കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെയും സഹോദരിമാരുടെയും പൂട്ടിക്കിടക്കുന്ന വീടുകളിലുൾപ്പെടെ കളമശേരിയിൽ ഒൻപത് വീടുകളിലും ദന്താശുപത്രിയിലും മോഷണം നടന്നു. എറണാകുളം ജില്ലയിലെ നിർമ്മാണസൈറ്റുകളും പൂട്ടിക്കിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് ഇലക്ട്രിക്കൽ, പ്ലംബിംഗ് സാധനങ്ങൾ കവരുന്ന അന്യസംസ്ഥാന സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.
തൃക്കാക്കര വടക്ക് കളമശേരി കടവ് റോഡിൽ ഒരേ മതിൽക്കെട്ടിനുള്ളിലെ ഒൻപത് വീടുകളിൽ നിന്നായി 70,000 രൂപയുടെ സാധനങ്ങളാണ് കവർന്നത്. ആൾപ്പാർപ്പില്ലാത്ത വീടുകളുടെ വാതിലുകൾ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വയറിംഗ് തകർത്ത് കേബിളുകളും ടാപ്പുകളും ഊരിയെടുത്തു. കെട്ടിടങ്ങളുടെ പരിപാലന ചുമതലയുള്ള സജീവൻ കഴിഞ്ഞദിവസം എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. നഷ്ടം പൂർണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കളമശേരി കുസാറ്റ് ജംഗ്ഷന് സമീപത്തെ ജെ.ജെ. ദന്തൽ കെയറിന്റെ മൂന്നാംനിലയുടെ പൂട്ട് പൊളിച്ച് രക്തപരിശോധനയന്ത്രം, ടൂത്ത് മെഷീൻ, സ്റ്റീൽ പൈപ്പുകൾ, ഗ്യാസ് ബർണറുകൾ എന്നിവയും കവർന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മോഷണം. ആശുപത്രി ഡയറക്ടർ ശ്യാംദേവ് വ്യാസന്റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |