SignIn
Kerala Kaumudi Online
Sunday, 12 July 2026 3.23 AM IST

എക്സൈസിന്റെ മുഖം മിനുക്കും ,​ സഹകരണത്തെ ജനപക്ഷമാക്കും; മനസ് തുറന്ന് മന്ത്രി എം. ലിജു

d

എക്സൈസിന്റെ മുഖം മിനുക്കുകയും സഹകരണത്തെ ജനപക്ഷമാക്കുകയുമാണ് വകുപ്പ് മന്ത്രിയെന്ന് നിലയിൽ ആദ്യം മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി എം.ലിജു. എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം.ലിജു 'കേരളകൗമുദി'യോട് സംസാരിക്കുന്നു.

? രണ്ട് പ്രധാന വകുപ്പുകളാണ്

 കാര്യങ്ങൾ പഠിക്കാനുള്ള ശ്രമമാണ് ആദ്യമാസം നടത്തിയത്. ജനങ്ങളുമായി ഏറെ ബന്ധപ്പെട്ട രണ്ട് വകുപ്പുകൾ. നിയമസഭയുമായും വകുപ്പുകളുമായും ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കണം. ഉദ്യോഗസ്ഥരുമായും മറ്റു വ്യക്തികളുമായും ചർച്ച നടത്തി.

? വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി നല്ല

വീര്യമുള്ള വിവാദമായല്ലോ

 വീര്യം കുറഞ്ഞ മദ്യമെന്ന കാഴ്ചപ്പാട് യഥാർത്ഥത്തിൽ കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാരാണ്. 2022ലെ മദ്യനയത്തിൽ വീര്യംകുറഞ്ഞ മദ്യം കൊണ്ടുവരുന്നത് ഗുണകരമെന്നൊരു ആശയം മുന്നോട്ടുവച്ചു. അതോടൊപ്പം പഴവർഗ്ഗങ്ങളിൽ നിന്നുത്പാദിപ്പിക്കുന്ന ഹോർട്ടി വൈനും തുടർന്ന് 2023ൽ അബ്കാരി ആക്ടിൽ ഭേദഗതി വരുത്തിയ പ്രകാരം 0.5 മുതൽ 20% വരെ വീര്യമുള്ള മദ്യത്തെ ലോ ആൽക്കഹോളിക് വിഭാഗത്തിൽ ഉൾപ്പെടുത്തി. ഡിസ്റ്റിലറികൾക്കുള്ള അനുമതിയും കൊടുത്തു. എന്നാൽ, ഈ സർക്കാർ ഇത് വിൽക്കണമോ വേണ്ടയോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. മദ്യനയത്തിൽ വരേണ്ട കാര്യമാണ്. വീര്യം കുറഞ്ഞ മദ്യം വിറ്റാൽ മദ്യവ്യാപനത്തിനു വഴി വയ്ക്കുമെന്നൊരു വാദവുമുണ്ട്. അതല്ല വീര്യം കുറഞ്ഞ മദ്യം വ്യാപിക്കുന്നതാണ് മറ്റു മദ്യങ്ങളുടെ വില്പന കുറയ്ക്കാൻ നല്ലതെന്ന മറ്റൊരു വാദവുമുണ്ട്. വ്യക്തിപരമായ അഭിപ്രായത്തിന് അപ്പുറം നയപരമായി വരേണ്ട കാര്യമാണ്. ലോ ആൽക്കഹോളിക്ക് മദ്യത്തിന് നേരത്തെ നികുതി നിശ്ചയിച്ചിരുന്നില്ല. ഏതൊക്കെ തരത്തിൽ വരുമാനം ലഭിക്കുമെന്നു പറയേണ്ട ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിൽ, നാളെ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചാൽ നികുതി എങ്ങനെ വേണമെന്ന നിർദ്ദേശമാണ് വച്ചതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിൽക്കണമെങ്കിൽ കുറെ കടമ്പകൾ ബാക്കിയുണ്ട്. ലേബൽ, ബ്രാൻഡ് രജിസ്ട്രേഷൻ കഴിഞ്ഞ് എക്സൈസ് പെർമിറ്റ് കൊടുക്കുമ്പോഴേ വിൽക്കാനാവൂ. എക്സൈസ് മന്ത്രിയെന്ന നിലയ്ക്ക് മദ്യനയം വന്ന ശേഷം ഇത് വിൽക്കുന്ന കാര്യത്തിൽ തീരുമാനം എന്നതാണ്. മദ്യനയത്തിന്റെ കാര്യത്തിൽ മത സംഘടനകളുൾപ്പെടെ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി എക്സൈസ് വകുപ്പ് കരട് തയ്യാറാക്കിയാലും യു.ഡി.എഫും പാർട്ടിയും ചർച്ചചെയ്ത് തീരുമാനിക്കണം. മദ്യാസക്തി കുറയ്ക്കുന്നതുൾപ്പെടെ കേരള സമൂഹത്തിന് ഗുണകരമാവുന്ന നയമാവും കൊണ്ടുവരിക. മദ്യം വിറ്റു പണമുണ്ടാക്കുകയല്ല ലക്ഷ്യം.

? ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മദ്യനയം

ഉദാരമാക്കണമെന്ന നിർദ്ദേശങ്ങളുണ്ടല്ലോ

 ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് നിലനിറുത്തണമെന്ന അഭിപ്രായമുണ്ട്. വലിയ ഇവന്റുകളൊക്കെ നടക്കുമ്പോൾ ഇത് അത്യാവശ്യമെന്നാണ് ബന്ധപ്പെട്ടവരുടെ ന്യായം. രാത്രി 10ന് ശേഷം ബാർ പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് ബാർ തൊഴിലാളികൾക്കുണ്ട്. അക്രമസംഭവങ്ങളും മറ്റും അവർ ചൂണ്ടിക്കാട്ടുന്നു. രണ്ടും ബാലൻസ് ചെയ്യണം. വ്യക്തിപരായ തീരുമാനമല്ല പ്രസക്തം. ശരിയായ തീരുമാനത്തിലെത്തണം.

? വി.എം. സുധീരൻ ചില എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടല്ലോ

 കേരള രാഷ്ട്രീയത്തിൽ വലിയ സ്ഥാനമുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഉദയഭാനു കമ്മിഷൻ റിപ്പോർട്ടിലുൾപ്പെടെ മറിച്ചും അഭിപ്രായങ്ങളുണ്ട്. ഒരാൾ അഭിപ്രായം പറയുന്നത് മോശമായി കാണാനാവില്ല. അഭിപ്രായം പറഞ്ഞെങ്കിലേ ജനാധിപത്യമാവൂ.

? കള്ള് വ്യവസായം ക്ഷീണാവസ്ഥയിലാണല്ലോ

 കള്ള് ഷാപ്പുകളുടെ നവീകരണമാണ് പ്രധാനം. വിൽക്കുന്നത് ശുദ്ധമായ കള്ളെന്ന് ഉറപ്പാക്കണം. ശുദ്ധി എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷം മാറി, നല്ല ഭക്ഷണവും ലഭ്യമാക്കുന്ന മാതൃകയുണ്ടാവണം.

? മയക്കുമരുന്നും ലഹരി വസ്തുക്കളും ഭീഷണിയാണല്ലോ

 മയക്കുമരുന്നിനെതിരെ ശരിയായ പോരാട്ടം നടത്തേണ്ടത് എക്സൈസാണെങ്കിലും വകുപ്പിന് പരിമിതികൾ ഏറെ. അംഗബലം 5000ൽ താഴെ. ആവശ്യമായ ഉപകരണങ്ങൾ, വാഹനം, സൈബർ അന്വേഷണ സംവിധാനം, എല്ലാം കുറവ്. ഡ്രഗ്ഗ് ഐഡന്റിഫിക്കേഷൻ കിറ്റ്, സാമ്പിൾ പരിശോധനയ്ക്ക് സ്റ്റേറ്റ് കെമിക്കൽ ലാബ്, വാഹനങ്ങൾ എന്നിവയ്ക്ക് ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. പുതിയ പദ്ധതിയാണ് 'മയങ്ങില്ല കേരളം". എൻഫോഴ്സ്മെന്റ്, ബോധവത്കരണം, ഡീ അഡിക്ഷൻ, പുനരധിവാസം എന്നീ നാല് തൂണുകളിൽ അടിസ്ഥാനമാക്കി ഉണ്ടാക്കിയ പദ്ധതി. ലഹരി സംബന്ധമായ വിവരങ്ങൾ രഹസ്യമായി അറിയിക്കാൻ ഇന്ത്യയിലെ ആദ്യ പോർട്ടൽ. പരിമിതികൾക്കുള്ളിലും ജീവനക്കാർ നടത്തുന്ന സേവനങ്ങളെക്കുറിച്ച് മതിപ്പുണ്ട്. അവരുടെ ചില ന്യായമായ ആവശ്യങ്ങളും പരിഹരിക്കേണ്ടതുണ്ട്.

? സഹകരണ വകുപ്പിനെക്കുറിച്ച്

 സഹകരണ മേഖലയെ കുറേക്കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്. ജപ്തി ഭീഷണിയുമായി നിരന്തരം നിരവധി പേർ വരുന്നുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ ഒരിക്കൽ കൂടി ഏർപ്പെടുത്താനാണ് 'ആശ്വാസ് 26" പ്രഖ്യാപിച്ചത്. ആഗസ്റ്റ് മാസം വരെ നീണ്ടു നിൽക്കും. അതുവരെ ജപ്തിയും ലേലവും നിറുത്തിവച്ചിട്ടുണ്ട്. പക്ഷേ കാര്യങ്ങൾ ജനങ്ങളെ അറിയിക്കാത്ത ചില ഉദ്യോഗസ്ഥരെങ്കിലുമുണ്ട്. അവരാണ് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ടത്. സഹകരണ മേഖലയെ ശക്തിപ്പെടുത്തുക, നിക്ഷേപകരുടെ സുരക്ഷിതത്വവും സഹകരണ മേഖലയുടെ വളർച്ചയും ഉറപ്പാക്കുക. തട്ടിപ്പുനടത്തിയവരെ ശിക്ഷിക്കണം. എന്നാൽ, നഷ്ടപ്പെട്ട നിക്ഷേപം പരമാവധി പേർക്ക് തിരിച്ചുകൊടുക്കാനുള്ള പദ്ധതി വേണം.

കേരള ബാങ്കിനെ ആദ്യം എതിർത്തതാണ്. ജില്ലാ ബാങ്ക് പ്രാഥമിക സംഘങ്ങൾക്ക് വലിയ സഹായമായിരുന്നു. ഒന്നോ രണ്ടോ ബാങ്കുകൾ മാത്രമാണ് നഷ്ടത്തിൽ പോയിരുന്നത്. എന്നാൽ ഇപ്പോൾ കേരള ബാങ്ക് ആയ സ്ഥിതിക്ക് പോസിറ്റീവ് സമീപനമാണ്. ജില്ല ബാങ്കുകൾ തിരിച്ചു കൊണ്ടുവരുമോ എന്നത് പോളിസി പ്രശ്നമാണ്. അടിസ്ഥാന സൗകര്യവികസനത്തിന് പി.സി.പി മോഡൽ തയ്യാറാക്കുകയാണ്. ഇതിന് ഒരു കോടി ബഡ്ജറ്റിൽ വകയിരുത്തി. ഫലപ്രദമായ നിക്ഷേപത്തിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

? ഉദ്യോഗസ്ഥരുടെ സമീപനം

 സർക്കാർ പദ്ധതികളോട് മുഖംതിരിഞ്ഞു നിൽക്കുന്ന അനുഭവമുണ്ടായിട്ടില്ല. ആർക്കെതിരെയും പ്രതികാര നടപടി താത്പര്യമില്ല. സർക്കാർ പദ്ധതികളെ പരാജയപ്പെടുത്താനുള്ള ശ്രമമുണ്ടായാൽ നേരിടും. ആൾക്കാരോട് മര്യാദയ്ക്ക് പെരുമാറണം. അതേസമയം നിലപാട് ശക്തമായിരിക്കുകയും വേണം.

? മന്ത്രിയെന്ന നിലയ്ക്കുള്ള വെല്ലുവിളി

 വെല്ലുവിളിയല്ല, ഒരു ജനപ്രതിനിധിയാവണമെന്ന് തീവ്രമായി ആഗ്രഹിച്ചതാണ്. മന്ത്രിയാവുമ്പോൾ കൂടുതൽ ആൾക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാം. വ്യക്തിപരമായ കാര്യങ്ങളുടെ സമയം കുറയുമെങ്കിലും ജനങ്ങളുമായുള്ള ഇടപെടൽ സന്തോഷം തരുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION