
മുംബയ്: കാമുകിമാർക്ക് ഐഫോൺ വാങ്ങി നൽകാൻ ലക്ഷങ്ങൾ വിലവരുന്ന ടാപ്പുകൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 6.5 ലക്ഷം രൂപ വിലവരുന്ന ആഡംബര ഡിസൈനർ ടാപ്പുകളാണ് ഇരുവരും മോഷ്ടിച്ചത്. തുടർന്ന് 20000 രൂപയ്ക്ക് ഈ ടാപ്പുകൾ ഇവർ വിറ്റു.
ടൈല്‍സ്, സാനിറ്ററി വെയര്‍ എന്നിവയുടെ വ്യാപാരം നടത്തുന്ന രാഹുല്‍ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ രാഹുല്‍ ജയചന്ദ് ബത്ര പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേയ് 27ന് രാത്രിയിലാണ് സംഭവം.
ഗോഡൗണിന്റെ മേല്‍ക്കൂരയിലെ ടിന്‍ ഷീറ്റുകള്‍ നീക്കംചെയ്താണ് കുട്ടികൾ മോഷണം നടത്തിയത്. 3,94,500 രൂപ വിലമതിക്കുന്ന സ്വര്‍ണനിറത്തിലുള്ള അഞ്ച് ടാപ്പുകള്‍, 67,000 രൂപയുടെ മൂന്ന് സ്വര്‍ണ നിറത്തിലുള്ള ടാപ്പുകള്‍, 1,30,500 രൂപ വിലയുള്ള ഒമ്പത് റോസ് ഗോള്‍ഡ് ടാപ്പുകള്‍, 58,000 രൂപയുടെ നാല് വെള്ളിനിറത്തിലുള്ള ടാപ്പുകള്‍ എന്നിവയാണ് മോഷ്ടിച്ചത്.
രാഹുല്‍ ജയചന്ദ് ബത്രയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സംഭവ സ്ഥലത്തും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന 30ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. തുടന്ന് ചിലർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ കൂടാതെ മോഷ്ടിച്ച സാധനങ്ങൾ വാങ്ങിയ ഇർഫാൻ അലി എന്ന ഇമ്മു റംസാൻ അലിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ പണത്തിന് അത്യാവശ്യമായതിനാലാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |