SignIn
Kerala Kaumudi Online
Friday, 02 October 2026 6.52 PM IST

അടുക്കളയിൽ കാത്തുനിന്ന അലി അക്ബർ മുംതാസിനെ ചുറ്റികയ്ക്ക് അടിച്ചു,​ കഴുത്തിന് വെട്ടി,​ തടയാനെത്തിയ ഭാര്യാമാതാവ് സഹീറയെയും വെട്ടിപ്പരിക്കേല്പിച്ചു

gg

തിരുവനന്തപുരം: അരുവിക്കര അഴീക്കോട് വളവെട്ടിക്ക് സമീപം പുലിക്കുഴിയിൽ അർഷാസിൽ അലി അക്ബർ (56) ഭാര്യ

മുംതാസിനെയും (47) ഭാര്യാമാതാവ് സഹീറയെയും (67) വെട്ടിക്കൊന്നതിന് പിന്നിൽ കടബാദ്ധ്യതകളും കുടുംബപ്രശ്നവുമെന്ന് പൊലീസ്. ഇക്കാര്യം സൂചിപ്പിച്ച് അലി അക്ബർ എഴുതിയ എട്ടുപേജോളം വരുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മെഡി. കോളേജിലെ നഴ്സിംഗ് കോളേജ് സീനിയർ സൂപ്രണ്ടായ അലി അക്ബർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. നെടുമങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ് മുംതാസ്. ഇന്ന് പുലർച്ചെ നാലോടെയാണ് വളവെട്ടിക്ക് സമീപം പുലിക്കുഴിയിലെ വീട്ടിൽ നാടിനെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്.

പൊലീസ് പറയുന്നത്: അലി അക്ബർ, ഭാര്യ മുംതാസ്, ഇവരുടെ മകൾ അർഷിത, മുംതാസിന്റെ മാതാവ് സഹീറ എന്നിവരാണ് സംഭവദിവസം വീട്ടിലുണ്ടായിരുന്നത്. ഇൻഫോപാർക്കിൽ എൻജിനിയറായ മകൻ അർഫൻ എറണാകുളത്തായിരുന്നു.

മണക്കാട് സ്വദേശിയായ അലി അക്ബറും ഭാര്യ നെടുമങ്ങാട് ആനാട് സ്വദേശിയായ മുംതാസും 15 വർഷം മുമ്പാണ് വളവെട്ടി പുലിക്കുഴിയിൽ വസ്തുവാങ്ങി വീടുവയ്ക്കുന്നത്. ദാമ്പത്യപ്രശ്നങ്ങൾ രൂക്ഷമായതോടെ ഇരുനിലവീട്ടിൽ അലി അക്ബർ മുകൾ നിലയിലും മുംതാസും മക്കളും ഉമ്മ സഹീറയ്ക്കൊപ്പം താഴത്തെ നിലയിലുമായിരുന്നു താമസം. വിവാഹമോചനത്തിന് നെടുമങ്ങാട് കുടുംബ കോടതിയിൽ പെറ്റിഷൻ നൽകിയിട്ടുണ്ട്.

റംസാൻ നോമ്പിലായിരുന്ന മുംതാസ് ഭക്ഷണം തയ്യാറാക്കാനായി പുലർച്ചെ അടുക്കളയിലെത്തിയപ്പോൾ കാത്തുനിന്ന അലി അക്ബർ കഴുത്തിൽ വെട്ടുകയും തലയിൽ ചുറ്റികയ്ക്ക് അടിക്കുകയും ചെയ്തു. നിലവിളി കേട്ടെത്തിയ മാതാവ് സഹീറയെയും അലി അക്ബർ വെട്ടി. നിലവിളി കേട്ട് മകൾ അർഷിത ഓടിയെത്തിയെങ്കിലും വിരട്ടിയോടിച്ചു. അയൽവീട്ടിലേക്ക് ഓടിയ അർഷിത ആളുകളെ കൂട്ടിവരുമ്പോഴേക്കും മുംതാസും സഹീറയും രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു.

അയൽക്കാർ വരുന്നത് കണ്ട് മുറിയിൽ കയറി പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തിയ അലി അക്ബർ ശരീരമാസകലം പൊള്ളലേറ്റ് അബോധാവസ്ഥയിലായി. അരുവിക്കര പൊലീസെത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സഹീറ വ്യാഴാഴ്ച രാവിലെയും മുംതാസ് വൈകിട്ട് അഞ്ചരയോടെയും മരിച്ചു. കഴുത്തിലേറ്റ മാരകമായ വെട്ടും തലയിൽ ചുറ്റികയ്ക്കടിച്ചതും ശരീരത്തിൽ സ്ക്രൂഡ്രൈവറിനുള്ള കുത്തുമാണ് മരണകാരണം. താനാണ് കൃത്യം നടത്തിയതെന്ന അലി അക്ബറിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. സഹീറയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മുംതാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അരുവിക്കര പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY, ARUVIKKARA MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY