
ബംഗളൂരു: 32കാരിയായ ഹോംഗാർഡ് ജീവനക്കാരിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് മഞ്ജുളയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് 15 വർഷമായ മഞ്ജുളയ്ക്കും പ്രദീപിനും രണ്ട് കുട്ടികളുണ്ട്. പ്രദീപിന്റെ ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങൾക്ക് കാരണമായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെച്ചൊല്ലിയും പലപ്പോഴും വഴക്കിട്ടിരുന്നു. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള കുട്ടികളോടൊപ്പം സ്വന്തം മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം.
ഇന്നലെയാണ് മഞ്ജുളയെ ഭർത്താവ് പ്രദീപ് കുത്തിക്കൊലപ്പെടുത്തിയത്. ജാക്കറ്റിനുള്ളിൽ കത്തി ഒളിപ്പിച്ചു വച്ചാണ് പ്രദീപ് മഞ്ജുളയുടെ വീട്ടിലെത്തുകയായിരുന്നു. ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിച്ചും, തന്നോടൊപ്പം തിരികെ വരണമെന്ന് അപേക്ഷിച്ചും പ്രദീപ് മഞ്ജുളയുടെ കാലിൽ വീണു. എന്നാൽ, പെട്ടെന്ന് അക്രമാസക്തനായ ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മഞ്ജുളയെ ക്രൂരമായി കുത്തുകയായിരുന്നു. അമ്മയുടെയും രണ്ട് മക്കളുടെയും മുന്നിൽ വച്ച് ഇരുപതിലധികം തവണയാണ് പ്രദീപ് മഞ്ജുളയെ കുത്തിയത്.
കൊലപാതകം നടത്തുന്നതിന് തൊട്ടുമുമ്പ് പ്രദീപ് ഒരു വീഡിയോ സന്ദേശം റെക്കാഡ് ചെയ്തിരുന്നു. തന്റെ ഓൺലൈൻ ചൂതാട്ടമാണ് കുടുംബം തകർത്തതെന്ന് ഇയാൾ വീഡിയോയിൽ സമ്മതിക്കുന്നുമുണ്ട്. 'എനിക്ക് എന്റെ ഭാര്യയില്ലാതെ ജീവിക്കാൻ കഴിയില്ല. ഞാൻ അവളുടെ അച്ഛനോടും അളിയനോടും സംസാരിച്ചിട്ടുണ്ട്. വൈകുന്നേരം ജോലി കഴിഞ്ഞ് അവൾ തിരിച്ചെത്തും. എന്നോടൊപ്പം വരാൻ ഞാൻ ഒരിക്കൽ കൂടി അവളോട് ആവശ്യപ്പെടും. വീണ്ടും വരില്ലെന്ന് പറഞ്ഞാൽ, ഞാൻ അവളെ അവിടെവെച്ച് കൊല്ലും,' - പ്രദീപ് വീഡിയോയിൽ പറഞ്ഞു. ഭാര്യയെ ആക്രമിച്ചതിന് ശേഷം പ്രദീപ് ഇതേ കത്തി ഉപയോഗിച്ച് സ്വന്തം കൈ മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |