SignIn
Kerala Kaumudi Online
Sunday, 28 June 2026 2.52 PM IST

യുവ വ്യവസായിയുടെ കൊലപാതകം: പത്ത് ദിവസങ്ങൾക്ക് ശേഷം പ്രതികളുമായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി പൊലീസ്‌

siya-goyal

പൂനെ: യുവ വ്യവസായി കേതൻ അഗർവാളിനെ (25) പ്രതിശ്രുത വധുവും കാമുകനും ചേർന്ന് ലോഹഗഡ് കോട്ടയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്. പ്രതികളായ സിയ ഗോയൽ (20), ചേതൻ ചൗധരി (22) എന്നിവരെ കൊലപാതകം നടന്ന കോട്ടയിലെത്തിച്ച് പൊലീസ് കുറ്റകൃത്യം പുനഃരാവിഷ്‌കരിച്ചു.


കൊലപാതകം നടന്ന ദിവസം എന്താണ് ഉണ്ടായതെന്ന് കൃത്യമായി മനസിലാക്കാനും തെളിവുകൾ ക്രോഡീകരിക്കാനുമാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചതെന്ന് പൂനെ റൂറൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഇവർ കോട്ടയിലേക്ക് വന്ന വഴി, അവർ എവിടെയാണ് നിലയുറപ്പിച്ചത്, കേതനെ എങ്ങനെയാണ് തള്ളിയിട്ടത് തുടങ്ങിയ കാര്യങ്ങൾ പ്രതികൾ പൊലീസിനോട് വിവരിച്ചു. പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന്റെ മുഴുവൻ ഘട്ടങ്ങളും പൊലീസ് ക്യാമറയിൽ ചിത്രീകരിച്ചുവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. സുരക്ഷയെ മുൻനിർത്തി തെളിവെടുപ്പ് സമയത്ത് ലോഹഗഡ് കോട്ടയിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം പൊലീസ് താൽക്കാലികമായി നിരോധിച്ചിരുന്നു.

കേതനുമായുള്ള വിവാഹത്തിന് സിയയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വിവാഹം വേണ്ടെന്നുവച്ചാൽ കുടുംബത്തിന് നാണക്കേടാകുമെന്ന് ഭയന്നാണ് കാമുകനായ ചേതനുമായി ചേർന്ന് സിയ കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവദിവസം കേതൻ അറിയാതെ ചേതൻ ഇവരെ കോട്ടയിലേക്ക് പിന്തുടരുകയായിരുന്നു. സിയ നൽകിയ രഹസ്യ വിവരത്തിന് പിന്നാലെ പദ്ധതി തയാറാക്കി ഇരുവരും ചേർന്ന് കേതനെ മലമുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. പ്രതികളുടെ ഡിജിറ്റൽ തെളിവുകളും യാത്രാ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

അന്വേഷണത്തിന്റെ ഭാഗമായി സിയയുടെ മാതാപിതാക്കളെയും സഹോദരനെയും ഇന്നലെ ലോണാവാല റൂറൽ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ 12 മണിക്കൂറിലധികം നീണ്ടുനിന്നു. സഹോദരനെ വെള്ളിയാഴ്ചയും 10 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

കൊല്ലപ്പെട്ട കേതന്റെ കുടുംബം താമസിക്കുന്ന ഗാഹുഞ്ചെയിലെ നാട്ടുകാർ നീതി ആവശ്യപ്പെട്ട് പ്രദേശത്ത് മെഴുകുതിരി പ്രകടനം നടത്തി. മകന് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കേതന്റെ പിതാവ് വിശാൽ അഗർവാൾ പറഞ്ഞു. സംഭവം നടന്ന ദിവസം കോട്ടയിലുണ്ടായിരുന്ന ദൃക്സാക്ഷികൾ പൊലീസിനെ സമീപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഭയപ്പെടാതെ മുന്നോട്ടുവന്ന് പൊലീസിന് മൊഴി നൽകാൻ അവർ തയ്യാറാകണമെന്നും കേതന്റെ വിശാൽ അഗർവാൾ പറഞ്ഞു. ജൂൺ 18നായിരുന്നു മഹാരാഷ്ട്രയെ നടുക്കിയ കൊലപാതകം നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PUNE BUSINESSMAN MURDER CASE, CRIME, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY