
തിരുവനന്തപുരം: ഗാർഹികപീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വീട്ടമ്മയെ സ്വത്ത് തർക്കത്തിന്റെ പേരിൽ ഭർത്താവിന്റെ സഹോദരന്മാരും സഹോദരന്റെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്ജി ആർ.രേഖയാണ് കുറ്റവിമുക്തരാക്കിയത്.
2023 ജൂലായ് 16-നാണ് വർക്കല അയിരൂർ കളത്തറ എം.എസ്.വില്ലയിൽ പരേതനായ ഷാൻ എന്ന് വിളിക്കുന്ന സിയാദിന്റെ ഭാര്യ ലീനാമണി(53) കൊല്ലപ്പെട്ടത്.വീട്ടിലെ ജോലിക്കാരി സരസുവിനും സംഭവത്തിൽ പരിക്കേറ്റിരുന്നു.ലീനാമണിയുടെ ഭർത്താവ് സിയാദിന്റെ സഹോദരങ്ങളായ കളത്തറ ഷഹ്ന മൻസിലിൽ ഷാജി(46),അയിരൂർ എസ്.എൻ.വില്ലയിൽ അബ്ദുൽ അഹദ്(42),കളത്തറ സെയ്യദലി ഹൗസിൽ മുഹ്സിൻ(52),അഹദിന്റെ ഭാര്യ റഹീന(34) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടത്.
ലീനാമണിയുടെ ഭർത്താവിന്റെ പേരിലുള്ള സ്വത്ത് കൈവശപ്പെടുത്തുന്നതിനായി ഷാജി,അബ്ദുൽ അഹദ്,മുഹ്സിൻ,റഹീന എന്നിവർ ഗൂഢാലോചന നടത്തി, ആയുധങ്ങൾ ഉപയോഗിച്ച് ലീനാമണി താമസിച്ചിരുന്ന വർക്കല അയിരൂർ കളത്തറ എം.എസ്.വില്ലയിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.സംഭവത്തിൽ ലീനാമണിയോടൊപ്പം പരിക്കേറ്റ വീട്ടുജോലിക്കാരി സരസുവായിരുന്നു കേസിലെ പ്രധാന ദൃക്സാക്ഷി.
സംഭവ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ലീനാമണിയെയും സരസുവിനെയും അയൽവാസികൾ ചേർന്ന് വർക്കല മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും പ്രധാനപ്പെട്ട തെളിവുകളുടെ അഭാവവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.പ്രതികൾക്കുവേണ്ടി അഭിഭാഷകരായ എം.സലാഹുദീൻ,വക്കം ജോയി,വർക്കല.എസ്.സുനിൽ,വർക്കല.ജി.വിനോദ് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |