SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

കുടിയില്ലാത്ത പാർട്ടി; സെസിന്റെ കാണാപ്പുറവും

virudharan

അടിച്ചു പൂക്കുറ്റിയായി ആശാനും ശിഷ്യനും നടത്തുന്ന സംഭാഷണം കേട്ടിട്ടില്ലേ?​ 'ഭൂമി കറങ്ങുന്നുണ്ടോടാ?ഉണ്ടേ..., അപ്പം സാറു പറഞ്ഞത് നേരോടാ?ആണേ...!- പാർട്ടിയിലെ ആരും മദ്യം കഴിക്കുകയോ തലയ്ക്കു വെളിവില്ലാതെ റോഡിലിറങ്ങി നടക്കുകയോ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാൻ പാടില്ലെന്ന് പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി നേതൃത്വമിറക്കിയ സർക്കുലർ കണ്ട് ഞെട്ടിയ സി.പി.ഐക്കാർ ഏറെ. അതെത്ര മാത്രം പ്രാവർത്തികമായെന്ന് തിട്ടമില്ല.

ഏതായാലും സംഗതി പുലിവാലായപ്പോൾ, പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം അതിൽ അല്‌പം വെള്ളം ചേർത്തു.

സഖാക്കൾക്ക് അത്യാവശ്യമെങ്കിൽ ബാറിൽ നിന്നോ ബിവറേജസിൽ നിന്നോ വാങ്ങി സ്വന്തം വീട്ടിൽ കതകടച്ചിരുന്ന് ഇരുചെവിയറിയാതെ രണ്ടെണ്ണം വീശാം. പക്ഷേ, പുറത്തിറങ്ങി നാലുകാലിൽ നടക്കുകയോ, പരസ്യമായി വാളുവയ്ക്കുകയോ ചെയ്യരുത്. കൂട്ടമായ മദ്യസേവയും പാടില്ല. നിത്യേന അല്‌പം മിനുങ്ങൽ ശീലമാക്കിയ പച്ചപ്പാവം സി.പി.ഐക്കാർക്ക് തെല്ലൊരു ആശ്വാസം. പാർട്ടി അത്രയെങ്കിലും അനുവദിച്ചല്ലോ!

പക്ഷേ, സി.പി.എമ്മുകാരുടെ കാര്യമാണ് കഷ്ടം. സി.പി.എം മദ്യത്തിന് എതിരാണെന്നും, പാർട്ടി നേതാക്കളോ പ്രവർത്തകരോ മദ്യം കൊടിൽകൊണ്ടു പോലും തൊടാൻ പാടില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ ഇണ്ടാസ്! ഞങ്ങളുടെ ഏതെങ്കിലും സഖാവിനെ ആ ഷാപ്പിൽ വച്ച്, അല്ലെങ്കിൽ മറ്റേ ഷാപ്പിൽ വച്ച് കണ്ടുവെന്ന് ആരെങ്കിലും പറഞ്ഞതായി കേട്ടിട്ടുണ്ടോ എന്നാണ് പത്രക്കാരോട് മാഷിന്റെ ചോദ്യം! ഏതെങ്കിലും സഖാവ് മദ്യപിക്കുന്നതു കണ്ടെത്തി അറിയിച്ചാൽ ആ സഖാവ് പാർട്ടിക്കു പുറത്താവും! കുടിയന്മാരെ സി.പി.എമ്മിൽ വേണ്ടെന്നു സാരം.

നല്ല കഥയായി. പാർട്ടിയിൽ പിന്നെ മാഷും കുറെ 'പച്ചക്കറി" സഖാക്കളും മതിയോ? അല്‌പം വാട്ടീസ് അടിച്ചു ശീലമുള്ള സഖാക്കൾ എന്തു ചെയ്യും? പറഞ്ഞത് ഗോവിന്ദൻ മാഷായതുകൊണ്ട് സഖാക്കൾ അത്ര ബേജാറായില്ല. രാവിലെ പറയുന്നത് വൈകിട്ട് മാറ്റിപ്പറയുന്ന കക്ഷിയല്ലേ. പ്രതീക്ഷിച്ചതുപോലെ പിറ്റേന്ന് മാഷിന്റെ തിരുത്തൽ വന്നു. പാർട്ടി അനുഭാവികൾക്കും പാർട്ടി ബന്ധുക്കൾക്കും വേണമെങ്കിൽ മദ്യപിക്കാം. പാർട്ടി നേതാക്കളും അംഗങ്ങളും വിശാല അർത്ഥത്തിൽ നോക്കിയാൽ പാർട്ടി ശത്രുക്കളല്ലല്ലോ. അവരും പാർട്ടി ബന്ധുക്കൾ തന്നെ. ഫലത്തിൽ അവർക്കുമാകാം രണ്ടു പെഗ് എന്ന് വ്യാഖ്യാനിക്കാം. ഓവറാക്കി ചളമാക്കാതിരുന്നാൽ മതി.

മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് സി.പി.എം നയം. പ്രതിപക്ഷം പറയുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പെന്നാണ്. പിണറായി സർക്കാരിന്റെ കഴിഞ്ഞ ഒമ്പതുവർഷത്തെ ഭരണത്തിനിടയിൽ കേരളത്തിൽ ബിവറേജസ് ശാലകളുടെയും ഫൈവ് സ്റ്റാർ മുതൽ താഴോട്ടുള്ള ബാർ ഹോട്ടലുകളുടെയും എണ്ണം വർദ്ധിപ്പിച്ചില്ലേ? വൈൻ-ബിയർ പാർലറുകളുടെ എണ്ണം പെരുകിയില്ലേ? പുതിയ ബിവറേജസ് ഷോപ്പുകൾ നൂറിലേറെ വരാൻ പോകുന്നു. പുതിയ ബാറുകൾക്കുള്ള അപേക്ഷയും സർക്കാരിന്റ പരിഗണനയിൽ. പോരാഞ്ഞ്, പാലക്കാട്ട് കഞ്ചിക്കോട്ട് സ്വകാര്യ മേഖലയിൽ പുതിയ മദ്യ നിർമ്മാണ കമ്പനിക്ക് അനുമതിയും നൽകിക്കഴിഞ്ഞു.

കേരളത്തെ മദ്യത്തിൽ കുളിപ്പിച്ചു കിടത്തിയിട്ടാണോ സർക്കാരിന്റെ മദ്യവർജ്ജനം? കഥയറിയാതെ ആട്ടം കാണുന്നവർ! കേരളത്തിൽ ആവശ്യത്തിന് മദ്യമില്ലാത്തതിതാൽ കോടികളുടെ മദ്യം വർഷംതോറും ഇറക്കുമതി ചെയ്യുന്നു. ഇവിടെത്തന്നെ ആവശ്യത്തിനു നിർമ്മിച്ചാൽ ഇറക്കുമതിക്കായി ചെലവിടുന്ന കോടികൾ ലാഭിച്ചുകൂടേ? അതിലെങ്കിലും സ്വയംപര്യാപ്തി നേടേണ്ടേ? മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ മുഖ്യ വരുമാന മാർഗമെന്ന് പ്രതിപക്ഷത്തിനും അറിയാവുന്നതല്ലേ?​ കേന്ദ്രത്തിലെ മോദി സർക്കാരാണങ്കിൽ, പണം ചോദിച്ചാൽ പല്ലിളിച്ചുകാട്ടുന്നു. പിന്നെ, പണം എവിടെ നിന്ന് കിട്ടും?​

മദ്യവർജ്ജനമെന്നൊക്കെ ഭംഗിവാക്കിന് പറയാൻ കൊള്ളാം. പണത്തിന് പണം തന്നെ വേണം. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരൊക്കെ പാർട്ടി പറയുന്നതു കേട്ട് വെള്ളമടി നിറുത്തിയാൽ ഈ ബാറുകളും ബിവറേജസ് ശാലകളും അടച്ചുപൂട്ടേണ്ടി വരില്ലേ?അങ്ങനെ സംഭവിക്കാതിരിക്കാനല്ലേ പാ‌ർട്ടിയുടെ പ്രഖ്യാപനത്തിൽ ഇളവു വരുത്തിയത്. എല്ലാ ഇംഗ്ലീഷ് മാസവും ഒന്നാം തീയതിയിലെ 'മുടിഞ്ഞ" ഡ്രൈ ഡേ ഏർപ്പാടും സർക്കാർ എടുത്തു കളയാൻ പോകുന്നതായി കേട്ടപ്പോൾ സന്തോഷംകൊണ്ട് ചിലർക്ക് ഇരിക്കാൻ വയ്യത്രെ. പാവപ്പെട്ട കുടിയന്മാർക്ക് സർക്കാരിനോട് ഒരാവലാതി കൂടിയുണ്ട്. കഞ്ചിക്കോട്ടെ സ്വകാര്യ ഡിസ്റ്റിലറിക്ക് സർക്കാർ വെള്ളം കൊടുക്കുന്നു. ഞങ്ങളുടെ അത്താണിയായ 'ജവാൻ" മദ്യം നിർമ്മിക്കാൻ സർക്കാർ ഡിസ്റ്റിലറിക്ക് വെള്ളം കൊടുക്കാനും കനിവുണ്ടാകണം!



'ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ" എന്നാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്യം പക്ഷേ, ഇന്ന് കേരളത്തിൽ സർവത്ര പേടിയാണ്. രാഷ്ട്രീയ പാർട്ടികൾക്കെതിരെ, വിശേഷിച്ച് ഭരണക്കാർക്കെതിരെ പരാതി പറയുന്നവർക്ക് പേരു വെളിപ്പെടുത്താൻ പേടി. നടപടിയെടുക്കാൻ പൊലീസിനും ഉദ്യോഗസ്ഥർക്കും പേടി. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരം മുഴുവൻ പാർട്ടിയുടെ ബോർഡുകൾ സ്ഥാപിച്ചതിനെപ്പറ്റി ഇരുന്നൂറോളം പേർ പരാതി നൽകിയിട്ടും പേടി മൂലം അവരാരും സ്വന്തം പേരു വച്ചില്ലെന്നു ചൂണ്ടിക്കാട്ടിയത് കേരള ഹൈക്കോടതിയാണ്. പക്ഷേ, പലർക്കും പേടി അതിലുമേറെയാണ്.

കോളേജുകളിൽ മാത്രമല്ല, സ്കൂളുകളിൽപ്പോലും കുട്ടികൾ അക്രമാസക്തരായി പരസ്പരം പൊരുതുന്നു. കത്തിക്കുത്തും കൊലപാതകവും റാഗിംഗിന്റെ പേരിൽ ക്രൂരമായ പീഡനങ്ങളും വ്യാപകമാവുന്നു. പ്രശസ്തമായ സർക്കാർ, എയ്ഡഡ് കോളേജുകളിൽ പലതിലും മക്കളെ ചേർത്ത് പഠിപ്പിക്കാൻ രക്ഷിതാക്കൾ ഭയക്കുന്നു. കുടുംബങ്ങളിലും അരുംകൊലകളും അക്രമങ്ങളും പെരുകുന്നു. ലഹരി മാഫിയകൾ നാടാകെ പിടി മുറുക്കുന്നു.'അസുരവീരന്മാരേ, കാലക്കേടിന്റെ ദുർഭൂതങ്ങളേ, ഞങ്ങൾ മരിച്ചാൽപ്പോലും നിങ്ങളോടു ക്ഷമിക്കില്ല...!"- പഴയകാല വിദ്യാർത്ഥി സംഘടനാ നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ താൻ നയിച്ച വിദ്യാർത്ഥി സംഘടനയുടെ പുതിയ തലമുറ സാരഥികളെ കവിതയിലൂടെ പഴിക്കുന്നു. താൻ പഠിച്ച വിപ്ലവകലാ സ്ഥാപനം കുറ്റക്കാരാൽ നിറയുന്നതിൽ പരിതപിക്കുകയാണ് അദ്ദേഹം.



സി.പി.എം ജനങ്ങളുമായി അകലുന്നുവെന്നും, പാർട്ടി നേതാക്കൾക്ക് അവരുമായി മാത്രമല്ല, പാ‌‌ർട്ടി അനുഭാവികളുമായും ദൈനംദിന ബന്ധമില്ലെന്നും പാർട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ഭരണത്തുടർച്ച പണമുണ്ടാക്കാനുള്ള വഴിയായി നേതാക്കൾ കാണുന്നു. കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദിക്കുന്നു. സഹകരണ ബാങ്കുകളിൽ നിന്ന് നേതാക്കൾ വൻതോതിൽ വായ്പയെടുക്കുകയും, തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്നുവെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ വിമർശനം. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും സ്വർണക്കരണ്ടിയിൽ ശമ്പളമെന്ന് ചർച്ചയിൽ പ്രതിനിധികളുടെ വിമർശനം. അവർക്ക് സ്വർണക്കരണ്ടിയിൽ കൊടുക്കുമ്പോൾ, പാവപ്പെട്ട ആശാപ്രവർത്തകർക്കും സാമൂഹ്യക്ഷേമ പെൻഷൻകാർക്കും, മറ്റ് പെൻഷൻ കുടിശ്ശികക്കാർക്കും ചിരട്ടയിലെങ്കിലും കൊടുത്തുകൂടേ എന്നാണ് ചോദ്യം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്വയം വിമർശനം അനിവാര്യം. അതുമാത്രം മുറയ്ക്ക് നടന്നാൽ പോരാ,​ തിരുത്തൽ നടപടികളും വേണം. പൂച്ചയ്ക്കാര് മണികെട്ടും?

നുറുങ്ങ്:

 സംസ്ഥാനത്ത് ഇടതുസർക്കാരിന് മൂന്നാമൂഴം ഉറപ്പെന്ന് എം.വി. ഗോവിന്ദൻ മാഷ്. അമിത ആത്മവിശ്വാസം ആപത്തെന്ന് പി.ബി. അംഗം എം.എ.ബേബി.

#കഴിഞ്ഞ തവണത്തെ കിറ്റുകൾക്കു പകരം ഇത്തവണ കൂടുതൽ ഫീസും സെസും ഏർപ്പെടുത്തിയാൽ മതി. എൽ.ഡി.എഫിന് 100 സീറ്റ് ഉറപ്പെന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUMARGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION