ലക്‌നൗ: സ്വത്തുതർക്കത്തിനിടെ പിതാവിനെ വെടിവച്ചുകൊന്ന് മകൻ. ഉത്തർപ്രദേശിലെ ഗസിയാബാദ് ജില്ലയിൽ മോദിനഗറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ബുധാനാ സ്വദേശിയായ ഹരിയോം (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹരിയോമിന്റെ മൂത്തമകൻ നിഖിലിനായി (32) തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
കർഷകനായ ഹരിയോം ഭാര്യ മീനാക്ഷിക്കും (50) മക്കളായ നിഖിലിനും നിഷുവിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. പിതാവും മകനും തമ്മിൽ ഭൂമിത്തർക്കമുണ്ടായിരുന്നതായി മീനാക്ഷി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവദിവസം രാത്രി 11 മണിയോടെയാണ് നിഖിൽ വീട്ടിലെത്തിയത്. ഈ സമയം അത്താഴത്തിനുശേഷം കട്ടിലിൽ വിശ്രമിക്കുകയായിരുന്നു ഹരിയോം.
'മദ്യപിച്ചാണ് നിഖിൽ വീട്ടിലെത്തിയത്. ഭർത്താവ് ഇത് ചോദ്യം ചെയ്തു. പിന്നാലെ തർക്കം സ്വത്തുതർക്കത്തിലേയ്ക്ക് മാറുകയും മകൻ പിതാവിനുനേരെ വെടിയുതിർക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ നിഖിൽ തോക്കുചൂണ്ടി നിൽക്കുന്നതാണ് കണ്ടത്. എന്റെ മുന്നിൽവച്ച് മൂന്നുതവണയാണ് നിഖിൽ വെടിയുതിർത്തത്. തുടർന്ന് അദ്ദേഹം നിലത്തുവീണു. ഇതിനിടെ നിഖിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു'- എന്നാണ് മീനാക്ഷിയുടെ പരാതിയിൽ പറയുന്നത്.
തുടർന്ന് അയൽക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഹരിയോമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിയോമിന് 46 ഏക്കർ സ്ഥലമുള്ളതായി ബന്ധു വെളിപ്പെടുത്തി. മോദിനഗറിൽ മൂന്ന് കടകളും സ്വന്തമായുണ്ട്. മൊത്തത്തിൽ 150 കോടി രൂപയുടെ സ്വത്തുവകകളാണ് ഹരിയോമിനുള്ളതെന്നും ബന്ധു പറഞ്ഞു.
വർഷങ്ങൾക്കുമുൻപ് സ്വത്തുവകകൾ മൂന്ന് ഷെയറുകളായി ഹരിയോം തിരിച്ചിരുന്നു. ഒരു ഷെയർ നിഖിലിനും ഒന്ന് നിഷുവിനും ഒന്ന് ഹരിയോമിനും ഭാര്യയ്ക്കും. എന്നാലിതിൽ നിയമപരമായ ഡോക്യുമെന്റേഷൻ നടത്തിയിരുന്നില്ല. തന്റെ ഷെയർ രേഖാമൂലം എഴുതിത്തരണമെന്നാവശ്യപ്പെട്ട് നിഖിൽ പിതാവുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ നിഖിലിന്റെ വിവാഹം കഴിയാതെ സ്വത്ത് എഴുതിത്തരില്ലെന്നായിരുന്നു ഹരിയോം പറഞ്ഞിരുന്നത്.
നിഖിലിനെ പിടികൂടാനായി അഞ്ച് പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി ഡിസിപി അറിയിച്ചു. തദ്ദേശീയമായി നിർമിച്ച തോക്ക് നിഖിലിന്റെ പക്കലുണ്ടായിരുന്നു. മുൻപ് തർക്കത്തിനിടെ നിഖിൽ അനുജനെ വെടിവച്ച് പരിക്കേൽപ്പിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു.
A 55-year-old man, Hariom, was shot dead by his elder son, Nikhil (32), following a property dispute in Modinagar, Ghaziabad, Uttar Pradesh, last night. Police have launched a manhunt for Nikhil, who allegedly fled after the crime. Hariom's wife filed a complaint, stating Nikhil shot his father multiple times during an argument over property documentation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |