SignIn
Kerala Kaumudi Online
Wednesday, 14 October 2026 8.57 AM IST

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

mob-attack
പ്രതീകാത്മക ചിത്രം

പാലക്കാട്: ചിറ്റൂരിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിലെന്ന് വിവരം. പ്രധാന പ്രതിയായ കതിരേഷന്റെ വീടിനുമുന്നിൽ കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിലാണ് ഏഴംഗ സംഘം യുവാവിനെ മർദിച്ചുകൊന്നത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കതിരേശന്റെ വീടിനുമുന്നിലാണ് പതിവായി കിടന്നുറങ്ങിയിരുന്നതെന്നാണ് വിവരം. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് സംസാരശേഷി ഉണ്ടായിരുന്നില്ലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അറസ്റ്റിലായ ഏഴംഗസംഘത്തിൽ ആറ് പേർക്കും 30 വയസിൽ താഴെ മാത്രമാണ് പ്രായം. മദ്യലഹരിയിൽ അരക്കിലോമീറ്ററോളം പിന്തുടർന്നാണ് ഇവർ യുവാവിനെ മർദിച്ചുകൊന്നത്. മരത്തടിയും കല്ലുകളും ഉപയോഗിച്ചാണ് മർദിച്ചത്. മൂലത്തറ റെഗുലേറ്ററിക്ക് സമീപമെത്തിയപ്പോൾ അവശനായി നിലത്തുവീണിട്ടും മർദനം തുടർന്നു. ശക്തമായ മർദനത്തെ തുടർന്നുണ്ടായ ആന്തരികരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ശരീരത്തിലാകെ ചതവും മുറിവുകളും ഉണ്ടായിരുന്നു. മുഖത്ത് ഉൾപ്പെടെ കല്ലുകൊണ്ട് ഇടിച്ചതുപോലെ വലിയ മുറിപ്പാടുകളുണ്ടായിരുന്നു. തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

മീനാക്ഷിപുരം പൊലീസ് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.

ചിറ്റൂർ ഡിവൈ.എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെക്കുറിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

English Summary

An unidentified man was allegedly beaten to death in Chittur, Palakkad, for sleeping in a courtyard. Seven suspects have been arrested.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOB ATTACK PALAKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY