
കുമളി:സുരക്ഷാജീവനക്കാരെ ആക്രമിച്ചശേഷം തമിഴ്നാട് തേനി ആണ്ടിപ്പെട്ടിയിലെ സബ്ജയിലിൽ നിന്ന് 17 വിചാരണ തടവുകാർ ചാടിപ്പോയി. ഇതിൽ നാല് പേരെ ജയിലിന് സമീപത്തെ കാട്ടിൽ നിന്ന് പിടികൂടി. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കേരള-തമിഴ്നാട് അതിർത്തിലെ ചെക്പോസ്റ്റുകളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വാഹനപരിശോധനയും ശക്തമാക്കി. ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്.
17പ്രതികളും ഒരു സെല്ലിലായിരുന്നു. സുരക്ഷയ്ക്കുണ്ടായിരുന്ന നാല് പൊലീസുകാരെ ആക്രമിച്ചാണ് രക്ഷപ്പെട്ടത്. ഒരാൾക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസുകാർ സെല്ലിനുള്ളിൽ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ തങ്കപാണ്ടി എന്ന പൊലീസുകാരൻ ആശുപത്രിയിലാണ്. മറ്റു രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ജയിൽ ചാടിയവരിൽ ഏറെയും
വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണെന്നാണ്
വിവരം. എല്ലാവരും തമിഴ്നാട്ടുകാരാണ്.
ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഉൾപ്പെടെ കൈമാറിയതായി പൊലീസ് അറിയിച്ചു.
രക്ഷപ്പെട്ടവർക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 17 സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് തമിഴ്നാട് സൗത്ത് സോൺ ഐ.ജി.വിജയേന്ദ്രബിദാറി പറഞ്ഞു. വർഷനാട് വനമേഖലയിൽ വ്യാപകപരിശോധന നടക്കുന്നുണ്ട്. ജയിലിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് വനമേഖല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |