SignIn
Kerala Kaumudi Online
Monday, 20 July 2026 6.13 PM IST

കടലിന്റെ മക്കളെ ചേർത്തു പിടിക്കും

abdul-gafur-
മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ

മത്സ്യബന്ധനവും അനുബന്ധ വ്യവസായങ്ങളും യു.ഡി.എഫ് സർക്കാർ പ്രധാന പരിഗണന നൽകുന്ന മേഖലകളിലൊന്നാണെന്ന് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ. വയോജന ക്ഷേമ പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കും. മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.

?മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ലക്ഷ്യമിടുന്ന പദ്ധതികൾ
മത്സ്യത്തൊഴിലാളി ക്ഷേമം, തീരദേശ വികസനം, ആധുനിക അടിസ്ഥാനസൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾ പ്രാവർത്തികമാക്കും. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി ഒട്ടേറെ പദ്ധതികൾ ആരംഭിക്കാനും പൂർത്തീകരിക്കാനും ലക്ഷ്യമിടുന്നു. ഹാർബർ എൻജിനിയറിംഗ് വകുപ്പിന് കീഴിൽ മാത്രം 400കോടിയോളം രൂപയുടെ പദ്ധതികൾ 100ദിന പരിപാടിയിൽ ഉൾപ്പെടുത്തി. ഇതിൽ 10 പദ്ധതികളുടെ പൂർത്തീകരണവും 9 പ്രധാന പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും ഉണ്ടാകും.

?ഏറെ പരാധീനതകൾ മത്സ്യമേഖലയിൽ നിലനിൽക്കുന്നുണ്ട്, അതിനുള്ള പരിഹാരം
ഫിഷറീസ് വകുപ്പിന് കീഴിൽ 35 കോടിയുടെ വിവിധ പദ്ധതികളാണ് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സ്യഫെഡ്,തീരദേശവികസന കോർപ്പറേഷൻ, സാഫ് എന്നിവ വഴി അടിസ്ഥാനസൗകര്യ വികസനത്തിന് വിവിധ പദ്ധതികൾക്ക് രൂപം നൽകിവരികയാണ്. വിപണന മേഖല ശക്തിപ്പെടുത്തുന്നതിനായി വിവിധയിടങ്ങളിൽ ഫിഷ് മാർക്കറ്റുകളുടെ നിർമ്മാണം ഉടൻ നടത്തും. ഇത്തരം പദ്ധതികൾ കാലവിളംബംകൂടാതെ ആവിഷ്‌കരിക്കാനും നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സുരക്ഷിതമായ വീടുകളിൽ മത്സ്യത്തൊഴിലാളികൾ പാർക്കണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. അതിനായി ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണമടക്കം ലക്ഷ്യമിടുന്നു. കോഴിക്കോട് വെസ്റ്റ് ഹില്ലിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിർമ്മാണം വൈകാതെ പൂർത്തിയാക്കും. ധർമ്മടത്ത് പി.എച്ച്.സിയും ചെല്ലാനത്ത് അടിയന്തര ചികിത്സാ-രക്ഷാപ്രവർത്തന ബ്ലോക്കും സജ്ജമാകും. പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ കോൾഡ് സ്റ്റോറേജുകളടക്കം സമയബന്ധിതമായി യാഥാർത്ഥ്യമാക്കും.

?തീരശോഷണവും കടലാക്രമണവുമടക്കമുള്ള പ്രശ്നങ്ങൾ
ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണുന്നു. ഇറിഗേഷൻ അടക്കം മറ്റ് വകുപ്പുകളുമായി സഹകരിച്ച് ഇടപെടേണ്ട വിഷയങ്ങളുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സാദ്ധ്യമായ എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കും. ആവശ്യമായ പഠനങ്ങളും നടത്തും.

?മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനുള്ള പദ്ധതികൾ
മത്സ്യവിൽപ്പനയടക്കമുള്ള രംഗങ്ങളിൽ വനിതകൾ വ്യാപകമായി പണിയെടുക്കുന്നു. അവരുടെ ക്ഷേമത്തിന് വിവിധ പദ്ധതികൾ നിലവിലുണ്ട്. അവ കാര്യക്ഷമമായി നടപ്പാക്കുന്നതോടൊപ്പം പുതിയത് ആവിഷ്‌കരിക്കുകയും ചെയ്യും. തീരദേശ വനിതകളുടെ ശാക്തീകരണത്തിനും ഉപജീവനത്തിനുമായി സാഫ് വഴി മൈക്രോ യൂണിറ്റുകൾ, വൺ ഫാമിലി വൺ എന്റർപ്രൈസ് പദ്ധതികൾ, ജെ.എൽ.ജി യൂണിറ്റുകൾ എന്നിവയുടെ ഉദ്ഘാടനവും റിവോൾവിംഗ് ഫണ്ട് വിതരണവും സംസ്ഥാനതലത്തിൽ ഉടൻ നടക്കും. വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി എറണാകുളത്ത് എം.ഐ.എഫ്.പി നവീകരണ പ്രവർത്തനങ്ങളുടെയും കൊല്ലത്ത് സി.പി.സി ഐസ് പ്ലാന്റിന്റെയും തറക്കല്ലിടൽ മത്സ്യഫെഡ് മുഖേന നിർവഹിക്കാനാണ് തീരുമാനം.

?മത്സ്യവിൽപ്പനയ്ക്ക് ഇ-സ്‌കൂട്ടർ നൽകുന്ന പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ
മത്സ്യവിൽപ്പന നടത്തുന്ന സ്ത്രീകൾ നിലവിൽ ഏറെ പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഹാർബറുകളിൽനിന്നും മാർക്കറ്റുകളിൽനിന്നും ശേഖരിക്കുന്ന മത്സ്യം കേടുകൂടാതെ എത്രയും വേഗം വിൽപ്പനയ്‌ക്കെത്തിക്കാൻ ഇ-സ്‌കൂട്ടർ സഹായകമാകും. സർക്കാർ സബ്സിഡിയോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

?ഹാർബർ വികസനത്തിനുള്ള പദ്ധതികൾ
ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ കീഴിൽ 396.15 കോടിയുടെ പദ്ധതികളാണ് ഉടൻ നടപ്പാക്കാൻ ഉൾപ്പെടുത്തിയിട്ടുള്ളത്. കൊല്ലം തങ്കശ്ശേരി ഹാർബറിലെ അധിക സൗകര്യവികസനം, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളുടെ വികസനവും നവീകരണവും, ആയിരംതെങ്ങിലെ ബ്രൂഡ് സ്റ്റോക്ക് വികസന കേന്ദ്രം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. എറണാകുളം ചെല്ലാനം ഹാർബറിലെ അടിസ്ഥാനസൗകര്യ വികസനവും പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി എന്നീ ഫിഷിംഗ് ഹാർബറുകളുടെ ആധുനികവത്കരണവും പൂർത്തിയായി വരുന്നു. തൃശൂർ അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റർ വികസനം, ചെറുവത്തൂർ ഹാർബർ നവീകരണം, മഞ്ചേശ്വരം ഹാർബർ വികസനം എന്നിവയുടെ നിർമ്മാണോദ്ഘാടനവും ഉണ്ടാകും. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ചേറ്റുവ, മുനയ്ക്കടവ്, താനൂർ, പൊന്നാനി, കൊയിലാണ്ടി, വെള്ളയിൽ ഹാർബറുകളിൽ അധിക സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികൾക്കും തുടക്കമാകും. വിഴിഞ്ഞം സി.എച്ച്.സിയിലെ പുതിയ ഐ.പി ബ്ലോക്കും 100ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി.

?തിരുവനന്തപുരം മുതലപ്പൊഴിയെ അപകടമുക്തമാക്കുമോ
മുതലപ്പൊഴിയിലെ വിഷയങ്ങൾ ശ്രദ്ധയിലുണ്ട്. അവിടെ നേരിട്ട് സന്ദർശിച്ച് പ്രശ്നങ്ങൾ മനസിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളുംകൂടി പരിഗണിച്ചുള്ള തുടർപ്രവർത്തനങ്ങളാകും ഉണ്ടാകുക.

?സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികൾ

37.2 കോടി രൂപയുടെ പദ്ധതികളാണ് അടുത്ത മാസങ്ങളിൽ നടപ്പാക്കുക. വയോജനക്ഷേമത്തിന് പ്രത്യേക വകുപ്പ് വരാൻ പോകുന്നതേയുള്ളൂ. നിലവിൽ സമൂഹികനീതി വകുപ്പ് വയോജന സുരക്ഷ ഉറപ്പാക്കുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വയോജനക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡയറക്ടറേറ്റും ജില്ലാതല ഓഫീസും സജ്ജമാക്കാൻ ക്രമീകരണമായിട്ടുണ്ട്. വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി 24X7 സംസ്ഥാനതല ഏകീകൃത ഹെൽപ്പ്ലൈൻ, മുഖ്യമന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന ഗവേണിംഗ് കൗൺസിൽ, ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി, എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ ഏജിംഗ് സെല്ലുകൾ എന്നിവ ആരംഭിക്കും.

?വയോജന സംരക്ഷണത്തിന് കൂടുതൽ പഠനവും ക്രമീകരണങ്ങളും വേണ്ടതല്ലേ
ക്ഷേമപ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വയോജനങ്ങളുടെ ആവശ്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി സംസ്ഥാനതല സർവേ, എൽഡർ വൾനറബിലിറ്റി രജിസ്റ്റർ, പ്രൊഡക്ടീവ് ഏജിംഗ് രജിസ്ട്രി, കേരള കെയർ വർക്ക്‌ഫോഴ്‌സ് രജിസ്ട്രി എന്നിവ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എൽഡർ ഫെസിലിറ്റേഷൻ ഡെസ്‌ക്കുകൾ സ്ഥാപിക്കുന്നതിനൊപ്പം സർക്കാർ ഓഫീസുകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും വയോജന സൗഹൃദ സർട്ടിഫിക്കേഷൻ ഏർപ്പെടുത്തും. ഡിമെൻഷ്യ ഫ്രണ്ട്‌ലി കേരളം, കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള അയൽപക്ക പിന്തുണാ ശൃംഖല, തലമുറകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന യുവജന ഇന്റർജനറേഷണൽ പരിപാടി, ജില്ലാ അടിസ്ഥാനത്തിലുള്ള സർവീസ് കണക്ട് ഡയറക്ടറി എന്നിവയും സർക്കാർ 100ദിന പരിപാടിയിൽ ഉൾപ്പെടുത്തി.

ഭിന്നശേഷിക്കാരുടെ

ക്ഷേമത്തിന് പ്രാധാന്യം
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് മുന്തിയ പ്രാധാന്യം നൽകും. വികലാംഗക്ഷേമ കോർപ്പറേഷൻ മുഖേന ഭിന്നശേഷിക്കാരായ സംരംഭകർക്ക് സൗജന്യ മുച്ചക്ര വാഹന വിതരണം, വാഹനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക ധനസഹായം, വായ്പാപദ്ധതി തുടങ്ങിയവ 100ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി പ്രതിഭകൾക്ക് വേദിയൊരുക്കുന്ന റിഥം ട്രൂപ്പ്, പൊതുസ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്ന പദ്ധതി, താത്കാലിക പരിചരണത്തിനുള്ള റെസ്‌പൈറ്റ് ഹോം പദ്ധതി, ഭിന്നശേഷി അവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള സംസ്ഥാനതല സർവേ എന്നിവ നടപ്പിലാക്കും. പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V E ABDUL GAFOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY