SignIn
Kerala Kaumudi Online
Sunday, 28 June 2026 2.34 AM IST

കഴക്കൂട്ടത്ത് വീണ്ടും വൻ ലഹരിവേട്ട, സ്ഥിരം കുറ്റവാളി മാരക ലഹരിമരുന്നുമായി പിടിയിൽ

sharon-jacob

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി കഴക്കൂട്ടത്ത് വൻ ലഹരിവേട്ട.ഏഴ് ഗ്രാം എം.ഡി.എം.എയുമായി സ്ഥിരം ലഹരി കച്ചവടക്കാരനായ തുമ്പ ആറാട്ടുവഴി സ്വദേശി ഷാരോൺ ജേക്കബ് (29) സിറ്റി ലഹരിവിരുദ്ധ പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായി. സംസ്ഥാനവ്യാപകമായി പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ പ്രതി വീട്ടിലെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.

തുടർന്ന് പൊലീസ് സംഘം വീട് വളഞ്ഞ് പ്രതിയെ അതിസാഹസികമായി കീഴടക്കുകയായിരുന്നു. ​ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏഴ് ഗ്രാം മാരക ലഹരിമരുന്നിന് പുറമെ, ഇത് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇൻസുലിൻ സൂചികളും കഞ്ചാവ് വലിക്കുന്നതിനുള്ള പ്രത്യേക ഉപകരണങ്ങളും ലഹരിവില്പനയിലൂടെ ലഭിച്ച 4000 രൂപയും കണ്ടെടുത്തു.

കഴിഞ്ഞ ഡിസംബറിൽ എം.ഡി.എം.എ.യും 'ഗോൾഡൻ ഷാംപെയ്നും' അടക്കം വലിയ അളവിൽ ലഹരിവസ്തുക്കളുമായി ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ ഇയാൾ വീണ്ടും ലഹരിക്കച്ചവടം ആരംഭിക്കുകയായിരുന്നു. നിരവധി ലഹരിക്കടത്ത് കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയാണ് ഷാരോൺ ജേക്കബ്. കൂടുതൽ ലഹരിവസ്തുക്കൾ വിതരണത്തിനായി ഇയാൾ നഗരത്തിൽ എത്തിച്ചിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും,ലഹരി ശൃംഖലയെക്കുറിച്ചും അറിയാൻ പ്രതിയെ കഴക്കൂട്ടം പൊലീസിന് കൈമാറി വിശദമായ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY