SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

കേരളകൗമുദി മുഖപ്രസംഗത്തിന്ഭ ക്ഷ്യ മന്ത്രിയുടെ മറുപടി,​ നിർദ്ദേശം ക്രിയാത്മകം, നടപടി സ്വീകരിക്കും

gr-anil

പ്രിയപ്പെട്ട എഡിറ്റർ,
ഇന്നത്തെ (ശനി) കേരളകൗമുദി ദിനപത്രത്തിൽ 'റേഷൻ പരിഷ്‌കാരം ദ്രോഹമാകരുത്" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ശ്രദ്ധേയമായി. ഈ മേഖലയിലെ യഥാർത്ഥ വസ്തുതകൾ മനസിലാക്കി ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ഇതിലൂടെ മുന്നോട്ടുവച്ചിട്ടുള്ളത്. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിനുശേഷമുള്ള റേഷൻ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും ഭരണപരവുമായ പ്രശ്നങ്ങൾ പഠനവിധേയമാക്കണമെന്ന് റേഷൻ വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സർക്കാർ റേഷനിംഗ് കൺട്രോളർ കൺവീനറായും,​ വകുപ്പിലെ വിജിലൻസ് ഓഫീസർ, ലാ ഓഫീസർ എന്നിവർ അംഗങ്ങളായും ഒരു സമിതി രൂപീകരിച്ചിരുന്നു.


റേഷൻ വ്യാപാര മേഖല കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള വിവിധ നിർദ്ദേശങ്ങൾ റപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. പ്രസ്തുത റപ്പോർട്ടിന്മേൽ ആധികാരികമായ ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. പൊതുവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന,​ റേഷൻ വ്യാപാരികൾ ഉൾപ്പെടെ എല്ലാവരുമായും ചർച്ച നടത്തിയതിനു ശേഷമേ ഈ മേഖലയിലെ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയുള്ളൂ. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കാനിരിക്കെ,​ 3872 കടകൾ പൂട്ടും എന്നുള്ള പ്രാചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നിലവിൽ ഏതു കടയിൽ നിന്നും റേഷൻ വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ട്. അതുകൊണ്ടുതന്നെ കടയുടെ എണ്ണം വർദ്ധിപ്പിക്കേണ്ട സാഹചര്യമില്ല. എന്നാൽ ഓഫ് ടേക്ക് വളരെ കുറഞ്ഞ റേഷൻ കടകൾ നിലനിർത്തേണ്ടതുണ്ടോ എന്നും പരിശോധക്കേണ്ടതുണ്ട്.

ഇടതു മുന്നണി സർക്കാർ പൊതുവിതരണ മേഖലയിൽ നിരവധി പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതോടെ നിലവിലെ റേഷൻ കടകൾ ആധുനികവൽക്കരിക്കുകയും കൂടുതൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി കെ-സ്റ്റോർ പദ്ധതി ആരംഭിച്ചു, അതിലൂടെ വ്യാപാരികൾക്ക് അധിക വരുമാനം നേടുന്നതിന് സാഹചര്യമൊരുങ്ങി. കെ- സ്റ്റോറുകളുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന നിർദ്ദേശം ക്രിയാത്മകമാണ്. ഇതിന്റെ സാദ്ധ്യതകൾ ആലോചിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

റേഷൻകടകളിലൂടെ മുൻഗണനാ കാർഡുകാർക്ക് പഞ്ചസാര വിതരണം പുനരാരംഭിച്ചു. മുൻഗണനാ കാർഡുകാർക്ക് ലഭ്യമായിരുന്ന മണ്ണെണ്ണയുടെ അളവ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതു കാരണം മൊത്തവിതരണക്കാർ സ്റ്റോക്കെടുക്കാൻ തയ്യാറാകാത്തതും, റേഷൻ കട ലൈസൻസികൾ വ്യാപാര കേന്ദ്രങ്ങളിൽ നേരിട്ടത്തി മണ്ണെണ്ണ കൈപ്പറ്റാൻ വിമുഖത കാണിക്കുന്നതും മൂലം റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം തടസപ്പെട്ടിരിക്കുകയാണ്.


2013-ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം നിലവിൽ വന്ന കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ ഓർഡർ- 2021 കാലോചിതമായി പരിഷ്‌കരിക്കുന്നതിനും റേഷൻ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങളിന്മേൽ ചർച്ചകൾ നടത്തി പരിഹാരം കാണുന്നതിനും നടപടികൾ സ്വീകരിച്ചു. അതുപോലെതന്നെ,​ റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നിയമഭേദഗതികൾ വരുത്തുന്നതിനും നടപടി സ്വീകരിച്ചു. റേഷൻ വ്യാപാര മേഖല നേരിടുന്ന നിയമപരവും ഭരണപരവുമായ പ്രശ്നങ്ങൾ പഠിച്ച് സമർപ്പിച്ച ഉന്നതതല സമിതി റിപ്പോർട്ട്,​ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നതിനു മുമ്പ് പ്രചരിക്കുന്ന പ്രതിലോമകരമായ വാർത്തകൾ ഈ മേഖലയിൽ ആശങ്ക സൃഷ്ടിക്കാനേ ഉപകരിക്കൂ. എന്നാൽ,​ റേഷൻ വിതരണ മേഖലയിലെ പ്രശ്നങ്ങൾ വിലയിരുത്തി 'കേരളകൗമുദി" മുന്നോട്ടുവച്ച ക്രിയാത്മക നിർദ്ദേശങ്ങൾ സർക്കാർ സ്വാഗതം ചെയ്യുന്നു.
സ്‌നേഹപൂർവം,​

ജി.ആർ.അനിൽ

ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GR ANIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION