കൊല്ലം: വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി കലക്കിയൊഴിച്ച ശേഷം രണ്ട് പവന്റെ സ്വർണ്ണമാല പൊട്ടിച്ചുകടന്ന വാടകക്കാരിയായ യുവതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. മേലില നടുക്കുന്ന് ലാൽ ജംഗ്ഷന് സമീപം സിന്ധുഭവനിൽ വാടകയ്ക്ക് താമസിച്ചുവന്ന ഏഴംകുളം തേപ്പുപാറ സ്വദേശി റസീനയാണ് (36) പിടിയിലായത്. ഇതേ വീട്ടിൽത്തന്നെ താമസിക്കുന്ന വീട്ടുടമസ്ഥ തങ്കമ്മയുടെ മാലയാണ് ഇവർ അപഹരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തങ്കമ്മ കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്ന സമയം പ്ലാസ്റ്റിക് മഗ്ഗിൽ മുളകുപൊടി കലക്കിയതുമായി റസീന മുറിയിലെത്തുകയും, തങ്കമ്മയുടെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. തുടർന്ന് തങ്കമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു.
തങ്കമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ കൊട്ടാരക്കര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊട്ടാരക്കര സി.ഐ പി.ഡി. ജിജുകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം വിശദമായ തെളിവെടുപ്പ് നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനുമടക്കം കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയായ റസീന മുൻപും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏഴംകുളം തേപ്പുപാറയിലെ ഒരു ജീവകാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിലെ താമസക്കാരിയായിരുന്നു ഇവർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊട്ടാരക്കര സി.ഐ പി.ഡി. ജിജുകുമാർ, എസ്.ഐമാരായ ലയ, ഹേമന്ദ്, സജീവ്, ആതിര, ഗോപിക എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |