
കൊച്ചി: കണ്ണൂർ ജില്ലയിൽ മാലപൊട്ടിക്കൽ കേസിൽ പ്രതിയായി എറണാകുളം നഗരത്തിൽ ഒളിവിൽ കഴിയുകയായിരുന്ന 18കാരനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എം.ജി റോഡിന് സമീപം ഇന്നലെ പുലർച്ചെ കമ്പിവടി ഉപയോഗിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്.
തമിഴ്നാട് സ്വദേശി മുഹമ്മദ് ഷിബിലിയാണ് അറസ്റ്റിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ഇന്നലെ പുലർച്ചെ 3.30ന് സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കണ്ണൂർ സ്വദേശി ഇന്ദ്രജിത്തിനെയും സുഹൃത്ത് കാർത്തിക്കിനെയുമാണ് ഇരുമ്പ് വടിക്ക് ആക്രമിച്ചത്. എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാർ അനസ്, സുബോധ്, സീ നിയർ സി.പി.ഒമാർ ദീപു, പ്രശാന്ത് ബാബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ ഇന്നലെ രാത്രി തളിപ്പറമ്പ് പൊലീസിന് കൈമാറി. ആക്രമണത്തിൽ കഴുത്തിനും കൈക്കും പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |