SignIn
Kerala Kaumudi Online
Saturday, 03 October 2026 5.34 AM IST

മുണ്ടേല വെൽഫയർ സൊസൈറ്റി തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

photo

നെടുമങ്ങാട്: വിവാദമായ മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്‌സ് വെൽഫയർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പാലോട് സ്വദേശിയും സൊസൈറ്റിയിലെ ജീവനക്കാരനുമായ ദിനു ചന്ദ്രൻ (39) അറസ്റ്റിൽ. 25 കോടിയിൽപ്പരം രൂപ കൃത്രിമ രേഖകൾ ചമച്ച് തട്ടിയെടുത്തെന്നാണ് കേസ്. 29ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത പ്രതിയെ റിമാൻഡിനു ശേഷം തെളിവെടുപ്പിനായി തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-4ന് വിട്ടുകൊടുത്തു. തുടർന്ന് ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ എ.കെ.ഷെറിയുടെ നേതൃത്വത്തിലുള്ള സംഘം നെടുമങ്ങാട്ടെ പ്രമുഖ സ്വർണപ്പണയ സ്ഥാപനത്തിൽ ഇന്നലെ ദിനു ചന്ദ്രനുമായെത്തി തെളിവെടുപ്പ് നടത്തി.

കൂട്ടുപ്രതിയും സൊസൈറ്റിയിലെ മറ്റൊരു ജീവനക്കാരനുമായ കുറ്റിയാണി സ്വദേശി ചിഞ്ചുവുമായി ചേർന്ന് സംഘത്തിലെ അംഗങ്ങൾ പണയം വച്ചിരുന്ന സ്വർണ ഉരുപ്പടികൾ രഹസ്യമായി ലോക്കർ റൂമിൽ നിന്ന് കടത്തുകയായിരുന്നു. ഇതിനുശേഷം നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ കൂടിയ തുകയ്‌ക്ക് പണയം വച്ച് വൻതുക ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

പ്രസിഡന്റിന്റെയും നിക്ഷേപകന്റെയും 'ജീവനെടുത്ത കേസ്'

പ്രതികളുടെ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ വ്യാജരേഖ തയ്യാറാക്കി സംഘത്തിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയായി കൈക്കലാക്കുകയും ചെയ്തിരുന്നു. നിക്ഷേപകരുടെ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്തതറിഞ്ഞ് ദിനുചന്ദ്രനും ചിഞ്ചുവും വിദേശത്തേക്ക് കടന്നു. ഒന്നാം പ്രതി സംഘം പ്രസിഡന്റായിരുന്ന മോഹനകുമാറും രണ്ടുകോടിയിലേറെ രൂപ നിക്ഷേപത്തട്ടിപ്പിനിരയായ നെടുമങ്ങാട്ടെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആനാട് ശശിയും സംഭവവുമായി ബന്ധപ്പെട്ട് തൂങ്ങിമരിച്ചത് വാർത്തയായിരുന്നു. സംഘം സെക്രട്ടറിയും മോഹനകുമാറിന്റെ സഹോദര ഭാര്യയുമായ രാഖി ഉൾപ്പെടെ 20ഓളം പ്രതികളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, FRAUD CASE, NEDUMANGAD, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY