SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

വാഴ്‌ത്തുപാട്ടും ജയിലിലെ നാടകവും

a

പാടവും പറമ്പും കേരമൊക്കെയും പടക്കളം, ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ.... സഖാക്കളുടെ ഈ അഭിവാദ്യം കേട്ടാൽ കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിനെയോ,​ പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയെയോ കുറിച്ചാണെന്ന് പഴയ തലമുറക്കാരിൽ ചിലരെങ്കിലും സംശയിച്ചെന്നു വരാം. തലസ്ഥാനത്ത് സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷച്ചടങ്ങിൽ ഉയർന്നുകേട്ട സമൂഹഗാനമാണിത്. 'ഇ.എം.എസ്, എ.കെ.ജി,സുന്ദരയ്യ സിന്ദാബാദ്..." എന്നായിരുന്നല്ലോ 1964-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനു ശേഷം മാർക്സിസ്റ്റ് സഖാക്കൾ വിളിച്ചുപോന്ന മുദ്രാവാക്യം.

ആ നേതാക്കളുടെ കാലശേഷം അവരുടെയത്ര മഹത്വവും ജനാഭിമുഖ്യവുമുള്ള നേതാക്കൾ പാർട്ടിയിൽ ഉണ്ടാകാത്തതു കൊണ്ടാവാം, അത്രയും ഉശിരും ആവേശവും പകരുന്ന മുദ്രാവാക്യങ്ങൾ കുറഞ്ഞുതുടങ്ങി. ശേഷിച്ച ജനപ്രിയ നേതാക്കളിൽ ജ്യോതിബസുവും ഹർകിഷൻ സിംഗ് സുർജിത്തും മുതൽ ഇ.കെ.നായനാരും ഗൗരിഅമ്മയും കോടിയേരി ബാലകൃഷ്ണനും വരെ കഥാവശേഷരായി. ദേശീയതലത്തിൽ നോക്കിയാലും, ജീവിച്ചിരിക്കുന്ന സി.പി.എം നേതാക്കളിൽ ഉന്നത ശ്രേണിയിൽപ്പെടുത്താവുന്നവർ രണ്ടുപേർ മാത്രം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും. പ്രായത്തിന്റെ അനാരോഗ്യത്താൽ വി.എസ് കർമ്മരംഗം വിട്ടു. പിന്നെയുള്ള പിണറായി സഖാവാണ് കഥാനായകനെന്ന് വ്യക്തം. ഇനി അടുത്ത ഈരടികൾ കൂടി കേൾക്കാം.

'ചെമ്പടയ്ക്ക് കാവലായ്,

ചെങ്കനൽ കണക്കൊരാൾ...

ദുരിതപൂർണ ജീവിതം

ഇരുളിലായ കാലവും,

കൈവിളക്കുമായ് ജ്വലിച്ചു

കാവലായി നിന്നയാൾ..."

ഇഷ്ടനേതാവിനുള്ള അഭിവാദ്യത്തെയാണ് വാഴ്‌ത്തുപാട്ടെന്നും സ്തുതിഗീതമെന്നുമൊക്കെ പറഞ്ഞ് പ്രതിപക്ഷം പരിഹസിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ പിണറായി സഖാവ് എത്തിയപ്പോഴും, വേദി വിട്ടിറങ്ങിയപ്പോഴും ഗാനം കൂട്ടത്തോടെ ആലപിച്ചത് സെക്രട്ടേറിയറ്റിലെ നൂറ് ജീവനക്കാരുടെ സംഘമാണ്. വ്യക്തിപൂജയും സ്തുതിഗീതവും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും നേതാക്കൾക്കും ഹറാമാണെന്നാണ് കേൾവി. ഗൗരിഅമ്മയെയും വി.എസിനെയും പി. ജയരാജനെയും കുറിച്ചുള്ള സ്തുതിഗീതങ്ങളെയും ഫ്ളെക്സ് ബോർഡുകളെയും പാർട്ടി നേതൃത്വം തള്ളിപ്പറഞ്ഞതാണ് ചരിത്രം.

സ്തുതിഗീതത്തിന് നിന്നുകൊടുക്കുന്നയാളല്ല താനെന്ന് ഉദ്ഘാടനച്ചടങ്ങിന്റെ തലേദിവസം പിണറായി തന്നെ വ്യക്തമാക്കിയതുമാണ്. എന്നിട്ടും സഖാവ് ആ വാ‌ഴ്‌ത്തുപാട്ട് വേദിയിൽ കേട്ടിരുന്നതെന്തിന്? ഫീനിക്സ് പക്ഷി, സമരധീര സാരഥി, പടനായകൻ തുടങ്ങിയ പ്രകീർത്തനങ്ങളും അതിലുണ്ടായിരുന്നല്ലോ? അത്തരം സ്തുതിഗീതം ഇഷ്ടമല്ലെങ്കിൽ പാട്ടുകാരോട് നിറുത്താൻ ആവശ്യപ്പെട്ടുകൂടേ എന്നാണ് ചില കുശുമ്പന്മാരുടെ ചോദ്യം. താനായിട്ട് അവരെ വിലക്കാനൊന്നും പോയില്ല. സ്നേഹവും ആവേശവുംകൊണ്ട് പാടിയതല്ലേ! അല്ലെങ്കിൽത്തന്നെ സഖാക്കളോട് എങ്ങനെ മുഖം കറുപ്പിച്ച് പറയും?

പാട്ട് കാണാതെ പഠിച്ചു വന്നവരല്ലേ,​ പാടിയിട്ടു പൊയ്ക്കോട്ടെ. അധിക്ഷേപിക്കുന്നവർ പോയി പണി നോക്കട്ടെ. പോരെങ്കിൽ അധിക്ഷേപങ്ങൾക്കിടെ ചില പുകഴ്‌ത്തലുകളും ആകാമെന്നായിരുന്നു സഖാവിന്റെ തലേന്നത്തെ പ്രതികരണം. കയ്പുള്ള കഷായം കുടിച്ച് മടുത്തയാൾക്ക് അൽപ്പം പാൽപ്പായസം കുടിക്കുന്നത് ഇമ്പമല്ലേ? വാഴ്‌ത്തുപാട്ട് സഖാവ് അൽപ്പം ആസ്വദിച്ചെന്നു ചുരുക്കം. മൂന്നുവർഷം മുമ്പ് പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ സ്തുതിച്ച് പാറശാലയിൽ വനിതാ സഖാക്കൾ നടത്തിയ മെഗാ തിരുവാതിരയിലെ വിശേഷണം 'കാരണഭൂതൻ" എന്നായിരുന്നു. ഇപ്പോഴത് 'കാവലാളായി." നാളെ അത് മറ്റൊന്നാവാം. കാലം മാറി,​ കഥ മാറി. സാർത്ഥവാഹക സംഘം മുന്നോട്ട്!



പ്രഥമദൃഷ്ടാ കുറ്റം ചെയ്തെന്നു കണ്ടെത്തിയ ആളാണ് പ്രതി. എന്നാൽ, ഒളിംപിക്സിന് സ്വർണ മെഡൽ ലഭിച്ചതു പോലെയാണ് ജയിലിൽ നിന്ന് പുറത്തേക്കു വരുന്നത്. 'കോടതിയോട് നാടകം കളിക്കരുത്. ജാമ്യം അനുവദിച്ചാൽ റദ്ദാക്കാനും അറിയാം... " നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂർ (ബോചെ) എന്ന വ്യവസായ പ്രമുഖനോട് ഹൈക്കോടതി പറഞ്ഞതാണ്. റിമാൻഡിലായി ജയിലിൽ കഴിഞ്ഞിരുന്ന ബോബിക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യ ഉത്തരവ് അന്നു വൈകിട്ട് ജയിൽ അധിക‌ൃതർക്ക് എത്തിക്കാൻ പ്രതിഭാഗം ശ്രമിച്ചു. എന്നാൽ, പിറ്റേദിവസം എത്തിച്ചാൽ മതിയെന്ന് ബോബി അറിയിച്ചത്രെ! മനുഷ്യസ്നേഹിയും കാരുണ്യ പ്രവർത്തകനുമായി അറിയപ്പെടുന്ന ബോബി, ജയിലിലും അതിനാണ് ശ്രമിച്ചതത്രെ. കളി കോടതിയോടോ? പ്രശ്നത്തിൽ കോടതി ഇടപെട്ടു. രംഗം വഷളാവുമെന്നു കണ്ടതോടെ, കാര്യങ്ങൾ ഞൊടിയിടയിലായി. പിറ്റേന്നു രാവിലെ ജയിലിൽ വിധിപ്പകർപ്പെത്തിച്ചു. പിന്നാലെ, പുറത്തിറങ്ങി. ജയിലിൽ ജാമ്യത്തുക കെട്ടിവയ്ക്കാത്തതിനാൽ പുറത്തിറങ്ങാനാവാത്ത സഹതടവുകാർക്ക് സഹായമെത്തിക്കാനാണ് താൻ ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്നാണ് അദ്ദേഹം അവിടെ കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞത്.

അത് കോടതിയോടുള്ള അധിക്ഷേപവും യുദ്ധപ്രഖ്യാപനവുമായാണ്, സംഗതി ലൈവായി കണ്ട കോടതി നിരീക്ഷിച്ചത്. സഹതടവുകാരുടെ വക്കാലത്തെടുക്കാൻ നോക്കേണ്ട എന്നായിരുന്നു കോടതിയുടെ പ്രതികരണം; എന്തും വിലയ്ക്കെടുക്കാമെന്നാണോ എന്നും. ഇതിനിടെ, ജയിലിനു മുന്നിൽ പടക്കം പൊട്ടിച്ച് ആഹ്ളാദം പ്രകടിപ്പിക്കാൻ 'ബോചെ" ആരാധകർ ശ്രമിച്ചതും പ്രകോപനമായി. ഒടുവിൽ കോടതിയോട് മാപ്പ് അപേക്ഷിച്ച 'ബോചെ" എല്ലാം തന്റെ നാവുപിഴയാണെന്നും, ഇനി ഒന്നിനും താനില്ലെന്നും ബോധിപ്പിച്ചതോടെ കോടതി അയഞ്ഞു. എല്ലാം 'കോംപ്ലിമെന്റ്സ്" ആയി. രംഗം ശുഭം. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവും മിത്രവും സ്വന്തം നാവ് തന്നെ!



'റോഡിൽ ഇതൊന്നും പാടില്ലെന്ന് അറിയില്ലേ? പിന്നെന്തിനാണ് ഇങ്ങനെ ചെയ്തത്?"സെക്രട്ടേറിയറ്റിനു മുമ്പിലെ റോഡിൽ സ്റ്റേജ് കെട്ടിയ സ്വന്തം പാർട്ടിയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ പ്രവർത്തകരെ ശാസിച്ചത് സി.പി.ഐ സംസഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ. എ.ഐ.ടി.യു.സി മാർച്ച് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു സഖാവ്. റോഡിലെ സ്റ്റേജ് ഉടനെ അഴിപ്പിച്ചു. സ്റ്റേജിനായി വച്ചിരുന്ന രണ്ട് പിക്കപ് വാനുകളും മാറ്റി. റോഡരികിൽ വച്ച പ്രസംഗപീഠത്തിൽ നിന്നായി പിന്നെ ഉദ്ഘാടനം. നീതിപീഠത്തോട് എത്ര മതിപ്പ്!

അൽപ്പം ഫ്ലാഷ് ബാക്ക്. രണ്ടാഴ്ച മുമ്പ് ഇതേ നഗരത്തിലായിരുന്നു സംഭവം. സി.പി.ഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റിനു മുന്നിലും സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വഞ്ചിയൂരിലും റോഡിനു കുറുകെ സ്റ്റേജ് കെട്ടിയതിന് ഹൈക്കോടതി ക്ളിപ്പിട്ടു. ബിനോയ് വിശ്വത്തോടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടും അടുത്തമാസം പത്തിന് കോടതിയിൽ ഹാജരാവാനും ഉത്തരവിട്ടു. പാർട്ടിക്കാർ ചെയ്ത കുറ്റത്തിന് ഖേദം പ്രകടിപ്പിച്ച ബിനോയ്, കോടതിയിൽ ഹാജരാവുമെന്നും അറിയിച്ചു. അപ്പോഴാണ് സ്വന്തം പാർട്ടിക്കാരുടെ അടുത്ത പുകിൽ. അതിനും താൻ കോടതി കയറേണ്ടി വരില്ലേ?​ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും!

നുറുങ്ങ്-

 മുഖ്യമന്ത്രിയെപ്പറ്റി സ്തുതിഗീതമെഴുതിയ സെക്രട്ടേറിയറ്റിലെ റിട്ട. ജീവനക്കാരന് താത്കാലിക പുനർനിയമനം.

@ സെക്രട്ടേറിയറ്റിലെ റിട്ട. ജീവനക്കാരിൽ പലരും പിണറായി സ്തുതിഗീതം എഴുതാനുള്ള ശ്രമത്തിലെന്ന് കേൾവി.

(വിദുരരുടെ ഫോൺ: 99461 08221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION