്ടിരുന്നയാൾ എഴുതാതെ വിട്ടതും തെറ്റിച്ചതുമായ ചോദ്യങ്ങൾ ആർക്കും മൂല്യനിർണയം നടത്തിയില്ലെന്നാണ് നിഗമനം. മൂല്യനിർണയ ഡേറ്റയിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് ഫോറൻസിക് ലാബിലെ സൈബർ ഫോറൻസിക് വിഭാഗം പരിശോധിക്കുകയാണിപ്പോൾ. ചീഫ് പരീക്ഷയിൽ അനർഹന് നിയമനം ഉറപ്പാക്കാനായിരുന്നു കടങ്കഥ പോലെയുള്ള മൂല്യനിർണയം.

മൂല്യനിർണയത്തിലുണ്ടായത് സാങ്കേതിക പിഴവാണെന്ന് ഉന്നതഉദ്യോഗസ്ഥർ ആവർത്തിച്ചപ്പോഴും വിദഗ്ദ്ധരെ എത്തിച്ചുള്ള പരിശോധനയിലൂടെ അട്ടിമറിയാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതാണ് നിർണായകമായത്. ഓൺസ്ക്രീൻ മാർക്കിംഗ് സോഫ്‌റ്റ്‌വെയറിലെ ലോഗിനുകളും പരിശോധിച്ചാണ് അഡി.സെക്രട്ടറി ആർ.ഹരിയെയും റിട്ട. ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷിനെയും പ്രതികളാക്കിയത്. ഹരിയാണ് സോഫ്‌റ്റ്‌വെയറിൽ ലോഗിൻ ചെയ്ത് മൂല്യനിർണയ ക്യാമ്പ് അവസാനിപ്പിച്ചത്. മൂല്യനിർണയ ക്യാമ്പ് ഓഫീസറായിരുന്നു സതീഷ്.

ഇവരുടെ കുറ്റകരമായ പ്രവൃത്തി കാരണം ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ട ന്യായമായ മാർക്ക് ലഭിച്ചില്ല. അതുവഴി റാങ്കും മെച്ചപ്പെട്ട നിയമനാവസരവും നഷ്ടമാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഉത്തരക്കടലാസിന്റെ പകർപ്പിന് 2025 ജൂൺ11ന് അപേക്ഷിച്ചിട്ടും മന:പൂർവം കാലതാമസം വരുത്തി 2026 ജൂൺ 18നാണ് ഉദ്യോഗാർത്ഥികൾക്ക് നൽകിയത്. ഇത് തട്ടിപ്പ് പുറത്തറിയാതിരിക്കാൻ ആയിരുന്നെന്നാണ് നിഗമനം.

228 ഉദ്യോഗാർത്ഥികളുടെ എല്ലാ ഉത്തരങ്ങളും മൂല്യനിർണയം നടത്തിയശേഷമേ മൂല്യനിർണയ ക്യാമ്പ് അവസാനിപ്പിക്കാവൂ എന്നറിയാമായിരുന്ന പ്രതികൾ, മന:പൂർവം നടത്തിയ തട്ടിപ്പാണിതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് റാങ്കും നിയമനവും നഷ്ടപ്പെടുത്തണമെന്നും, അനർഹനായ ഉദ്യോഗാർത്ഥിക്ക് നിയമനം നേടിക്കൊടുക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു. നിരവധി മൂല്യനിർണയ ക്യാമ്പുകളിൽ ക്യാമ്പ് ഓഫീസറായിരുന്ന സതീഷിന് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. എക്സാമിനേഷൻ ആന്റ് റിസൾട്ട് വിംഗിൽനിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച പി.സതീഷിനെ (57) ഒന്നും, അഡി.സെക്രട്ടറി ആർ.ഹരിയെ (53) രണ്ടും പ്രതികളാക്കി. അറസ്റ്റിലായ ഇവർ റിമാൻഡിലാണ്.

അട്ടിമറിക്കായി

കോർഗ്രൂപ്പ്

ചെയർമാനും രാഷ്ട്രീയക്കാരായ മൂന്നംഗങ്ങളും ഏതാനും ഉദ്യോഗസ്ഥരുമടങ്ങിയ കോർഗ്രൂപ്പാണ് അട്ടിമറികൾക്ക് പിന്നിലെന്നാണ് വിവരം. ചോദ്യപേപ്പർ തയ്യാറാക്കൽ, അഭിമുഖസമിതി രൂപീകരണം, മാർക്കിടൽ, റാങ്ക്‌ലിസ്റ്റും നിയമനവും എന്നിവയിലെല്ലാം ഇവർക്ക് പങ്കുണ്ട്. പ്രബല രാഷ്ട്രീയപാർട്ടിയിലെ നേതാക്കളാണ് ഇവർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. നിയമിക്കേണ്ട വേണ്ടപ്പെട്ടവരുടെ പട്ടിക ഇവർ കൈമാറുകയും ചില കമ്മിഷനംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് ക്രമക്കേടുകൾ ആസൂത്രണം ചെയ്യുകയുമായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

നിയമന ശുപാർശയിൽ

മുന്നിൽ

പി.എസ്.സിയുടെ 2024ലെ വാർഷിക റിപ്പോർട്ടനുസരിച്ച്, രാജ്യത്തെ പി.എസ്.സികളിൽ ഏറ്റവും കൂടുതൽ നിയമന ശുപാർശകളും കൂടുതൽ പേർക്ക് ജോലിയും നൽകിയത് കേരളത്തിലാണ്. 2023 ജൂലായ് മുതൽ ഡിസംബർവരെ 18,964പേരെ നിയമിച്ചു. ഇത് യു.പി.എസ്.സി ഉൾപ്പെടെ എല്ലാ പി.എസ്.സികളും നടത്തിയ മൊത്തം നിയമനങ്ങളുടെ (38,605) പകുതിയോളം വരും. ഒഡീഷ (4,199), മഹാരാഷ്ട്ര (2,804) എന്നിവയാണ് തൊട്ടുപിന്നിൽ.

അംഗബലത്തിലും കേരളമാണ് മുന്നിൽ. ഒഡീഷ, മഹാരാഷ്ട്ര പി.എസ്.സിയിൽ ചെയർമാൻ ഉൾപ്പെടെ 6 അംഗങ്ങൾ മാത്രമാണുള്ളത്. കേരളത്തിന്റെ ഏഴുമടങ്ങ് ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ഏഴംഗ കമ്മിഷനാണ്. യു.പി.എസ്.സിയിൽ ചെയർമാനടക്കം 9അംഗങ്ങളേയുള്ളൂ. മിക്ക സംസ്ഥാനങ്ങളിലും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ, റിട്ട. പ്രതിരോധ ഉദ്യോഗസ്ഥർ, അക്കാഡമിഷ്യന്മാർ എന്നിവരാണ് അംഗങ്ങൾ.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION