SignIn
Kerala Kaumudi Online
Thursday, 18 June 2026 2.55 PM IST

സ്വന്തമായി വെള്ളച്ചാട്ടവും അരുവിയും! ഭക്തിയും പ്രകൃതിയും ഒന്നാകുന്ന ക്ഷേത്രം

aruvikkal-siva-subrahmany

സ്വന്തമായി വെള്ളച്ചാട്ടമുള്ള ഒരു ക്ഷേത്രം, കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകുന്നയിടം, പറഞ്ഞുവരുന്നത് പ്രകൃതിഭംഗിയും ഈശ്വരചൈതന്യവും ഒത്തുചേരുന്ന കോട്ടയം ജില്ലയിലെ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ കുറിച്ചാണ്. കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂരിലാണ് ഈ മനോഹരമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ പതഞ്ഞൊഴുകുന്ന അരുവിയും വെള്ളച്ചാട്ടവുമാണ് ഇവിടത്തെ പ്രധാന ആകർഷണം. അരുവിക്കൽ എന്ന പേരിന് പിന്നിലെ കാരണവും ഇതുതന്നെയാണ്. ഈ അരുവി മുറിച്ചുകടന്ന് വേണം ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ. കാടിനു നടുവിലെന്ന പോലെ നിലകൊള്ളുന്ന ഈ ചെറിയ ക്ഷേത്രത്തെ കുറിച്ച് കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും ഇവിടം സമ്മാനിക്കുന്ന അനുഭവം വാക്കുകൾക്ക് അതീതമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്.

ഈ സമയം ഇവിടേക്ക് സന്ദർശകരുടെ പ്രവാഹമാണ്. ഇരട്ട ശ്രീകോവിലാണ് അരുവിക്കൽ ക്ഷേത്രത്തിലെ പ്രധാന സവിശേഷത. സ്വയംഭൂവായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. നെയ്‌വിളക്കും ധാരയുമാണ് ഇവിടെത്തെ പ്രധാന വഴിപാടുകൾ. സുബ്രഹ്മണ്യ സ്വാമിക്കും ഇവിടെ തുല്യ പ്രാധാന്യമാണ് നൽകിപോരുന്നത്. പഞ്ചാമൃതവും പാലഭിഷേകവും ഒറ്റ നാരങ്ങാ മാലയുമാണ് സുബ്രഹ്മണ്യ സ്വാമിയുടെ നടയിലെ പ്രധാന വഴിപാടുകൾ. നാലമ്പലത്തിനുള്ളിൽ ഗണപതി പ്രതിഷ്ഠയുമുണ്ട്. വിവാഹ തടസം മാറാനും ഉദ്ദിഷ്ടകാര്യസിദ്ധിക്കുമായി ക്ഷേത്രത്തിലെ ഗണപതിയ്ക്ക് ഏഴ് വെള്ളിയാഴ്ചകളിൽ തുടർച്ചയായി ഒറ്റയപ്പ നിവേദ്യം സമർപ്പിച്ചാൽ മതിയെന്നാണ് വിശ്വാസം.

പത്നി പ്രഭയ്ക്കും പുത്രൻ സത്യകനും ഒപ്പമുള്ള ശാസ്താവിന്റെ പ്രതിഷ്ഠയാണ് ഇവിടെത്തെ മറ്റൊരു സവിശേഷത. സമീപത്തായി നാഗദൈവങ്ങളും, യക്ഷിയമ്മയും ഭദ്രകാളിയുമുണ്ട്. ഷഷ്ഠി, പ്രദോഷ ദിവസങ്ങളിൽ ഇവിടെ പ്രത്യേക പൂ‌ജകൾ ഉണ്ടാകും. ശിവരാത്രിയും കർക്കിടകവാവുമാണ് ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ. വാവ് ദിനത്തിൽ ബലിതർപ്പണം നടത്താനായി ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. മഴക്കാലമാണ് അരുവിക്കൽ ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. കാറ്റും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും നിറഞ്ഞ ഈ സമയത്ത് കാഴ്ചകൾ കാണാനും ചിത്രങ്ങൾ പകർത്താനായി നിരവധി സഞ്ചാരികളും ഇവിടെയെത്താറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, ARUVIKKAL TEMPLE, KOTTAYAM, SIVA SUBRAHMANYASWAMI, WATERFALLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY